മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകി സംവിധായകൻ വി.എ ശ്രീകുമാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് സംബന്ധിച്ച് ശ്രീകുമാർ സൂചന നൽകിയത്. താനും തന്റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ചുള്ള റിസർച്ചിലാണ് എന്ന് ശ്രീകുമാർ കുറിച്ചു.. അദ്ദേഹത്തെക്കുറിച്ച് ശത്രുതാപരമായി നിരവധി കഥകൾ പ്രചാരത്തിലുണ്ടെന്നും ഇതെല്ലാം ഒരു ദിവസം തിരുത്തപ്പെടേണ്ടതാണെന്നും ശ്രീകുമാർ പറയുന്നു.
പിണറായി വിജയനെക്കുറിച്ചുള്ള സിനിമ ഒരുക്കുന്നതായി നേരത്തെയും വാർത്തകൾ ഉണ്ടായിരുന്നു, പിണറായി വിജയന്‍റെ രൂപസാദൃശ്യമുള്ള മേക്കോവറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു കണ്‍സെപ്റ്റ് പോസ്റ്ററാണ് അന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 'ദി കൊമ്രേഡ്' എന്നായിരുന്നു പോസ്റ്ററില്‍ സിനിമയുടെ പേര്. എന്നാല്‍ ഇത് വളരെ മുന്‍പേ ആലോചിച്ച പ്രോജക്ട് ആണെന്നും കണ്‍സെപ്റ്റ് സ്കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു ശ്രീകുമാറിന്‍റെ പ്രതികരണം. പിറന്നാൾ പോസ്റ്റിലെ കൊമ്രേഡ് എന്ന ഹാഷ്ടാഗും സിനിമയിലേക്കാണ് വിരൽ ചൂണ്ടുന്നത്..
വി.എ. ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എൻ്റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തിൽ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകൾ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവ, തിരുത്തപ്പെടേണ്ടതുണ്ട്.
പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയൻ. ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിൻ്റെ ശൈലി.
അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്...
പിറന്നാൾ സലാം
#കോമ്രേഡ്