പല നല്ല കാര്യങ്ങളുടെയും സാന്നിദ്ധ്യം നാം തിരിച്ചറിയാറില്ല. പക്ഷേ, ഒരു നിമിഷം പോലും അവയുടെ അഭാവം താങ്ങാൻ പറ്റില്ല. അതിലൊന്നാണ് പ്രാണവായു. എന്താണ് വായുവെന്ന് പറഞ്ഞാൽ പോരേ, പ്രാണവായുവെന്നു തന്നെ പറയണോ എന്നൊരു ചിന്ത മനസിലുണ്ടായേക്കാം. നമ്മുടെ മാതൃഗ്രഹത്തെ പൊതിഞ്ഞിരിക്കുന്ന അദൃശ്യമായ കവചമായ അന്തരീക്ഷത്തിൽ പ്രധാനമായും നൈട്രജനും ഓക്സിജനും അടങ്ങിയ വായു നിറഞ്ഞിരിക്കുകയാണ്. ഈ വായു ശ്വസിച്ചാണ് ജീവികളെല്ലാം പ്രാണനെ നിലനിർത്തുന്നത്. അപ്പോൾ നാം പ്രാണവായു എന്നുതന്നെ പറയണം.
നമ്മുടെ ഓരോ ചലനങ്ങളിലും നാം അറിയാതെ വായുവിനെ തള്ളിമാറ്റുകയാണ്. നടക്കുമ്പോഴും ഒരു മുറിയിൽ പ്രവേശിക്കുമ്പോഴും കസേരയിൽ ഇരിക്കുമ്പോഴുമെല്ലാം നമ്മുടെ ശരീരത്തിന് തുല്യമായ വ്യാപ്തം വായുവിനെ തള്ളിമാറ്റിയിട്ടാണ്, നാം ആ സ്ഥലം ഉപയോഗിക്കുന്നത്. അടച്ചിട്ടിരിക്കുന്ന കതക് തള്ളിത്തുറക്കുമ്പോൾ വായുവിന്റെ തള്ളൽ നമുക്ക് അറിയാൻ കഴിയും. വെള്ളം നിറഞ്ഞ ഒരു നീന്തൽകുളത്തിൽ ഇറങ്ങുമ്പോഴും നീന്തുമ്പോഴും വെള്ളത്തിനെ തള്ളിമാറ്റുന്നതുപോലെയാണ്.
അന്തരീക്ഷത്തിലും വായു നിറഞ്ഞ ഒരു സംഭരണിയിൽ നമ്മൾ മുങ്ങിക്കിടക്കുകയാണ്. അന്തരീക്ഷത്തിൽ (കരയിൽ) ജീവിക്കാൻ പാകത്തിലാണ് നമ്മുടെ ശരീരം സൃഷ്ടിച്ചിരിക്കുന്നത്; ജലജീവികൾക്ക് മറിച്ചും. വായു നമ്മുടെ ശരീരത്തിൽ ചെലുത്തുന്ന മർദ്ദം നാം ശ്രദ്ധിക്കാറില്ല, അറിയാറില്ല. പക്ഷേ, ആ മർദ്ദത്തിൽ വ്യതിയാനം വന്നാൽ, നമ്മുടെ ശരീരം പ്രതികരിക്കും; അസ്വസ്ഥത പ്രകടിപ്പിക്കും. ഭൂമിയുടെ പ്രതലത്തിൽനിന്നും ഏകദേശം 10-15 കിലോമീറ്റർ ഉയരം വരെ, വായുവിന്റെ ഘടനക്ക് സാരമായ മാറ്റങ്ങൾ കാണാറില്ലെങ്കിലും വീണ്ടും മുകളിലേക്ക് പോകും തോറും താപനിലയിലുള്ള മാറ്റവും മറ്റു കാരണങ്ങളാലും വായുവിന്റെ ഘടനയ്ക്കും സാന്ദ്രതയ്ക്കും ചെറിയ തോതിൽ മാറ്റങ്ങൾ വരുന്നു. നൂറു കിലോമീറ്റർ എത്തുമ്പോൾ വായുവിന്റെ അഭാവം ബോദ്ധ്യപ്പെടും.
