covid

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ സ്വദേശിനി ആമിന(53) ആണ് മരിച്ചത്. അർബുദം മൂലം വൃക്കയും തലച്ചോറും തകരാറിലായിരുന്നു. ദീർഘകാലമായി വിദേശത്ത് താമസിച്ചിരുന്ന ആമിന ഇരുപതാം തീയതിയാണ് കൊച്ചി വിമാനം വഴി നാട്ടിലെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

ഇരുപതാം തീയതി ദുബായിൽ നിന്ന് മടങ്ങിയെത്തിയ ആമിന ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തൊട്ടടുത്ത ദിവസം തന്നെ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. കാന്‍സര്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ബാധിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കൊവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.

ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്. ആമിനയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണ്. അതേസമയം കോഴിക്കോട് തന്നെ കൊവിഡ് ബാധിച്ച അറുപത്തിമൂന്നുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.