കാലിഫോർണിയ: കൊളംബിയ സ്‌പേസ് ഷട്ടിൽ ദുരന്തം 2003ൽ ഉണ്ടായതോടെ നാസ ബഹിരാകാശത്ത് മറ്റൊരു ലോകത്തെ കുറിച്ചുള്ള പദ്ധതികൾ അവസാനിപ്പിച്ചതാണ്. ആ സമയത്താണ് അതുവരെയുള്ള ബഹിരാകാശ ഏജൻസികളുടെ പതിവ് രീതികളെ അമ്പരപ്പിച്ചുകൊണ്ട് ഇലോൺ മസ്ക് എന്ന അതിസമ്പന്നന്റെ കടന്നുവരവ്. സ്പേസ് എക്സ് എന്ന തന്റെ കമ്പനിയിലൂടെ ബഹിരാകാശ ലോകത്തെ വാണിജ്യവത്ക്കരിക്കുകയാണ് അക്ഷരാർത്ഥത്തിൽ മസ്ക് ചെയ്തത്.
2016ൽ മെക്സിക്കോയിൽ നടന്ന ബഹിരാകാശ യാത്രികരുടെ കോൺഗ്രസിൽ ചൊവ്വാ ഗ്രഹത്തിലെ വാസം സാധ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മസ്ക് പ്രഖ്യാപിച്ചു. അസംഭവ്യമെന്ന് തോന്നിയ കാര്യം നമ്മുടെ ഈ ജീവിതകാലത്ത് തന്നെ സാധ്യമാക്കുക. 'ഒരു നഗരം ചൊവ്വയിൽ സ്ഥാപിക്കുക. അവിടെ ഒരു പനിനീർചെടി നട്ട് അതിൽ പൂ വിരിയുന്നത് ലോകത്തെ കാട്ടി സ്കൂൾ കുട്ടികളെ പ്രചോദിപ്പിക്കണം.' എന്നതാണ് മസ്കിന്റെ സ്വപ്നമെന്ന് 2001ൽ അദ്ദേഹത്തോടൊപ്പം ജോലിനോക്കിയ പിന്നീട് നാസയുടെ ചൊവ്വാ ദൗത്യത്തിൽ നേതൃത്വമുണ്ടായിരുന്ന ജി. സ്കോട്ട് ഹമ്പാർഡ് ഓർക്കുന്നു.
ചരിത്രം മസ്കിനെ ഇന്ന് ലിയനാർഡോ ഡാവിഞ്ചിയെ കാണും പോലെ ഒരു പ്രതിഭയായി കാണുമെന്ന് മുൻ ബഹിരാകാശ യാത്രികനായ മൈക്കൽ ലോപസ് അൽജിരിയ പറയുന്നു. മറ്റ് നിരവധി സ്വകാര്യ ഏജൻസികളെ പോലെ സ്പേസ് എക്സും ലാഭം മുൻനിർത്തി സ്ഥാപിച്ച ഒരു ബഹിരാകാശ ഏജൻസിയാണ്. മനുഷ്യൻ എന്ന ജീവിയെ സ്പേസ് എക്സ് പദ്ധതികളിലൂടെ നിരവധി ഗ്രഹങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് ഇപ്പോൾ കാലിഫോർണിയ സർവ്വകലാശാലയിൽ ജോലി നോക്കുന്ന സ്പേസ് എക്സ് മുൻ ബഹിരാകാശ ദൗത്യ ഡയറക്ടർ ഗാരറ്റ് റെയ്സ്മാൻ പറയുന്നു.
നാസയുടെ ദൗത്യങ്ങളെ സഹായിക്കുക ആയിരുന്നു പണ്ട് സ്വകാര്യ ബഹിരാകാശ സംരംഭങ്ങളുടെ കടമ എന്നാൽ ഇന്ന് അതിലും കടന്ന് ദൗത്യം നടത്താൻ തന്നെ അവരെ സാങ്കേതികവിദ്യ സഹായിക്കുന്നു. സമഗ്രമായ പദ്ധതി വഴി സ്വയം പര്യാപ്തമായ ബഹിരാകാശ ദൗത്യമാണ് സ്പേസ് എക്സിലൂടെ മസ്ക് ലക്ഷ്യമിടുന്നത്. ഇതിനായി നടത്തുന്ന പദ്ധതികളിൽ അവരോടൊപ്പം നാസ മാത്രമല്ല മറ്റ് ഏജൻസികളുമുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നത് നിലവിൽ 6000ഓളം ജീവനക്കാരാണ്. ഇവരെ നയിക്കാൻ ശക്തമായ ആത്മവിശ്വാസത്തോടെ ഈലൻ മസ്കും.