cherupayar-dosa

രാവിലെ ഭക്ഷണത്തിന് അരി കൊണ്ടുണ്ടാക്കുന്ന ദോശയാണ് നമ്മൾ സാധാരണ കഴിക്കുന്നത്. എങ്കിൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു ദോശ ആക്കിയാലോ നമുക്ക് ഇനി. ചെറുപയർ കൊണ്ട് ഒരു ദോശ. അതും നല്ല പച്ചനിറത്തിലുള്ള ദോശ. നിറത്തിൽ മാത്രമല്ല രുചിയിലും സൂപ്പറാണ് ഇത്. ചെറുപയർ കുതിർത്ത് അരച്ചെടുത്താണ് ഈ ദോശയുണ്ടാക്കുന്നത്. ഒട്ടും പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതൈണ്.

ചേരുവകൾ :

ചെറുപയർ: ഒരു കപ്പ്

വെള്ളം : രണ്ട് കപ്പ്

മല്ലിയില (അരിഞ്ഞത്)​ : കാൽ കപ്പ്

ഉള്ളി : ഒന്ന് അരിഞ്ഞത്

അരിപ്പൊടി : ആവശ്യത്തിന്

പച്ചമുളക് : രണ്ടെണ്ണം

എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു കപ്പ് ചെറുപയർ കഴുകി വൃത്തിയാക്കിയശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് എട്ട് മണിക്കൂർ കുതിർത്ത് വെയ്ക്കുക. അതിന് ശേഷം വെള്ളം ഊറ്റി ചെറുപയർ മാറ്റിവെയ്ക്കുക. മല്ലിയിലയും പച്ചമുളകും സവാളയും ചെറുപയറിനൊപ്പം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചമാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൽ അൽപം അരിപ്പൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ചേർത്ത് മാവിന്റെ കൊഴുപ്പ് ശരിയാക്കുക. ഒരു തവ ചൂടാക്കി അതിൽ എണ്ണ തേച്ചശേഷം ഉള്ളിയുടെ പകുതി കൊണ്ട് തവയിൽ പുരട്ടുക. ശേഷം ദോശമാവ് ഒഴിച്ച് അടച്ചുവെക്കുക. ഒരു മിനിറ്റിനുശേഷം ദോശ തിരിച്ചിട്ട് വേവിക്കുക. ചൂടോടെ ചട്നിയുടെ കൂടെ കഴിക്കാം.