നമ്മൾ ഭൂമിയിൽ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും വായുവിന്റെ മർദ്ദത്തെ അതിജീവിച്ചാണ് ചലിക്കുന്നത്. വായുവിനെ തള്ളിമാറ്റി, വേഗത കൂട്ടാൻ ഊർജം ചെലവഴിക്കുന്നു. ഊർജം നൽകുന്ന ഇന്ധനങ്ങൾ കത്തിക്കാനാവശ്യമായ ഓക്സിജൻ വായുവിൽ നിന്ന് ആവശ്യാനുസരണം വലിച്ചെടുക്കുന്നു. വിമാനങ്ങളും ഇപ്രകാരമാണ് പ്രവർത്തിക്കുന്നത്. എന്നാൽ, നൂറുകിലോമീറ്ററിലധികം ഉയരത്തിൽ പോകുന്ന റോക്കറ്റുകൾക്ക് ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്സിജൻ അടങ്ങിയ രാസപദാർത്ഥം കൂടി സംഭരിച്ചിരിക്കണം. ഇന്ധനവും ഓക്സിജൻ നൽകുന്ന രാസപദാർത്ഥവും കൂടിയുള്ള റോക്കറ്റിന്റെ ഊർജദായിനിയെ പ്രൊപ്പല്ലന്റ് എന്നു പറയുന്നു. എല്ലാ വാഹനങ്ങൾക്കും വായുവിനെ തള്ളിമാറ്റി അന്തരീക്ഷ മർദ്ദത്തെ അതിജീവിക്കാൻ ഊർജം വേണം. ഈ ഊർജം ലാഭിച്ചാൽ അതും കൂടി വേഗത കൂട്ടാൻ ഉപയോഗിക്കാം. അതുകൊണ്ടാണ് വായു മാറ്റിയ ശൂന്യക്കുഴലുകളിലൂടെ അതിവേഗ വാഹനങ്ങൾ ഓടിക്കാൻ കഴിയുന്നത്. പ്രാണവായുവെന്നതിലുപരി, വായു മറ്റുപല വിധത്തിൽ നമുക്ക് സഹായകരമാണ്. താപ ഊർജ ഉത്പാദനത്തിന് ഇന്ധനങ്ങളുടെ ജ്വലനസഹായിയായും കാറ്റിൽനിന്നും ഊർജം ഉൽപാദിപ്പിക്കാനും സസ്യങ്ങളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും ശീതോഷ്ണാവസ്ഥയെ ക്രമീകരിച്ച് ജീവനെ നിലനിർത്താനും താപനിലയിലെ മാറ്റങ്ങൾ അനുസരിച്ച് നീരാവിയെ ഉൾക്കൊണ്ട് അന്തരീക്ഷത്തിൽ കാറ്റ് സൃഷ്ടിച്ച് മഴമേഘങ്ങളെ ചലിപ്പിക്കാനും... അങ്ങനെ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാവശ്യമായ പലതും നടക്കുന്നത് വായുവിന്റെ സാന്നിദ്ധ്യം മൂലമാണ്.
ജീവികളുടെ ആരോഗ്യത്തിന് ഹാനി ഉണ്ടാക്കുന്ന, ഉപദ്രവകാരികളായ വാതകങ്ങളും പൊടിപടലങ്ങളും അനുവദനീയമായ അളവിൽ കൂടുതൽ വായുവിൽ നിലനിൽക്കുമ്പോൾ, മലിനീകരണം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ജീവൻ നിലനിർത്താൻ പ്രാണവായു അത്യാവശ്യമാണ്. അതുകൊണ്ട് പ്രാണവായുവിന്റെ പരിശുദ്ധി നിലനിർത്താൻ എല്ലാവരും കൂടി ശ്രമിക്കേണ്ടിയിരിക്കുന്നു. കുടിക്കാനുള്ള ദാഹജലം കുപ്പികളിലാക്കിക്കൊണ്ട് നടക്കുംപോലെ ശ്വസിക്കാനുള്ള ഓക്സിജൻ സിലിണ്ടറിൽ കൊണ്ടുനടക്കേണ്ട ഗതികേട് വരാതിരിക്കാനുള്ള മുൻകരുതലുകൾ അത്യാവശ്യമാണ്. വായുവിനെ മലിനീകരിക്കുന്ന പ്രധാനപ്പെട്ടവ - കാർബൺ മോണാക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ തുടങ്ങിയ കാർബൺ വാതകങ്ങളാണ്. ഒരു പരിധിവരെ, ശ്വാസകോശത്തിലെ ജീവകോശങ്ങൾ ഈ വിഷവാതകങ്ങളെ മാറ്റിയശേഷമാണ് ഓക്സിജനെ രക്തത്തിലേക്ക് ലയിപ്പിക്കുന്നത്. എന്നാൽ, കാർബൺ മോണോക്സൈഡ് രക്തത്തിൽ എളുപ്പം കലരുന്നതിനാൽ കൂടുതൽ ഉപദ്രവകാരിയാണ്. ഇതിനെ പൂർണമായി വേർതിരിക്കാൻ ശ്വാസകോശത്തിന് കഴിവില്ല താനും. അതുകൊണ്ടാണ് വാഹനങ്ങളുടെ പുകയിൽ കാർബൺ മോണാക്സൈഡിന്റെ അളവ് കൂടാൻ പാടില്ലെന്ന നിയന്ത്രണം കർശനമായി പാലിക്കേണ്ടത്.
