ബീജിംഗ്: ചൈനയുമായുള്ള ബന്ധം വഷളാക്കി അമേരിക്ക മറ്റൊരു ശീതയുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി. കൊവിഡ് വൈറസുമായി ബന്ധപ്പെട്ടതും ഹൊംഗ്കോങിലെ ചൈനീസ് ഇടപെടലും സംബന്ധിച്ച് പുറത്തുവരുന്ന വൈറ്റ്ഹൗസിന്റെ നുണകളെ തള്ളിക്കളയുന്നെന്നും വാങ് യി അറിയിച്ചു. അമേരിക്കയെ രാഷ്ട്രീയ വൈറസ് പിടികൂടിയതായി വാങ് യി പരിഹസിച്ചു.
'അമേരിക്കയിലെ ചില രാഷ്ട്രീയ കക്ഷികൾ ചൈന-അമേരിക്ക ബന്ധത്തെ നഷ്ടപ്പെടുത്തി ലോകത്തെ പുതിയൊരു ശീതയുദ്ധത്തിലേക്ക് നയിക്കുകയാണ്.' വാങ് യി പറഞ്ഞു. വ്യാപാരം, മനുഷ്യാവകാശം മുതൽ നിരവധി വിഷയങ്ങളിൽ കൊവിഡ് രോഗ ബാധ പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം രൂക്ഷമാണ്. ചൈന വൈറസിന്റെ ഉറവിടം മറച്ചുവച്ചു എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുതിയ തർക്കത്തിന് തുടക്കമിട്ടത്.