hong

ലോകംമുഴുവനും കൊവിഡ് മഹാമാരിയെ നേരിടാൻ വഴികളാലോചിക്കുമ്പോഴും തങ്ങളുടെ അധീശത്വമേഖലകളിലെ സ്വാധീനം നഷ്ടപ്പെടാതിരിക്കാൻ നിരന്തരം സമ്മർദ്ദങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. അതിന് ഏറ്റവുമധികം ഇരയാകുന്നതോ ഹോങ്കോംഗും. എന്താണ് ചൈനയ്ക്കും ഹോങ്കോംഗിനും ഇടയിലെ പുതിയ സങ്കീർണതകൾ......

കൊവിഡിന്റെ പേരിൽ ലോകരാജ്യങ്ങളുടെ മുഴുവൻ വിമർശനം നേരിടുന്നതിനിടയിലും ചൈന അവരുടെ രാഷ്ട്രീയനീക്കങ്ങൾ തുടരുകയാണെന്നാണ് ഹോങ്കോംഗിന് മേലുള്ള പുതിയ നിയമനിർമാണം കൊണ്ട് അർത്ഥമാക്കുന്നത്. ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം പൂർണമായും കവർന്നെടുക്കുന്ന ദേശീയ സുരക്ഷാ നിയമമാണ് ചൈനയുടെ പുതിയ തുറുപ്പുചീട്ട്. രാജ്യദ്രോഹം, കൂറുമാറ്റം, അട്ടിമറി പ്രവർത്തനം തുടങ്ങിയവ വിലക്കുന്നതായിരിക്കും നിയമം. ഇതിലെ ഏറ്റവും വലിയ അട്ടിമറി,​ ഹോങ്കോംഗ് ഭരണകൂടത്തെ മറികടന്ന് ചൈനീസ് സർക്കാരിന് നടപടികളെടുക്കാൻ അധികാരം നൽകുന്നു എന്നതുതന്നെ. ഹോങ്കോംഗ് ചൈനയുടെ ഭാഗമാണ്. എന്നാൽ ഹോങ്കോംഗിന് അതിന്റെതായ രാഷ്ട്രീയ, നിയമ സംവിധാനമുണ്ട് താനും. ഇത് സങ്കീർണമാണ്. ആ സങ്കീർണതയെ തങ്ങളുടെ നിയന്ത്രണം വർദ്ധിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് ചൈനയുടേത്. ഹോങ്കോംഗിന്റെ നിലനിൽപ്പ് തന്നെ ഒരു രാജ്യം, രണ്ട് സംവിധാനം എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഇല്ലാതായി പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായാൽ ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ഹോങ്കോംഗിന്റെ സ്വയം ഭരണത്തിന് അർത്ഥമില്ലാതാകുകയും ചെയ്യും. എന്നാൽ,​ ഹോങ്കോംഗിന്റെ രക്ഷയ്ക്കുവേണ്ടിയാണ് തങ്ങൾ ഈ പാടുപെടുന്നതെന്ന് വരുത്തിത്തീർത്ത് രക്ഷകരുടെ കുപ്പായമണിഞ്ഞാണ് ചൈനയുടെ നിൽപ്.

ഹോങ്കോംഗിനുമേൽ ചൈന തങ്ങളുടെ അപ്രമാദിത്തം അരക്കെട്ടുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്നത് ഇതാദ്യമായല്ല. അപ്പോഴൊക്കെ ഹോങ്കോംഗിലെ വലിയ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കുമുന്നിൽ തലകുനിച്ച് ചൈനയ്ക്ക് പിന്തിരിയേണ്ടിവന്നിട്ടുണ്ട്. ഹോങ്കോംഗ് ഭരണകൂടവും ചീഫ് എക്സിക്യൂട്ടീവും ഉൾപ്പെടെ ചൈനയുടെ കളിപ്പാവകളായിരുന്നിട്ടും അവിടെ ജയിക്കാൻ ചൈനയ്ക്ക് ചില്ലറപണിയൊന്നുമല്ല എടുക്കേണ്ടിവരുന്നത്. ചൈനീസ് സർക്കാരിനെതിരായ ദേശദ്രോഹം, കൂറുമാറ്റം, അട്ടിമറി എന്നിവ തടയാൻ ഹോങ്കോംഗ് നിയമം കൊണ്ടുവരണമെന്ന് ചൈനീസ് ഭരണഘടനയുടെ 23-ാം ആർട്ടിക്കിളിൽ പറയുന്നുണ്ട്. എന്നാൽ,​ ഹോങ്കോംഗ് ബ്രിട്ടീഷ് കോളനിയല്ലാതായി 23 വർഷം കഴിഞ്ഞിട്ടും നിയമം പാസായില്ല. 2003-ലാണ് ഈ നിയമം പാസാക്കാൻ അവസാനമായി ശ്രമമുണ്ടായത്. അന്ന് നഗരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. 2014ൽ അരങ്ങേറിയ അംബ്രല്ല റവല്യൂഷനാകട്ടെ, ജനാധിപത്യ പരിഷ്കാരങ്ങൾ ഹോങ്കോംഗിൽ ചൈന നടപ്പിലാക്കുന്നില്ല എന്ന കാരണത്താലായിരുന്നു. ഓരോതവണയും ഹോങ്കോംഗിനെ പൂർണമായും ഉള്ളംകൈയിലാക്കാനായി കാത്തുകാത്തിരുന്ന് ചൈനയ്ക്ക് ക്ഷമ നശിച്ചിട്ടുണ്ടാകണം.

