ന്യൂയോർക്ക്: പ്രതിരോധ പ്രവർത്തനങ്ങളെ കാറ്റിൽ പറത്തി ലോകത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. ലോകമാകെ രോഗികൾ 55 ലക്ഷം കവിഞ്ഞു. അമേരിക്കയിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ്. രാജ്യത്ത് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗികൾ 16.8 ലക്ഷം കടന്നു. രാജ്യം മരണതുല്യമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഗോൾഫ് കളിച്ച് ഉല്ലസിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിർജീനിയയിലെ സ്വന്തം ഗോൾഫ് ക്ലബിലാണ് ട്രംപ് ശനിയാഴ്‍ച ഗോൾഫ് കളിക്കാനായി പോയത്. മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നില്ല. ട്രംപിനെ പിന്തുടർന്ന രഹസ്യ ഏജന്റുമാരാണ് അദ്ദേഹം ഗോൾഫ് കളിക്കുന്ന ചിത്രം പുറത്തുവിട്ടത്.
റോക്കറ്റ് വേഗതയിൽ രോഗവ്യാപനം
കൊവിഡിന്റെ പുതിയ കേന്ദ്രമായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ് ബ്രസീൽ. രോഗികൾ 3.65 ലക്ഷം. ആകെ മരണം 22,746. സ്ഥിതിഗതികൾ കണക്കിലെടുത്ത് ബ്രസീലിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്ക് താത്ക്കാലിക യാത്രാനിരോധനം ഏർപ്പെടുത്തി.
റഷ്യയിൽ ഇപ്പോഴും പ്രതിദിനം 8000ത്തിലധികം രോഗികൾ. എന്നാൽ, കൊവിഡ് രൂക്ഷമായ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്ത് മരണനിരക്ക് കുറവാണ്. ഇന്നലെ പ്രതിദിന മരണം 100ൽ താഴെയായിരുന്നു. ആകെ മരണം 3,633. രോഗികൾ 3,53,427.
വിദേശ വിനോദ സഞ്ചാരികൾക്ക് ജൂലായ് മുതൽ സ്‌പെയിനിൽ അവധിക്കാലം ചെലവഴിക്കാനായി ബുക്കിംഗ് നടത്താം. വിനോദസഞ്ചാരികൾ 14 ദിവസം ക്വാറന്റൈനിൽ പോകണമെന്ന നിയമവും രാജ്യം അവസാനിപ്പിക്കാനൊരുങ്ങുന്നു.
ഹംഗറി - സെർബിയ അതിർത്തി ഭാഗികമായി തുറന്നു.
ചൈനയിലെ നൈറ്റ് ക്ലബുകൾ തുറന്നു. രാജ്യത്ത് ഇന്ന് 11 പുതിയ കേസുകൾ
ടോക്കിയോയിലെ അടിയന്തരാവസ്ഥ നീക്കാനൊരുങ്ങി ജപ്പാൻ.
ന്യൂ സൗത്ത് വെയ്ൽസിൽ സ്കൂളുകളും ഓഫീസുകളും തുറന്നു.