മുണ്ടും അരക്കൈയൻ കൈത്തറി ജുബയും തോളിലൊരു തുണി സഞ്ചിയുമായി നടക്കുന്ന കെ. ബിനുവിനെ പലർക്കും അത്ര കണ്ട് പരിചയമുണ്ടാകില്ല. എന്നാൽ, ബിനുവിനെ പരിചിതമാക്കുന്ന മറ്റൊന്നുണ്ട്, കേരളത്തിന്റെ 'വൃക്ഷവൈദ്യൻ" എന്ന വിശേഷണം. ഏതു മരവും വെട്ടി മാറ്റാൻ കോടാലി ഉയർത്തും മുമ്പ് പുള്ളിക്കാരനെ ഒന്ന് വിളിക്കുക. കേരളത്തിന്റെ ഏതു ഭാഗത്തായാലും ബിനു ഓടിയെത്തും. മരത്തിന്റെ രോഗം കണ്ടെത്തി, വേണ്ട ചികിത്സ നൽകി, പുനർജീവിപ്പിച്ചേ കക്ഷി മടങ്ങൂ. വർഷങ്ങളായി തണലേകുന്നതും ഫലം നൽകുന്നതുമായ ഒരു മരവും വെട്ടിമാറ്റേണ്ടതല്ലെന്ന വിശ്വാസക്കാരനാണ് ബിനു. വാഴൂർ ഉള്ളായം യു.പി.സ്കൂൾ അദ്ധ്യാപകൻ. കേരള സർക്കാർ വനം - വന്യജീവി ബോർഡ് അംഗം. സംസ്ഥാന സർക്കാരിന്റെ വനമിത്ര, പ്രകൃതി മിത്ര അവാർഡ് ജേതാവ്. ജില്ലാ ട്രീ അതോറിറ്റി അംഗം ഇങ്ങനെ പലതുമാണ് ബിനു. പരിസ്ഥിതി പ്രവർത്തന രംഗത്ത് 25 വർഷത്തെ അനുഭവം. മരങ്ങളുടെ കേടുമാറ്റിയും സംരക്ഷകനായും സദാപ്രകൃതിയോട് അലിഞ്ഞ് ജീവിക്കുന്നതിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്നു. പക്ഷേ, അമ്പതുകളിലെത്തി തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന് അതിൽ തെല്ലും പരാതിയോ പരിഭവമോ ഇല്ല.
''മനുഷ്യർക്ക്, മൃഗങ്ങൾക്ക്, പക്ഷികൾക്ക് ചികിത്സ ഉള്ളതുപോലെ വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും മരങ്ങൾക്ക് ചികിത്സ ഉണ്ടായിരുന്നു. വയലിൽ നിന്നെടുത്ത ചെളി മണ്ണ്, ചിതൽപുറ്റ് മണ്ണ്, നാടൻ പശുവിന്റെ പച്ച ചാണകം, പാൽ, എള്ള്, കദളിപ്പഴം, താമര സമൂലം തുടങ്ങി പുരാണങ്ങളിലെ വൃക്ഷ ആയുർവേദ കൂട്ടുകളിൽ പെടുന്ന 12-ൽ പരം ചേരുവകൾ ചേർത്ത കൂട്ട് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നത്. "" അങ്ങനെ രക്ഷിച്ച മരങ്ങളെല്ലാം ഇന്ന് ബിനുവിന് ഏറെ പ്രിയപ്പെട്ടവയാണ്.
പ്രകൃതിയിൽ അലിഞ്ഞ ജീവിതം
മരങ്ങൾ ബിനുവിന് ജീവനാണ്, മക്കളെ പോലെ അവയെ വളർത്തണമെന്നാണ് അദ്ദേഹം പറയുന്നത്. രോഗം വന്ന മരങ്ങൾ, കൊമ്പ് ചീയൽ, വേരിന്റെ കേട്, മിന്നലേറ്റ മരങ്ങൾ, പൊള്ളൽ പറ്റിയ മരങ്ങൾ, പ്രായം ചെന്ന മരങ്ങൾ ഇവയ്ക്കെല്ലാം ബിനുവിന്റെ കൈയിൽ പ്രത്യേകം പ്രത്യേകം ചികിത്സ ഉണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 36 മരങ്ങൾക്ക് ചികിത്സ നൽകിയ ബിനുവിനെക്കുറിച്ച് 30 മിനിറ്റ് നീളുന്ന ' വൃക്ഷവൈദ്യൻ" എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങി. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ബിനു മൂന്നു വർഷക്കാലം മാങ്ങാ വണ്ടി യാത്ര നടത്തി. നാട്ടുമാവുകളുടെ ചുവട്ടിൽ കുട്ട വച്ച് അതിൽ പക്ഷികൾ, മറ്റ് ജീവികൾ, മനുഷ്യർ ഇവ ഭക്ഷിച്ച ശേഷമുള്ള മാങ്ങാണ്ടി ശേഖരിച്ച് സോഷ്യൽ ഫോറസ്ട്രിക്ക് കൈമാറുന്നതിന് ക്യാപ്ടനായി ബിനു നടത്തിയ യാത്രയായിരുന്നു ഇത്. ഇവ ജൂൺ 5 ന് പരിസിഥിതി ദിനത്തിൽ സൗജന്യമായി വിതരണം ചെയ്യാനാണ് ബിനുവിന്റെ പദ്ധതി. നാട്ടുമാവുകളുടെ ഒരു വിപ്ലവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർന്നില്ല ബിനുവിന്റെ വിശേഷങ്ങൾ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സമരമുഖങ്ങളിലെ പോരാളി കൂടിയാണ്. മരങ്ങൾക്കെതിരെ എവിടെ കോടാലി ഉയർന്നാലും അറിഞ്ഞു കേട്ട് ബിനു പാഞ്ഞെത്തും. എം.ജി സർവകലാശാല കാമ്പസ്, കോട്ടയം മെഡിക്കൽ കോളേജ്, പാലാ ടെക്നിക്കൽ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ മരങ്ങൾ മുറിക്കുന്നതിനെതിരായി സമരം സംഘടിപ്പിച്ചു, മരങ്ങളെ സംരക്ഷിക്കാൻ കോടതിയെ സമീപിച്ചു. എല്ലാം സ്വന്തം ചെലവിൽ. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന വൃക്ഷായുർവേദ ചികിത്സാരീതിയാണ് ബിനു ഇപ്പോൾ തിരികെ കൊണ്ടു വന്നിരിക്കുന്നത്.
' 'ആറ് വർഷങ്ങൾക്ക് മുമ്പ് ആലുവായിൽ ഒരു മരം കത്തിയത് ശ്രദ്ധയിൽ പെട്ടു. ഡോ. എസ് സീതാരാമൻ എന്ന പരിസ്ഥിതി പ്രവർത്തകനും ഞാനും ചേർന്ന് മരുന്ന് കൂട്ട് തേച്ചു. അന്നു മുതൽ കൂടുതൽ പഠനത്തിനായി അന്വേഷണം തുടങ്ങി. ഏറെ നാളത്തെ പരിശ്രമത്തിലൂടെ മരുന്നിന്റെ അളവ് കണ്ടെത്തുന്നതിൽ വിജയിച്ചു."" ഇങ്ങനെയാണ് ബിനു വൃക്ഷചികിത്സാരംