kim-jong-un

സോൾ: രാജ്യത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. മൂന്നാഴ്ചയോളം പൊതുചടങ്ങുകളിൽനിന്നും ഔദ്യോഗിക യോഗങ്ങളിൽനിന്നും വിട്ടുനിന്ന കിം,​ ഇതോടെ വീണ്ടും സജീവമാകുന്നതായാണ് റിപ്പോർട്ടുകൾ. അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ തന്ത്രപ്രധാന മേഖലകളിൽ വിവിധ സൈനിക വിഭാഗങ്ങൾ സജ്ജരായിരിക്കണമെന്നും കിം നിർദേശിച്ചതായി കെ.സി.എൻ.എ വ്യക്തമാക്കി.

ആരോഗ്യസ്ഥിതി മോശമായി കിം മരിച്ചുവെന്ന തരത്തിൽ കഴിഞ്ഞ മാസം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈമാസം ആദ്യവാരം ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ അദ്ദേഹം പങ്കെടുത്തോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി. പിന്നെയും 20 ദിവസത്തോളം അദ്ദേഹത്തെക്കുറിച്ചു വിവരമുണ്ടായിരുന്നില്ല. അതിനിടയ്ക്കാണ് സെൻട്രൽ മിലിട്ടറി കമ്മിഷന്റെ യോഗം വിളിച്ചുചേർത്തതായി കെസിഎൻഎയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം,​ എന്നാണ് യോഗം ചേർന്നതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

വിദേശ ശക്തികളിൽനിന്നു വർദ്ധിച്ചുവരുന്ന പ്രകോപനത്തെ പ്രതിരോധിക്കാനുള്ള വഴികളും യോഗം ചർച്ച ചെയ്തു. യു.എസുമായുൾപ്പെടെ ആണവ നിർവ്യാപന കരാർ സംബന്ധിച്ചുള്ള ചർച്ചകൾ പാളിയിരിക്കുന്ന സാഹചര്യത്തിലാണ് കിമ്മിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയയ്ക്കു മേൽ യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും തുടരുകയാണ്.