
ഒ എൻ വി ജയന്തി ദിനമാണിന്ന്. ഈ ജയന്തിക്ക് ഒരു പ്രത്യേകതയുണ്ട്. അത് നവതിയിലേക്കുള്ള കവാടം കൂടിയാണ്. തുടർന്ന് ജീവിച്ചിരുന്നെങ്കിൽ ഒ എൻ വി സാറിനൊപ്പം മലയാളം എത്ര മഹത്തായ വിധത്തിൽ ആ നവതി ആഘോഷിച്ചേനേ.
അങ്ങനെ ആലോചിക്കുമ്പോൾ ചെന്നെത്തുന്നത് അദ്ദേഹം ഇവിടെ നമുക്കൊപ്പം തന്നെയുണ്ടല്ലോ എന്ന തിരിച്ചറിവിലേക്കാണ്.
ഭാവോദാരങ്ങളായ കവിതകളായി, ശ്രവണസുഭഗമായ ഗാനങ്ങളായി, സുഭാഷിതസമാനമായ സ്‌നേഹവചസ്സുകളായി നമുക്കൊപ്പമല്ല, നമ്മളിൽത്തന്നെ നിറഞ്ഞുനിൽക്കുന്നുണ്ടല്ലൊ മഹാനായ ഈ കവി.
എങ്ങും പോയിട്ടില്ല. ഈ മലയാളക്കരയെ വിട്ട്, ഈ മലയാളമനസ്സിനെ വിട്ട് എവിടേക്കു പോവാൻ? മനസ്സിൽ ഒ എൻ വി സാറിന്റെ 'മുത്തച്ഛൻ' എന്ന കവിതയിലെ ഈരടികളാണു വന്നുനിറയുന്നത്.
'എവിടേക്കു പോകുവാൻ മുത്തച്ഛൻ; നമ്മെവി-
ട്ടെവിടേക്കു പോകാനാണല്ലേ ഉണ്ണീ...'
അവസാനകാല കവിതകളിലൊന്നാണിത്.
'ഇവിടെയീയുമ്മറത്തില്ലെങ്കിലും ഇവി-
ടെവിടെയോ നിന്നെന്തോ ചെയ്കയാവാം' എന്ന ഒരു തോന്നൽ വന്നു മനസ്സിൽ നിറയുന്നു.
കവിതയുടെ വെണ്ണപ്പാളി എന്ന് എടുത്തുകാട്ടാവുന്ന എത്രയെത്ര മാതൃകകളാണ് ആ കാവ്യലോകത്തുള്ളത്!
'ഒട്ടിയ മുലചപ്പി മയങ്ങിക്കിടക്കെ, കൈ
വിട്ടതുപോലേ ഞെട്ടിയടരും ഉണ്ണിക്കായ്കൾ' എന്നിടത്ത് അടരുന്ന കണ്ണിമാങ്ങയിൽനിന്ന് മുലഞെട്ടു വിട്ട് അടരുന്ന ചുണ്ടുമായി പകയ്ക്കുന്ന കുഞ്ഞിലേക്ക് മനസ്സ് എത്ര പെട്ടെന്നാണു ചെന്നെത്തുന്നത്.
'ഞാറാണെങ്കിൽ പറിച്ചുനട്ടീടണം
ഞാറ്റുവേലക്കാലമെത്തുമ്പോൾ' എന്നിടത്ത് ഞാറിൽനിന്ന്, വരികളിൽ പരാമർശിക്കപ്പെടുകയേ ചെയ്യാത്ത വിവാഹിതയാകാനിരിക്കുന്ന പെൺകുട്ടിയിലേക്ക് മനസ്സ് എത്ര വേഗത്തിലാണ് ചെന്നെത്തുന്നത്. ഇതാണ് കവിതയുടെ ഇന്ദ്രജാലസന്നിഭമായ ഭാഷ. കേവലത്വത്തിൽനിന്നും ഭാവുകത്വത്തിലേക്കുള്ള ദൂരം താണ്ടുന്ന കലാവിദ്യ. ഏതു സാഹിത്യ ശിൽപശാലയിലും എടുത്തുകാട്ടാനാവുന്ന കവിതാമാതൃകകൾ ഇങ്ങനെ എത്രയോ ഉണ്ട്..
ഒ എൻ വിയെന്നത് ഒരു ഓടക്കുഴൽ വിളിയോളം ഒഴുക്കുള്ള പേരാണ് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ലയാത്മകത പേരിൽ നിന്നു കവിതയിലേക്ക് അജ്ഞേയമായ ഏതോ മധുരിമയായി വാർന്നുവീണു. സംസ്‌കൃതിയിൽനിന്ന് എന്നുവേണ്ട പ്രാക്തന ഗോത്രസ്മൃതികളിൽ നിന്നുപോലും വേർതിരിച്ചെടുക്കാനാവാത്ത ഹൃദയഭാവധാരയാണത്. പറിച്ചെടുക്കാൻ ശ്രമിച്ചാൽ വാക്കിന്റെ വേരുകളിൽനിന്നു ചോര പൊട്ടും. അത്രമേൽ നൈസർഗ്ഗികമായ ജൈവധാരയാണത്.
