കുഞ്ചാക്കോബോബൻ എന്ന നടന് 2020യുടെ തുടക്കം വൻവിജയത്തിന്റെ വരവേൽപ്പാണ് നൽകിയത്..' അഞ്ചാം പാതിര " എന്ന മിഥുൻ മാനുവൽ തോമസ് ചിത്രം പുത്തൻ പതിറ്റാണ്ടിലെ ആദ്യ സൂപ്പർഹിറ്റായിരുന്നു..ചിത്രത്തിന്റെ നെടുംതൂണായിരുന്നു ചാക്കോച്ചൻ അവതരിപ്പിച്ച അൻവർ ഹുസൈൻ എന്ന കഥാപാത്രം.മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ലോക്ക്ഡൗൺ സംഭവിച്ചത്.ചാക്കോച്ചനുമായി സംസാരിച്ചപ്പോൾ.
കുഞ്ഞ് ഇസഹാക്ക് ജനിച്ചശേഷം ജീവിതത്തിൽ സംഭവിച്ച മാറ്റം?
മോൻ ജനിച്ചശേഷം എത്തുന്ന ആദ്യ സിനിമയായിരുന്നു വൈറസ്. മോൻ തിയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ അഞ്ചാം പാതിര ആണ് . മോൻ ജനിച്ചശേഷം ഒരുപാട് ഭാഗ്യങ്ങൾ എത്തുന്നെന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. പതിനാലു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് എനിക്കും പ്രിയയ്ക്കും അവനെ കിട്ടുന്നത്. അവൻ വന്നശേഷം ഞങ്ങൾ രണ്ടുപേരുടെയും ജീവിതത്തിൽ വലിയ മാറ്റം സംഭവിച്ചു. എന്റെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും ഏറ്റവും നല്ല കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതു ഏറ്റവും നല്ല രീതിയിൽ ആസ്വദിക്കുന്നു. ഒരുപാട് സന്തോഷവും ആശ്വാസവുമുണ്ട്.
വൻ വിജയത്തോടെയാണല്ലോ ട്വന്റി ട്വന്റിയുടെ തുടക്കം?
ഇത്രയും വലിയ വിജയം തന്നതിൽ ആദ്യം പ്രേക്ഷകരോട് നന്ദി പറയുന്നു. വലിയ സന്തോഷവും ആശ്വാസവും ഉത്തരവാദിത്വവുമാണ്
'അഞ്ചാംപാതിര"യുടെ വിജയത്തിലൂടെ അൻവർ ഹുസൈൻ എന്ന കഥാപാത്രം തന്നത്. ഇനി, വരാൻ പോവുന്ന സിനിമകൾ, കഥാപാത്രങ്ങൾ എല്ലാം' അഞ്ചാം പാതിര"യെയും അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയും വച്ചാണ് താരതമ്യം ചെയ്യുക.അതിനാൽ ഉത്തരവാദിത്വം കൂടുന്നു.
വളരെ ബാലൻസ്ഡ് ആക്ടിംഗാണ് 'അഞ്ചാം പാതിര'യിൽ കാഴ്ചവച്ചത്. കഥാപാത്രങ്ങൾ തരുന്ന വെല്ലുവിളി അനായാസേന ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?
അൻവർ ഹുസൈൻ എന്ന കഥാപാത്രത്തിന്റെ മാനറിസവും ശരീര ഭാഷയുമെല്ലാം കുറച്ചു ആധികാരികമായി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു സൈക്കോളജിസ്റ്റാണ് അൻവർ ഹുസൈൻ. കൗൺസലിംഗ് ക്ളാസെടുക്കുന്ന സീനിൽ പക്വതയാർന്ന സമീപനം കൊണ്ടുവരാൻ ആത്മാർത്ഥമായ ശ്രമം നടത്തി. ഏറ്റവും വലിയ അംഗീകാരം കിട്ടിയത് സിനിമ കണ്ട എന്റെ ഒരു ഡോക്ടർ സുഹൃത്തിൽനിന്നാണ്. അദ്ദേഹത്തിനൊപ്പം സിനിമ കണ്ട ഒരു സൈക്യാട്രിസ്റ്റ് പറഞ്ഞത്, ഒരു സൈക്യാട്രിസ്റ്റിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞുവെന്നായിരുന്നു. ആ മേഖലയിൽ ജോലി ചെയ്യുന്ന ആളിൽനിന്ന് ലഭിക്കുന്ന പ്രശംസ നടൻ എന്ന നിലയിൽ വലിയ അംഗീകാരമായി കാണുന്നു.
