ഡൽഹി: മാർച്ച് 25ന് ആരംഭിച്ച ലോക്ക് ഡൗണിൽ മറ്റെവിടെയും പോകാനില്ലാത്ത പാവങ്ങൾക്ക് ആഹാരത്തിന് പെട്ടെന്ന് വകയില്ലാതെയായി. ഈയവസരത്തിലാണ് ദിനവും നാല്പതിനായിരം അഗതികൾക്ക് ആഹാരമേകാൻ ഡൽഹി ബംഗ്ളാസാഹിബ് ഗുരുദ്വാര തീരുമാനിച്ചത്. എന്നാൽ ഈ കണക്ക് വളരെ ചെറുതാണെന്ന് മനസ്സിലാക്കി വൈകാതെ ഉൽപാദനം ഇരട്ടിയാക്കാൻ തുടങ്ങി.
തുടർച്ചയായി 18 മണിക്കൂർ അടുക്കള പണി തുടങ്ങി. ഒരു ലക്ഷത്തോളം പേരാണ് ഇവിടുന്ന് ദിനേന അന്നം തേടുന്നത്. ഗുരുദ്വാരയുടെ ഗസ്റ്റ് ഹൗസിലായി തങ്ങുന്ന നാൽപത്തിയെട്ട് പാചകതൊഴിലാളികളാണ് ഇത്രയധികം ആഹാരം ഇവിടെ പാചകം ചെയ്യുന്നത്.
സമൂഹ നന്മക്കായുള്ള ഈ പ്രയത്നത്തിന് വേണ്ടി ഇവർ ലോക്ക് ഡൗൺ ആരംഭിച്ച ശേഷം വീടുകളിലേക്ക് പോയിട്ടേയില്ല. പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന അടുക്കളയിലെ പണികൾ രാവിലെ 9 മണിയാകുമ്പോഴേക്കും 35000 പേർക്കുള്ള ഊണ് തയ്യാറായി കഴിയും. സസ്യാഹാരം മാത്രമാണ് ഇവിടെ പാചകം ചെയ്യുക. മഹാമാരികളും യുദ്ധവുമെല്ലാം വന്നപ്പോഴും ഗുരുദ്വാര അതിന്റെ അന്നം നൽകുന്ന നന്മ നിർത്തിയില്ല. നഗരത്തിലെ അഗതി കേന്ദ്രങ്ങളിൽ ഇവിടെ നിന്നുള്ള ആഹാരം ഗവണ്മെന്റ് വിതരണം ചെയ്യുന്നുണ്ട്. ബൽബീർ സിങ് ആണ് ഇവിടുത്തെ മുഖ്യ പാചകക്കാരൻ. ഡൽഹിയിലെ പ്രധാന സിഖ് പ്രാർത്ഥനാലയങ്ങളിൽ ഏറ്റവും വലുതാണ് ബംഗ്ളാസാഹിബ് ഗുരുദ്വാര.