തൊട്ടുണർത്തേണ്ട വിരൽത്തുമ്പിനു വേണ്ടി വിങ്ങിവിങ്ങി കാത്തുനിൽക്കുന്ന വീണാതന്ത്രിയാവുന്നു ഇവിടെ കവിതയിലെ ഓരോ വാക്കും. ഭാവഗഹനത കൊണ്ടും ദർശനഗരിമ കൊണ്ടും ഹിമവൽ ഗാംഭീര്യങ്ങൾ ആശയതലത്തിൽ ആവാഹിക്കുമ്പോഴും അതിന് അനുരോധമായ ഒരു ഭാവധാര ആ വാങ്മയത്തിൽ ഉൾച്ചേർന്നുനിന്നു. ആത്മാവിന്റെ ആന്തര സംഗീതശ്രുതികളെത്തന്നെയാണ് അനുവാചക ഹൃദയങ്ങളിലേക്കു ചേക്കേറാൻ ആ വാക്കുകൾ ചിറകാക്കിയത്; മനസ്സിന്റെ, പ്രകൃതിയുടെ, ഭൂമിയുടെ, ആകാശത്തിന്റെ, രാവിന്റെ, പകലിന്റെ, ഋതുഭേദങ്ങളുടെ ഹൃദയസംഗീതത്തെ. അതുകൊണ്ടുതന്നെയാണ് മലയാള മനസ്സുകളിൽ ആ കവിതകൾ ലയിച്ചുചേർന്നത്; ഒ എൻ വിയുടെ വാക്കുകൾ തന്നെ കടമെടുത്ത് ആരും ചോദിച്ചുപോകും: 'പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ?'
'ദുഃഖതപ്തമാവാതെയെൻ ചേതനയ്ക്കില്ലാ നാദം' എന്ന് കാവ്യജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു മാനിഫെസ്‌റ്റോയിലെന്ന വണ്ണം പറഞ്ഞുറപ്പിച്ച കവിയാണിത്. അപരനുവേണ്ടിയുള്ള കരുതൽ മനുഷ്യത്വത്തിന്റെ അടിസ്ഥാനഭാവമായി കാത്തുവെച്ചു. 'മണ്ണിന്റെയാത്മാവിൽ നിന്നും ഒരു പൊന്മുത്തെടുത്തു തരാം ഞാൻ' എന്ന് വിനയപൂർവം പറഞ്ഞ് സ്‌നേഹത്തിന്റെയും നന്മയുടെയും ഹൃദയവിശുദ്ധിയുടെയും മഹാരത്നാകരം തന്നെ തലമുറകൾക്കു കൈമാറി! നവനവങ്ങളായ അനുഭൂതികളുടെ പ്രകാശകിരണങ്ങൾ പ്രസരിക്കുന്ന കവിതകൾ! അപൂർവസുന്ദരങ്ങളായ അനുഭവകാന്തികൾ തിളങ്ങിനിൽക്കുന്ന കവിതകൾ. അവ, അതുവരെ അനുവാചക മനസ്സുകളിൽ പ്രസരിക്കാത്ത തരം അനുഭൂതികളുടെ സുഗന്ധം പടർത്തി. അതുവരെ ബോധമണ്ഡലങ്ങളിൽ പ്രകാശിതമാകാത്ത അനുഭവങ്ങളുടെ തീച്ചൂടു പടർത്തി. ഒ എൻ വിക്ക് സഹൃദയ ഹൃദയങ്ങളിൽ അനശ്വരമായ ജീവിതമുണ്ടാവുന്നതും, ഒ എൻ വി കവിതകൾക്ക് കവി എഴുതുമ്പോൾ ജനിച്ചിട്ടില്ലാത്തവരുടെ തലമുറകൾക്കിടയിൽ വരെ കാലത്തെ കടന്നുനിൽക്കുന്ന സ്വീകാര്യതയുണ്ടാകുന്നതും ഇതുകൊണ്ടാണ്.
പുലരുവാൻ എത്രയുണ്ട് എന്നറിയാത്ത രാവിന്റെ വൈകിയ യാമങ്ങളിൽ എങ്ങോനിന്ന് ഒരു തുടിനാദം ഉയരുന്നുണ്ട് എന്നു വായനാസമൂഹം മനസ്സിലാക്കുന്നു; അത് അനശ്വരമായ കവിതയുടേതാണ് എന്നും അതിൽ വേറിട്ടു കേൾക്കുന്നുണ്ട് ഒ എൻ വിയുടെ ഈരടികളാണെന്നും മനസ്സിലാക്കുന്നു. ഏതു വിഷവുമെടുത്തു പാനം ചെയ്തു പാടാനും ഏതു ചുടലക്കനലിലും ചുവടൂന്നിയാടാനും ഉണർന്നിരിക്കുന്നുണ്ട് ആ വാക്കുകളിൽ കവി എന്ന് അവർ തിരിച്ചറിയുന്നു.