യുവനിരയിലെ മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകനൊപ്പം ആദ്യമാണല്ലോ?
എന്നെ ഏറെ അതിശയിപ്പിച്ച സംവിധായകനാണ് മിഥുൻ. നേരത്തേ മിഥുൻ ചെയ്ത സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായി ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലർ പ്രതീക്ഷിക്കാൻ കഴിയില്ല. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോണറാണ് ക്രൈം ത്രില്ലറെന്ന് കഥ പറയാൻ വന്നപ്പോൾ മിഥുൻ പറഞ്ഞു. അപ്പോഴും ഞാൻ ഒരു വലിയ സംഭവം പ്രതീക്ഷിച്ചില്ല. കാരണം, തമാശയും ഫീൽഗുഡും കലർന്ന സിനിമയാണ് മിഥുൻ ചെയ്തത്. മുൻധാരണകളെയെല്ലാം കാറ്റിൽ പറത്തി കഥ പറഞ്ഞു. കേട്ടപ്പോൾത്തന്നെ ത്രില്ലടിച്ചു. നമ്മൾ ഇതു ചെയ്യുമെന്ന് പറഞ്ഞു മിഥുന് കൈ കൊടുത്തു. പൂർണ സ്വാതന്ത്ര്യം മിഥുൻ തന്നു.
കുഞ്ചാക്കോ ബോബൻ എന്ന നടന് ഇത് അഭിനയജീവിതത്തിന്റെ രണ്ടാം ഘട്ടമാണോ?
മൂന്നാം ഘട്ടമാണിത്. 'അനിയത്തി പ്രാവ് "കഴിഞ്ഞു 2005ൽ ഒരു ചെറിയ ബ്രേക്കെടുത്തു. രണ്ടു വർഷത്തെ ബ്രേക്കിനുശേഷം എത്തിയ 'ട്രാഫിക് ", 'ഗുലുമാൽ" , 'എത്സമ്മ എന്ന ആൺകുട്ടി"എന്നീ സിനിമകൾ അതു വരെ ഉണ്ടായിരുന്ന റൊമാന്റിക് ഹീറോ ഇമേജ് മാറ്റാൻ സഹായിച്ചു.ഗുലുമാലിൽ ഹ്യുമർ കഥാപാത്രം, എത്സമ്മയിൽ നാടൻ, ട്രാഫിക്കിൽ നെഗറ്റീവ് ഷേഡ്. അതിനു മുമ്പു വരെ കോളേജ്, മെട്രൊ മോഡേൺ കഥാപാത്രങ്ങളാണ് വന്നതും വിജയിച്ചതും. മലയാളത്തിൽ ആദ്യമായി സ്പൂഫ് ഇനത്തിൽ 'ചിറകൊടിഞ്ഞ കിനാവുകൾ", സ്ത്രീ ശാക്തീകരണം നല്ല രീതിയിൽ അവതരിപ്പിച്ച 'ഹൗ ഒാൾഡ് ആർ യു", വ്യത്യസ്തത പുലർത്തിയ 'ടേക്ക് ഒഫ് ", പക്വതയുടെ പ്രണയം കാട്ടിയ 'രാമന്റെ ഏദൻതോട്ടം, മലയാളത്തിലെ സർവൈവൽ ത്രില്ലറായ 'വൈറസ്" എന്നീ സിനിമകളുടെ ഭാഗമായി. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് 'അഞ്ചാം പാതിര". സാധാരണ എന്റെ സിനിമയിൽ കാണുന്ന പ്രണയരംഗമില്ല. ഹ്യുമറും പാട്ടുമില്ല. ഡാർക് ചോക് ളേറ്റ് കഥയും കഥാപാത്രവും.പക്കാ, ക്രൈം സൈക്കോളജിക്കൽ ത്രില്ലറിൽ അഭിനയിക്കുന്നത് ആദ്യമാണ്. ട്വന്റി ട്വന്റിയുടെ തുടക്കത്തിൽ ആദ്യ ബ്ളോക്ക് ബസ്റ്റർ സിനിമ ഒരുക്കിയ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
'അനിയത്തി പ്രാവി'ലെ സുധിയിൽനിന്ന് 'അഞ്ചാം പാതിര'യിലെ അൻവർ ഹുസൈനിലേക്കുള്ള ദൂരം എങ്ങനെ കാണുന്നു?
