jacinda-ardern
JACINDA ARDERN

വെല്ലിംഗ്ടൺ։ ടെലിവിഷൻ ചാനലിന് ലൈവ് ഇന്റർവ്യൂ നൽകുന്നതിനിടെ ഭൂകമ്പം വന്നാൽ ജാക്കി ചാനാണെങ്കിലും ഒന്ന് വിറച്ചേക്കാം. എന്നാൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആ‌ർഡന് ഇതൊന്നുമൊരു വിഷയമേയല്ല.

തിങ്കളാഴ്ച രാവിലെ ഒരു സ്വകാര്യ മാദ്ധ്യമത്തിന് പാർലമെന്റ് മന്ദിരത്തിൽ വെച്ച് അഭിമുഖം നൽകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പെട്ടെന്ന് ഒരു ഭൂചലനം അനുഭവപ്പെട്ടു. കൂടെയുള്ളവർ ഭയന്നെങ്കിലും ചെറിയൊരു പുഞ്ചിരിയോടെ ജസിന്ത സംസാരിക്കുന്നത് തുടർന്നു. പരിഭ്രമമോ ഭയമോ ആ മുഖത്ത് കണ്ടില്ല. കൂടാതെ, ഇവിടെ നല്ലൊരു ഭൂചലനമുണ്ടായെന്ന് ജസിന്ത അഭിമുഖം നടത്തിയിരുന്ന ആളോട് പറഞ്ഞു. ഒപ്പം പിന്നിലുള്ള സാധനങ്ങൾ ചലിക്കുന്നത് കണ്ടുവോ എന്നും ആരാഞ്ഞു. താൻ തൂങ്ങി നിൽക്കുന്ന ലൈറ്റുകളുടെ ചുവട്ടിൽ അല്ലെന്നും ഇവിടെ നല്ല ഉറപ്പുള്ള സ്ഥലമാണെന്നും ജസിന്ത പിന്നീട് അഭിമുഖത്തിൽ പറഞ്ഞു.

റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂകമ്പം 30 സെക്കന്റോളം നീണ്ടു. എന്നാൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ട്രെയിൻ സർവീസുകളെല്ലാം താത്ക്കാലികമായി ഭരണകൂടം നിറുത്തിവച്ചു.