തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കൊവിഡ് കേസുകൾ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്. ക്വാറന്‍റെെൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദേശങ്ങൾ ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹോം ക്വാറന്‍റെെനാണ് സർക്കാർ സംവിധാനത്തേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോൾ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ക്രോഡീകരിക്കാനും മുൻകരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകൾ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഏറ്റവും കരുത്തുറ്റ കാലഘട്ടമായിരുന്നു കഴിഞ്ഞ് നാലു വർഷത്തേത്. പകർച്ചവ്യാധിയും പ്രളയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. മുഖ്യമന്ത്രിയുടെ നല്ല ഭാവനയും ധീരതയും ലോകം മുഴുവൻ ചർച്ച ചെയ്യുകയാണ്. നമ്മൾ പ്രതിസന്ധിഘട്ടം നടന്നില്ല.എന്നാൽ കേരളം കൊവിഡിനെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ആരോഗ്യമന്ത്രി കൂട്ടിചേർത്തു.