'കൂരിരുട്ടിൽ നടന്നുഴറുമ്പോൾ
സൂര്യ, നീയായിരുന്നെൻ മനസ്സിൽ' എന്നും മറ്റുമുള്ള മന്ത്രതുല്യമായ വരികൾ മൃതിയിൽനിന്നു ജീവിതത്തെ വീണ്ടെടുക്കാൻ വേണ്ട അമരത്വത്തിന്റെ തേജസ്സ് തങ്ങളുടെ ഹൃദയാന്തരങ്ങളിൽ പടർത്തുന്നതിന്റെ ചൈതന്യാനുഭവം അവർ ഉൾക്കൊള്ളുന്നു.
അതേസമയം, വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാൽ ലഭിച്ചേക്കാവുന്ന മാസ്മരികമായ അംഗീകാരങ്ങളുടെ സൗവർണപ്രഭ അദ്ദേഹത്തെ തെല്ലും പ്രലോഭിപ്പിച്ചില്ല. തുടക്കത്തിലെ വിശ്വാസം ഒടുക്കം വരെയും പതാക പോലെ ഉയർത്തിപ്പിടിച്ചു. ഇതും എടുത്തുപറയേണ്ട പ്രത്യേകതയായി.
കവികൾ വരുംകാലത്തെക്കുറിച്ച് സൂചന നൽകുമെന്ന് ഒരു സങ്കൽപമുണ്ടല്ലൊ. 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ' എന്ന് കാർഷികബന്ധ നിയമം വരുന്നതിന് എത്രയോ മുമ്പ് പ്രവചനസ്വഭാവത്തോടെ എഴുതി ഈ കവി.
ഭാവുകത്വത്തിന്റെ കാര്യത്തിലും ഏതെങ്കിലും ഒരിടത്തു തളഞ്ഞുകിടന്നില്ല. 'അരിവാളും രാക്കുയിലും' എഴുതിയ ഘട്ടം. 'നാലുമണിപ്പൂക്കളും ചോറൂണും' എഴുതിയ വൈയക്തികാനുഭൂതിയുടെ മറ്റൊരു ഘട്ടം. ഭാവുകത്വ പരിണാമത്തെ അടയാളപ്പെടുത്തിയ ഇത്തരം എത്രയോ ഘട്ടങ്ങൾ കടന്നാണ് 'ഭൂമിക്കൊരു ചരമഗീത'വും 'സൂര്യഗീത'വും എഴുതുന്ന കോസ്മിക് ദർശനമാനങ്ങളുടെ ഘട്ടത്തിലേക്കു കവി എത്തിയത്! ഇതിനിടെ, കറുത്തപക്ഷിയുടെ പാട്ടുപോലുള്ള വിശ്വസാഹോദര്യത്തിന്റെ ഗീതികളുടേതായ ഘട്ടം. 'ഉജ്ജയിനി'യും 'സ്വയംവര'വും പോലുള്ള കാവ്യാഖ്യായികകളുടെ മറ്റൊരു ഘട്ടം. നിരന്തരമായ നവീകരണത്തിന്റേതായ പാതയെ അടയാളപ്പെടുത്തുന്നു ഈ ഘട്ടങ്ങൾ.
വിശ്രമമില്ലാത്ത സൂര്യന്റെ പ്രയാണഛവിയുണ്ട് സത്യത്തിൽ ഈ കാവ്യയാത്രയ്ക്ക്. നമ്മുടെ മനസ്സിൽ നവതിയിലേക്കെത്തുന്ന കവിയോട് ചങ്ങമ്പുഴയുടെ വാക്കുകൾ കടമെടുത്ത് കൃതജ്ഞതാ നിർഭരമായ മനസ്സോടെ പറയട്ടെ:
'എത്ര കാലം തപസ്സു ചെയ്താലാണെത്തിടുന്നതൊരിക്കലീ ശബ്ദം;
ഉത്തമകവേ നന്നായറിവൂ ഹൃത്തിലായതിൻ ദിവ്യമഹത്വം'.
(ലേഖനത്തിന്റെ പൂർണരൂപം വായിക്കാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക)
ലീഡ്
'ദുഃഖതപ്തമാവാതെയെൻ ചേതനയ്ക്കില്ലാ നാദം' എന്ന് കാവ്യജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ ഒരു മാനിഫെസ്‌റ്റോയിലെന്ന വണ്ണം പറഞ്ഞുറപ്പിച്ച കവിയാണിത്. അപരനുവേണ്ടിയുള്ള കരുതൽ മനുഷ്യത്വത്തിന്റെ അടിസ്ഥാനഭാവമായി കാത്തുവെച്ച കവി.ഒ എൻ വി ജയന്തി ദിനമാണിന്ന്.
****