മുംബയ്: കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി അവരെ പിരിച്ചുവിടരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന ചെവികൊള്ളാതെ രാജ്യത്തെ വൻകിട കമ്പനികൾ. ഇതിലേറ്റവും പുതിയ ഉദാഹരണമാണ് റെയ്മണ്ട് കമ്പനിയുടേത്. ഏകദേശം 1100ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നതെന്നാണ് ഏറ്രവും ഒടുവിൽ കിട്ടുന്ന വിവരം.
എന്നാൽ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത് ഫെബ്രുവരി മാസത്തിൽ തന്നെ തുടങ്ങിയിരുന്നു. കമ്പനിയുടെ കടം മൂക്കറ്റമായതോടെയാണ് പുതിയ നടപടികൾ. സാമ്പത്തിക പ്രയാസവും അതിനൊപ്പം കൊവിഡ് രോഗബാധയെ തുടർന്നുള്ള ലോക്ഡൗണും ചേർന്നപ്പോൾ സ്ഥിതി കൂടുതൽ വഷളായി. ആകെ തൊഴിലാളികളുടെ 15% ആണ് 1100 പേർ. എന്നാൽ 700 പേരെ മാത്രമാണ് പിരിച്ചുവിടുകയെന്ന് കമ്പനിയുമായി ബന്ധമുള്ള കേന്ദ്രങ്ങൾ വാദിക്കുന്നു. പിരിച്ചുവിട്ട പലർക്കും പിരിഞ്ഞുപോകുമ്പോൾ നൽകേണ്ട സാമ്പത്തിക സഹായവും നൽകിയിട്ടില്ല.
മുൻപ് ഓല, സൊമാറ്റോ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളും സർക്കാർ നിർദ്ദേശം മറികടന്ന് ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു. കമ്പനിയുടെ ഷെയറുകളുടെ മാർക്കറ്റ് നിലവാരം 4193 രൂപ ആയിരുന്നു ജനുവരിയിൽ മേയിൽ ഇത് 1418 രൂപ ആയിട്ടുണ്ട്.