വായുമലിനീകരണത്തിന്റെ പ്രധാന കാരണം ഇന്ധനങ്ങൾ ജ്വലിക്കുമ്പോഴുണ്ടാകുന്ന പുകയും വ്യവസായശാലകളിൽ നിന്നും പുറത്തു വിടുന്ന പുകയുമാണ്. പെട്രോളിയവും കൽക്കരിയും പോലുള്ള ഹൈഡ്രോ കാർബൺ കത്തിച്ച് നാം ഊർജം ഉത്പാദിപ്പിക്കുകയും വാഹനങ്ങൾ ഓടിക്കുകയും ചെയ്യുമ്പോൾ അന്തരീക്ഷത്തിൽ കാർബൺ വാതകങ്ങൾ നിറയുകയും പ്രാണവായു പ്രാണനെ നിലനിർത്താൻ കഴിവില്ലാത്തതായി മാറുകയും ചെയ്യുന്നു. ഊർജോത്പാദനത്തിന് മറ്റു മാർഗങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. സൂര്യപ്രകാശത്തിൽനിന്നും കാറ്റിൽനിന്നും തിരമാലകളിൽനിന്നും ഊർജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾക്ക് പ്രചാരമേറി വരികയാണ്. വൈദ്യുതിയും ബാറ്ററിയും ഉപയോഗിച്ചുള്ള വാഹനങ്ങൾ മാത്രമാകും നാളത്തെ റോഡുകളിൽ. കാലം കഴിയുമ്പോൾ നമ്മുടെ ഊർജ ഉപയോഗം വർദ്ധിക്കുമ്പോൾ, പ്രകൃതിയിൽ സുഭിക്ഷമായുള്ള സൂര്യപ്രകാശവും ജലവും ഉപയോഗിച്ച് വലിയതോതിൽ ഊർജം ഉത്പാദിപ്പിക്കാനുള്ള ചെലവു കുറഞ്ഞ മാർഗങ്ങൾ വന്നിരിക്കും. ജലത്തിൽ നിന്നും ഹൈഡ്രജൻ വേർതിരിച്ച് ഏറ്റവും യോജിച്ച ഇന്ധനമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
നമ്മുടെ ജീവിതരീതിയിലുള്ള ആഡംബര വസ്തുക്കളുടെ ആധിക്യവും അത്യാവശ്യമല്ലാത്ത യാത്രകളും ആഘോഷങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാം. കൊവിഡ് 19 കാലത്ത് നാം പാലിച്ചവയാണ്. വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചപ്പോൾ, വായു മലിനീകരണം വലിയ തോതിൽ കുറഞ്ഞു. രോഗങ്ങൾ പലതും അപ്രത്യക്ഷമായി. ആശുപത്രികളിൽ തിരക്കും ഒഴിഞ്ഞു. അന്തരീക്ഷ മലിനീകരണ നിലവാരത്തിൽ ലോകരാഷ്ട്രങ്ങളുമായി നോക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം ഏറ്റവും മോശപ്പെട്ട ഏഴു രാജ്യങ്ങളോടൊപ്പമാണ്. വ്യവസായശാലകളിൽ നിന്നും വിസർജിക്കുന്ന വിഷവാതകങ്ങൾ സംസ്കരിക്കാതെ പുറത്തുവിടുന്നതും കൃഷിയിടങ്ങളിലെ ജൈവ മാലിന്യങ്ങൾ നിയന്ത്രണമില്ലാതെ തുറന്ന സ്ഥലത്തിട്ട് കത്തിക്കുന്നതും പ്ലാസ്റ്റിക് തുടങ്ങിയ അജൈവ മാലിന്യങ്ങൾ അശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതും നിർമാണവസ്തുക്കളുടെ അശ്രദ്ധമായ ഉപയോഗിക്കലും നമ്മുടെ അന്തരീക്ഷത്തെ കൂടുതൽ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