സുധിയിൽനിന്ന് അൻവർ ഹുസൈനിലേക്ക് പ്രകടമായ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ചോക് ളേറ്റ് ഹീറോ ഇമേജ് മാറി ഡാർക്ക് ചോക് ളേറ്റ് ഹീറോ എന്ന രീതിയിലേക്ക് എത്തിയപ്പോൾ അതു നല്ല സിനിമയുടെ ഭാഗംകൂടിയാകുന്നുവെന്നതിൽ സന്തോഷിക്കുന്നു. 'അനിയത്തിപ്രാവ് "ആ സമയത്തെ സൂപ്പർ ഹിറ്റാണ്. 'ട്രാഫിക്' മലയാള സിനിമയെ മറ്റൊരു ദിശയിലേക്ക് മാറ്റി കൊണ്ടുപോയ ചിത്രമാണ്. 'അഞ്ചാം പാതിര" ഇതുവരെ കാണാത്ത ക്രൈം ത്രില്ലർ ശ്രേണിയിൽ എത്തിച്ചു.
ന്യുജെൻ കാലത്തും കുഞ്ചാക്കോ ബോബന് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കഴിയുന്നുണ്ടല്ലോ?
ഒാരോ സമയത്തും സിനിമയിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്ക് അനുസരിച്ചു സഞ്ചരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു കൊണ്ടാവാം ഇപ്പോഴും സിനിമയിൽ വലിയ കുഴപ്പമില്ലാതെ നിൽക്കാൻ കഴിയുന്നത്.ന്യുജെൻ താരങ്ങൾ നിലനിൽക്കുമ്പോഴും ആദ്യം പറയുന്ന പേരുകൾ മമ്മുക്കയെന്നും ലാലേട്ടനെന്നുമാണ്. ഏതു ജനറേഷനിലെ താരങ്ങൾ വന്നാലും ആളുകൾ ഇവരുടെ പേരുകൾ പറഞ്ഞശേഷമേ മറ്റുള്ളവരെപ്പറ്റി ആലോചിക്കൂ .പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനമാണ് അവർ രണ്ടുപേർക്കും. ആക്കൂട്ടത്തിൽ നല്ല സിനിമയുടെ ഭാഗമായി നിൽക്കാൻ കഴിയുന്നതിനാൽ എനിക്കും ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്. നല്ല സിനിമയിലൂടെ നല്ല കഥാപാത്രത്തിലൂടെ അതു നിലനിറുത്താൻ ശ്രമിക്കും.
സിനിമയിലെ ജയപരാജയങ്ങളെ എങ്ങനെയാണ് സ്വീകരിക്കുന്നത്?
എല്ലാ മേഖലയിലും ജയപരാജയങ്ങളുണ്ട്. അതു ഏറ്റവും സമചിത്തതയോടെ കൈകാര്യം ചെയ്ത് മുമ്പോട്ട് പോവുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. പരാജയം സംഭവിക്കുമ്പോൾ വിഷമം തോന്നും. പരാജയം വരുമ്പോൾ ഒരുപാട് നിരാശനാകുകയോ ജയം വരുമ്പോൾ അതിൽ മതിമറന്നു പോവുകയോ ചെയ്യാറില്ല.
അഭിനയ ജീവിതത്തിൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടോ?
വീട്ടുകാരുടെ, ബന്ധുക്കളുടെ, നല്ല സുഹൃത്തുക്കളുടെ, പ്രേക്ഷകരുടെ, എന്നിലെ നടൻ നന്നാവണമെന്ന് ആഗ്രഹിക്കുന്ന ആരാധകരുടെ എല്ലാവരുടെയും പിന്തുണ എപ്പോഴും ഉണ്ടായിട്ടുണ്ട്.അതിനു ഒരുപാട് നന്ദിയുണ്ട്. വരാൻ പോവുന്ന സിനിമയിലും ആ നന്ദി ഏറ്റവും നല്ല രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കണം, സാധിക്കട്ടെ. അതിനുവേണ്ടിയാണ് ശ്രമിക്കുന്നത്.
ഉദയയുടെ ബാനറിൽ അടുത്ത സിനിമ എപ്പോൾ ഉണ്ടാവും?
നല്ല കഥയും മറ്റു കാര്യങ്ങളും ഒത്തുവന്നാൽ വൈകാതെ പ്രതീക്ഷിക്കാം.
സംവിധാനം കുഞ്ചാക്കോ ബോബൻ എന്നു പ്രതീക്ഷിക്കാമോ?
ഒരിക്കലും പ്രതീക്ഷിക്കേണ്ട. എന്റെ ചിന്തയിലോ സ്വപ്നത്തിലോ ഇല്ലാത്ത കാര്യമാണത്.