kaumudy-news-headlines

1. ലോകം കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉള്ള യുദ്ധമുഖത്തില്‍ ആയതിനാല്‍ ആഘോഷങ്ങള്‍ ഇല്ലാതെ ആണ് സര്‍ക്കാര്‍ നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ നാലു വര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് ഏറ്റവും മികച്ച രീതിയിയില്‍ ആണെന്നും മുഖ്യമന്ത്രി. എല്ലാ പ്രതിബന്ധങ്ങളെ തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാവും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞു എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


2. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. സൂരജിന്റെ വീട്ടുകാരും വനിതാ കമ്മീഷന്റെ പ്രതി പട്ടികയിലുണ്ട്. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം പൊലീസ് കണ്ടെടുത്തു. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാര്‍ കണ്ടെടുത്തിയത്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഇതിനിടെ, സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ രംഗത്തുവന്നു. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിന് എതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ ആരോപണം. സൂരജിന് എതിരെയുള്ളത് കള്ള കേസ് ആണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചത് ആയിരിക്കും എന്നും സൂരജിന്റെ അമ്മ പറഞ്ഞു.
3. തെലങ്കാനയില്‍ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന് കിണറ്റില്‍ തള്ളിയതാണ് എന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണ്. ലോക് ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കുടുംബം ആത്മഹത്യ ചെയ്തത് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശികളായ സഞ്ജയ് കുമാറും മോഹനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്ന് പൊലീസ്. സഞ്ജയ് കുമാറിന് മക്സൂദിന്റെ മകളുമായി ബന്ധം ഉണ്ടായിരുന്നു എന്നും ഇത് തകര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതും എന്നുമാണ് പൊലീസ് ഭാഷ്യം. ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി വരാന്‍ കാത്ത് ഇരിക്കുകയാണ് പൊലീസ്.