നഗരവാസികളുടെ ആരോഗ്യസൗഖ്യം അവർക്ക് ചുറ്റുമുള്ള വായുവിന്റെ പരിശുദ്ധിയുടെ നിലവാരമനുസരിച്ചാണ്. നമ്മുടെ മഹാനഗരങ്ങളായ ഡൽഹിയിലെയും മുംബയിലെയും ജനങ്ങളുടെ ശ്വാസം നിലനിർത്താനുള്ള വെപ്രാളം നാം കാണുന്നുണ്ട്. സസ്യനിബിഢമായ ഉദ്യാനങ്ങളും തോട്ടങ്ങളും വായുവിലെ മാലിന്യങ്ങളെ അകറ്റാൻ പ്രകൃതി നൽകിയ വരദാനമാണ്. ബഹുനില കെട്ടിടങ്ങളിൽ പോലും ലംബരൂപത്തിലുള്ള പല തട്ടുകളായുള്ള പുഷ്പ, പച്ചക്കറിത്തോട്ടങ്ങൾ പലയിടങ്ങളിലും കാണാൻ കഴിയും. മറ്റു പല വികസിത രാജ്യങ്ങളും നിയമം മൂലം ഇത് നടപ്പിലാക്കിത്തുടങ്ങി. ഹരിതചുവരുകൾ എന്ന ആശയം വളരെ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണ്. അന്തരീക്ഷത്തിലെ മാലിന്യങ്ങളെയും വിഷവാതകങ്ങളെയും വളരെ സൂക്ഷ്മമായ പൊടിപടലങ്ങളെയും വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവ് സസ്യങ്ങൾക്കുണ്ട്. ഹരിതചുവരുകൾ വീട്ടിനു പുറത്തും അകത്തും ശുദ്ധവായുവിനെ നിലനിർത്താൻ സഹായിക്കും. തിരക്കുള്ള വീഥികളിൽ ഇരുവശവുമുള്ള നടപ്പാതകൾക്കു സമീപം മരങ്ങളും തോട്ടങ്ങളും വളർത്തേണ്ടത് കാൽനടക്കാരുടെയും ചുറ്റും താമസിക്കുന്നവരുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. കെട്ടിടത്തിനകത്തുള്ള താപനിയന്ത്രണത്തിനും ഊർജച്ചെലവ് കുറയ്ക്കാനും ശബ്ദമലീനീകരണം തടയാനും ഈ തോട്ടങ്ങൾ വളരെ സഹായിക്കും.
ഈ പ്രപഞ്ചത്തിലെ ഏറ്റവും വിലപിടിപ്പുള്ള അമൂല്യസമ്പത്തിന്റെ ജീവന്റെ ഉറവിടമാണ് ഭൂമി. അതിലെ അന്തേവാസികളായ നാം ഏറ്റവും ഭാഗ്യം സിദ്ധിച്ചവരും. ഇത്രയും വിലപിടിപ്പുള്ള ജീവനെ സംരക്ഷിക്കേണ്ടത്, ഭൂമിയെ ആവാസയോഗ്യമാക്കി നിലനിർത്തേണ്ടത് മനുഷ്യസമൂഹത്തിന്റെ കടമയാണ്. പ്രാണൻ നിലനിർത്താൻ പ്രാണവായുവിന്റെ പരിശുദ്ധിയിൽ വിട്ടുവീഴ്ച പാടില്ല. ഉപഭോഗ ആഡംബര വസ്തുക്കളുടെ ഉൽപാദനത്തിനു വേണ്ടിയുള്ള വ്യവസായശാലകളുടെ പ്രവർത്തനത്തിലും വാഹനങ്ങളുടെ അമിതതോപയോഗത്തിലും അശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുമ്പോഴും നമ്മുടെ പ്രാണവായുവിൽ വിഷം കലരുന്നുവെന്ന അവബോധം എല്ലാവർക്കും ഉണ്ടാകണം. അതനുസരിച്ച് ജീവിതരീതിയിലും പ്രവൃത്തിയിലും മാറ്റമുണ്ടാകണം. നമുക്കുചുറ്റും ചെടികളും മരങ്ങളും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കണം. ജനസംഖ്യാ വർദ്ധനവിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യം. നമുക്ക് പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന എല്ലാം, മരങ്ങളും ചെടികളും നദികളും തണ്ണീർത്തടങ്ങളും കുന്നുകളും മലകളും വിവിധ ജീവജാലങ്ങളും - തനിമയോടെ നിലനിർത്തി അവയ്ക്കിടയിൽ ഒന്നായി കഴിയുമ്പോൾ, ശുദ്ധമായ പ്രാണവായു ഇഷ്ടംപോലെ ശ്വസിക്കുമ്പോൾ നാം അനുഭവിക്കുന്ന അപൂർവ ആനന്ദമാണ് ജീവന്റെ നിർവൃതി.
(ലേഖകന്റെ ഫോൺ : 9447176476)