kollam

കൊല്ലം: യുവതി കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്നറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിൽ. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്.

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിൽ വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂർവാണെന്ന് റൂറൽ എസ്‌.പി ഹരിശങ്കർ പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തിൽനിന്നു പാമ്പിനെ വാങ്ങിയത്.

സൂരജും പാമ്പ് പിടിത്തക്കാരൻ സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നല്‍കി കല്ലുവാതുക്കല്‍ സ്വദേശി സുരേഷില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സൂരജ് ഫെബ്രുവരി 26ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്.

ഉത്രയെ കൊത്താൻ ഫണം വിടർത്തി മൂർഖൻ ആഞ്ഞ് കൊത്തുമ്പോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു. പാമ്പിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പാമ്പ് സൂരജിന് നേരെ തിരിഞ്ഞു. തുടർന്ന് ഭിതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലിൽ നേരം കഴിച്ചുകൂട്ടി. സാധാരണ എട്ട് മണിയ്ക്ക് ഉണരുന്ന സൂരജ് സംഭവ ദിവസം ആറ് മണിയോടെ ഉത്തരയുടെ ബന്ധുക്കളെ വിളിച്ച് ഉത്തരയെ പാമ്പ് കടിച്ച വിവരം അറിയിക്കുകയും മുറിയിൽ നിന്നും മൂർഖനെ തല്ലിക്കൊല്ലുകയും ചെയ്തു.

അഞ്ചൽ പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്രയുടെ ബന്ധുക്കൾ നേരിയ സംശയങ്ങൾ പറഞ്ഞിരുന്നു. എന്നാൽ പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്തരയുടെ മാതാപിതാക്കൾ റൂറൽ എസ്.പി ഹരിശങ്കറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേൾവിയില്ലാത്ത കൊലപാതകം തെളിഞ്ഞത്. ഇന്നലെ വൈകിട്ടോടെ സൂരജ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. എന്നാൽ വീടിന് ഇരുന്നൂറ് മീറ്റർ ചുറ്റളവിൽ പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാൽ അധികം വൈകാതെ കസ്റ്റഡിയിലെടുത്തു.