ഹോങ്കോംഗിനെ വരുതിയിലാക്കാൻ കഠിനപരിശ്രമം നടത്തിയ ചൈന വിറച്ചുപോയ വർഷമാണ് 2019. ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭങ്ങളിലൊന്നിനായിരുന്നു കഴിഞ്ഞനൂറ്റാണ്ടിലെ അവസാനവർഷം സാക്ഷിയായത്. കുറ്റവാളികളെ ചൈനയ്‍ക്ക് കൈമാറാനുള്ള നിയമത്തിനെതിരെ തുടങ്ങിയ പ്രതിഷേധം,​ പിന്നീട് ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടമായി മാറി. വിദ്യാർത്ഥികളടങ്ങുന്ന യുവജനങ്ങളായിരുന്നു പ്രക്ഷോഭത്തിന്റെ മുന്നണി പോരാളികൾ. പ്രായമായവരും കുട്ടികളും സ്ത്രീകളുമെല്ലാം തെരുവിലിറങ്ങി. ഹോങ്കോംഗിന് സമ്പൂർണ സ്വാതന്ത്ര്യം വേണമെന്നും ചൈനയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇത്തവണയും കൊവിഡ്കാലമാണെന്ന് പോലും വകവയ്ക്കാതെ ആയിരക്കണക്കിന് ഹോങ്കോംഗ് ജനാധിപത്യവാദികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ തങ്ങളുടെ സ്വതന്ത്രജീവിതത്തിന് മൂക്കുകയറിടുന്ന ഭരണപരിഷ്കാരങ്ങളെ എതിർക്കുകയാണ് പ്രധാനമെന്ന് അവർ കരുതിയിട്ടുണ്ടാകണം. പതിവുപോലെ കണ്ണീർവാതകവും കുരുമുളക് സ്പ്രേയുമായി പൊലീസ് പിന്നാലെയുണ്ട്.

ഹോങ്കോംഗ് എങ്ങനെ ഇങ്ങനെയായി?

ക്വിംഗ് രാജവംശത്തിന്റെ ഭരണകാലം വരെ ഹോങ്കോംഗ് ചൈനയുടെ കീഴിലായിരുന്നു. 1842-ലെ നാങ്കിംഗ് ഉടമ്പടിയെത്തുടർന്ന് ദ്വീപിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിട്ടുകൊടുത്തു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997-ലാണ് ചൈനയ്ക്ക് തിരികെ കൈമാറിയത്. അതു കൈമാറുമ്പോൾ ഉള്ള വ്യവസ്ഥയായിരുന്നു മറ്റൊരു സംവിധാനത്തിൽ കീഴിലാവും ഹോങ്കോംഗ് പ്രവർത്തിക്കുകയെന്ന്. ബേസിക് ലോ എന്ന പേരിൽ അതിനൊരു വ്യവസ്ഥയുമുണ്ടാക്കി. 1984 ൽ ചൈനയും ബ്രിട്ടനും തമ്മിലുണ്ടാക്കിയ സംയുക്ത പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിലവിൽ വന്നത്. ഹോങ്കോംഗിന്റെ പ്രത്യേക രാഷ്ട്രീയ നിയമ സംവിധാനങ്ങൾ നിലനിറുത്തുമെന്നായിരുന്നു ചൈന നൽകിയ ഉറപ്പ്. 1997 മുതൽ 50 വർഷത്തേക്ക് അതിൽ ഒരു മാറ്റം വരുത്തില്ലെന്നാണ് ചൈന അന്ന് പരസ്യമായി സമ്മതിച്ചത്. അന്നുമുതൽ ചൈനീസ് ഭരണം അവസാനിപ്പിച്ച് ഹോങ്കോംഗ് സ്വയം ഭരണ പ്രദേശമായി മാറിയിരുന്നു. എന്നാൽ, ഒളിഞ്ഞും തെളിഞ്ഞുമൊക്കെ ചൈന, ഹോങ്കോംഗിന്റെ സ്വതന്ത്ര സംവിധാനത്തിൽ ഇടപെട്ടുകൊണ്ടേയിരുന്നു.

അമേരിക്കയ്ക്ക് എന്താണ് ഹോങ്കോംഗിൽ കാര്യം ?​

എല്ലാലോകരാജ്യങ്ങൾക്കുമേലും നേരിട്ടും അല്ലാതെയും ഇടപെടുന്ന അമേരിക്കയ്ക്ക് ഹോങ്കോംഗിലും അഭിപ്രായമുണ്ട്. ഹോങ്കോംഗിലെ ജനങ്ങളുടെ മനുഷ്യാവകാശം ലംഘിക്കുന്നതിനെതിരെ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിയമംപോലും പാസാക്കിയിരുന്നു.ചൈനയുമായി വ്യാപാരയുദ്ധത്തിൽ ഏർപ്പെടുന്ന അമേരിക്കയ്ക്ക് ഹോങ്കോംഗ് ഏറെ പ്രധാനമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ് ഹോങ്കോംഗ്. ചൈനയ്ക്ക് മേൽ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ അമേരിക്ക ഹോങ്കോംഗിന് ചുമത്താറില്ല. ഹോങ്കോംഗുമായുള്ള സ്വതന്ത്ര വ്യാപാരബന്ധം ഇല്ലാതാകുന്നത് അമേരിക്ക അനുവദിക്കുകയുമില്ല.