ആരോഗ്യം പ്രധാനം ചെയ്യുന്നതിൽ ഒരു വലിയ പങ്ക് വഹിക്കുന്ന പച്ചക്കറിയാണ് കാരറ്റ്. അതിനാൽ തന്നെ ഇന്നും അത് നമ്മുടെ ഭക്ഷണത്തിൽ കാരറ്റിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എങ്കിൽ പിന്നെ എന്ത് കൊണ്ട് കാരറ്റിന് നമ്മുടെ വീട്ട് തോട്ടത്തിലും ഒരു സ്ഥാനം നൽകാനായി ശ്രമിച്ചുകൂട?
ഒരു ശീതകാലവിളയായതുകൊണ്ടുതന്നെ എല്ലാ കാലത്തും ഇത് കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കില്ല. എങ്കിലും തണുപ്പ് നിലനിൽക്കുന്ന കാലങ്ങളിൽ സ്വന്തം കൃഷിത്തോട്ടത്തിലും മട്ടുപ്പാവിലും കാരറ്റ് കൃഷിചെയ്യാം.
വിത്തുകൾ മുളപ്പിക്കാം
ശീതകാല പച്ചക്കറികളുടെ വിത്തുകൾ മുളപ്പിച്ചെടുക്കുകയെന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. തീരെ ചെറിയ കടുകുമണി പോലുള്ള വിത്തുകളായതിനാൽ വിത്ത് പരിചരണത്തിലും പാകി മുളപ്പിക്കുന്നതിലും മണ്ണൊരുക്കുന്നതിലും നന്നായി ശ്രദ്ധിക്കണം. നന്നേ പൊടിയായ മണ്ണ് ഉണങ്ങിയ ചാണകപ്പൊടി കൂടി കൂട്ടി തരിച്ചെടുത്ത് അത് പ്രോട്രേയിലോ തവാരണയിലോ നിരത്തിയാണ് വിത്തുകൾ പാകേണ്ടത്. വിത്തിന് മുകളിൽ അൽപം മണ്ണ് തരിച്ച് ഒരു നേർത്ത ആവരണം തീർക്കുക. തടം നനച്ച ശേഷം വിത്ത് വിതയ്ക്കുന്നത് നന്നായി മുളയ്ക്കാൻ സഹായിക്കും. ദിവസത്തിൽ ഒരിക്കൽ ചെറുതായി നനച്ചുകൊടുക്കണം. നല്ല വെയിൽ നേരിട്ട് ഏൽക്കരുത്.
തടത്തിന് മുകളിൽ ചെറിയ ചെടിയുടെ കനം കുറഞ്ഞ ഇലകൾ (പുളിയില) നിരത്തിയിട്ടോ ഓലച്ചീന്ത് ഉയർത്തിവെച്ചോ തണൽ നൽകാവുന്നതാണ്.
പറിച്ചുനടാം
നല്ല ജൈവപുഷ്ടിയും ഇളക്കവുമുള്ള മണ്ണാണ് കാരറ്റ് കൃഷിക്ക് ഉത്തമം. നടുന്ന മണ്ണ് നല്ല നീർവാഴ്ച്ചയുള്ളതും നല്ല വായു സഞ്ചാരം നിലനിൽക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ പി.എച്ച് നിലവാരം ആറിനും ഏഴിനുമിടയിലായാൽ കാരറ്റിന് ഗുണം കൂടും. പി.എച്ച് മൂല്യം കൂടിയ മണ്ണിൽ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം. നടുന്നതിന് മുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം. അതിന് ശേഷം അതിൽ സെന്റൊന്നിന് 30 - 40 കിലോ അളവിൽ കാലിവളമോ കമ്പോസ്റ്റോ ചേർത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളം ചേർത്ത് നിരപ്പാക്കിയ നിലത്ത് ഒരടി ഉയരത്തിൽ തടം കോരിയെടുക്കാം.
നീളത്തിലോ കുറുകെയോ ചാലെടുത്താണ് തൈകൾ നടേണ്ടത്. തൈകൾ തമ്മിൽ കുറഞ്ഞത് 10 സെ.മീ. അകലം അത്യാവശ്യമാണ്. മറ്റ് പച്ചക്കറി വിളകളെപ്പോലെ, കാരറ്റിനും തടത്തിൽ അൽപമെങ്കിലും ഈർപ്പം തങ്ങിനിൽക്കും വിധം നന ഒഴിവാകാതെ നോക്കണം.
എന്നാൽ, നന കൂടിയാൽ ചെടി കൂടുതൽ വളർന്ന് വിളവ് കുറയുന്നതിനിടയാകും. കൃഷിയിൽ രാസവളം ഒഴിവാക്കുമ്പോൾ വേണ്ടത്ര ജൈവവളവും മറ്റ് വളർച്ചാ ത്വരകങ്ങളും നൽകിയിരിക്കണം. ഗ്രോബാഗിലോ ചട്ടിയിലോ നടുമ്പോൾ മണ്ണ്, ചാണകപ്പൊടി, മണൽ അല്ലെങ്കിൽ ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ ചേർത്തൊരുക്കിയ മിശ്രിതം നിറച്ചതിലാണ് തൈകൾ നടേണ്ടത്. ഓരോ ബാഗിനും 50 ഗ്രാം വീതം ഡോളമെറ്റ്, വേപ്പിൻ പിണ്ണാക്ക്, പൊട്ടാഷ് എന്നിവയും ഉപയോഗിക്കാം.
രോഗങ്ങളും കീടങ്ങളും
കാരറ്റ് തുരന്ന് തിന്നു നശിപ്പിക്കുന്ന ചെല്ലിയാണ് പ്രധാന കീടം. നേരിയ തോതിൽ പോലും ഇതിന്റെ ആക്രമണം കാരറ്റിനെ കയ്പുള്ളതാക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. മുൻ വിളയുടെ അവശിഷ്ടങ്ങൾ പൂർണമായും നശിപ്പിക്കുന്നതിലൂടെ ഇതിനെ ഒരു പരിധി വരെ തടയാനാകും. കൃഷിയിടമൊരുക്കുന്നതിന് മുമ്പ് കുമ്മായമോ ഡോളമെറ്റോ ചേർക്കുക. വേപ്പിൻപിണ്ണാക്ക് അടിവളമായി ചേർക്കുക. വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുക ഇതൊക്കെ ഇതിനെതിരെ ഉപയോഗിക്കാവുന്നതാണ്.