നല്ല മനോഹരമായ ചുവന്ന ചുണ്ടുകൾ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നവും ചുണ്ടിലെ കറുപ്പ് നിറം തന്നെയാണ്. ചുണ്ടിലെ കറുപ്പ് നിറം മാറ്റാൻ പെടാപ്പാട് പെടുന്ന നിരവധി പെൺകുട്ടികൾ ഇന്നും നമുക്ക് ചുട്ടുമുണ്ട്. ലിപ്സ്റ്റിക്ക് ഇതിനൊരു പരിഹാരമായിരിക്കാം എന്നാൽ അതിലുമുണ്ട് നിരവധി പ്രശ്നങ്ങൾ, ചിലർക്ക് ലിപ്സ്റ്റിക്കിടുന്നതിന് താൽപര്യം ഉണ്ടാകില്ല.
അതുകൊണ്ടാണ് പലരും മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിച്ച് എങ്ങനെ ചുണ്ടുകൾ കൂടുതൽ ആകർഷകമാക്കാം എന്ന് അന്വേഷിക്കുന്നത്. കറുപ്പ് നിറവും കരിവാളിപ്പും മാറ്റി ചുണ്ടുകൾ കൂടുതൽ മനോഹരമാക്കാൻ ചില എളുപ്പവഴികളുണ്ട്. ചുണ്ടുകൾക്ക് സ്ക്രബ്ബ് വരണ്ട ചുണ്ടുകൾ ഒഴിവാക്കാൻ ദിവസവും സ്ക്രബ്ബ് ചെയ്യുന്നത് വളരെ നല്ലതാണ്. ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഒരു ടൂത്ബ്രഷ് ഉപയോഗിച്ച് ദിവസവും ചുണ്ടുകൾ സ്ക്രബ്ബ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകളിലെ രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
അല്പം തേനിൽ പഞ്ചസാര ചേർത്ത് അതിൽ ബ്രഷ് മുക്കി ചുണ്ടുകളിൽ അൽപനേരം സ്ക്രബ്ബ് ചെയ്യാം.
തേനിന് പകരം ഒലീവ് ഓയിലും പഞ്ചസാരയും ചേർത്തും ചുണ്ടുകളിൽ സ്ക്രബ്ബ് ചെയ്യാവുന്നതാണ്.
തുടുത്ത വലിയ ചുണ്ടുകൾ ലഭിക്കാൻ ഐസ് ക്യൂബ് ഉപയോഗിച്ച് അൽപനേരം ചുണ്ടുകളിൽ മസാജ് ചെയ്യാം.
സ്ക്രബ്ബ് ചെയ്ത ചുണ്ടുകൾ വൃത്തിയാക്കിയ ശേഷം അല്പം വെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും മികച്ച ലിപ് മോയ്സ്ചുറൈസറോ ഉപയോഗിക്കുക.
ചുണ്ടുകളിലെ കറുപ്പ് നിറം മാറ്റാൻ
ചുണ്ടുകൾക്ക് നിറം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ലിപ്സ്റ്റിക്ക് ആണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുത്ത ബീറ്റ്റൂട്ട് കഷ്ണം ചുണ്ടിൽ ഇടക്കിടക്ക് ഉരസുക. വെറുതെയിരിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുന്നത് ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.
ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറം ലഭിക്കാൻ ബീറ്റ്റൂട്ട് അരച്ചും അല്ലെങ്കിൽ നീരെടുത്തും ചുണ്ടിൽ പുരട്ടാം. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ബെറ്റാനിന്, വൾഗാസേന്തിന് എന്നിവ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നത് വഴി കരിവാളിപ്പും കറുപ്പ് നിറവും കുറയുകയും ചുണ്ടുകൾ കൂടുതൽ തിളക്കമേറിയതാകുകയും ചെയ്യും.
ചുണ്ടുകൾക്ക് കൂടുതൽ തിളക്കം നൽകാൻ ബദാം ഓയിൽ അത്യുത്തമമാണ്. ഉറങ്ങുന്നതിന് മുമ്പായി അല്പം ബദാം ഓയിൽ ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകൾക്ക് തിളക്കം നൽകാനും കൂടുതൽ നിറവും മൃദുത്വവും നൽകാനും സഹായിക്കും.
പ്രകൃതിദത്തമായി ചുണ്ടുകളെ ബ്ലീച് ചെയ്യാൻ സഹായിക്കുന്ന എല്ലാ ഘടകങ്ങളും നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഒരൽപം നാരങ്ങാനീരിൽ പഞ്ഞി മുക്കി അത് ചുണ്ടുകളിൽ മസ്സാജ് ചെയ്യുക. മൃതുകോശങ്ങളെ നീക്കാൻ നാരങ്ങാനീരിൽ അല്പം പഞ്ചസാര ചേർത്ത സ്ക്രബ്ബ് ചെയ്യുന്നതും നല്ലതാണ്. വെയിലേറ്റ കരുവാളിപ്പ് മാറ്റാൻ നാരങ്ങാനീരിൽ അല്പം ബദാം ഓയിൽ ചേർത്ത് ചുണ്ടിൽ തേക്കുക. ഇത് ചുണ്ടുകളുടെ ഇരുണ്ട നിറം മാറ്റാനും സഹായിക്കും.
ചെറിയ ഒരു ബൗളിലേയ്ക്ക് തുല്യ അളവിൽ നാരങ്ങാനീരും തേനും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ചുണ്ടുകളിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം നനഞ്ഞ ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കുക. ഇത് ദിവസത്തിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
പ്രകൃതിദത്തമായ മോയ്സ്ചുറൈസറാണ് വെളിച്ചെണ്ണ. ഇത് പുരട്ടുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവാകുകയും ചുണ്ടുകൾ വരണ്ട് പൊട്ടിപ്പോകുന്നത് തടയുകയും ചെയ്യുന്നു.
ഇരുണ്ട നിറമുള്ള ചുണ്ടുകൾ ഉള്ളവർ അൽപം വെള്ളരിക്കയുടെ നീരെടുത്ത് ചുണ്ടുകളിൽ പുരട്ടുക. ഈ നീര് ഉണങ്ങികഴിയുമ്പോൾ ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ച് ചുണ്ടുകൾ വൃത്തിയാക്കുക.
ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചുണ്ടുകളെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും.
നെല്ലിക്കാനീര് സ്ഥിരമായി പുരട്ടിയാൽ ചുണ്ടുകൾക്ക് ചുവപ്പ് നിറം ലഭിക്കും.
ചുണ്ടുകൾക്ക് തിളക്കം തോന്നിക്കാൻ വെണ്ണയോ പാൽപ്പാടയോ ഉപയോഗിക്കുന്നത് നല്ലതാണ്.
ദിവസവും കിടക്കുന്നതിന് മുൻപ് ഒലിവെണ്ണയോ ബദാം എണ്ണയോ പുരട്ടുന്നത് ചുണ്ടുകൾ മനോഹരമാക്കാൻ സഹായിക്കും.
പാൽപ്പാടയും രണ്ട് മൂന്ന് തുള്ളി പനിനീരും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ ചുണ്ട് വിണ്ട് കീറുന്നത് തടയാം.
ഓറഞ്ച്, നെല്ലിക്ക, തക്കാളി, തുടങ്ങി വിറ്റാമിന് സി അടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ചുണ്ടുകൾക്ക് നിറം നൽകും.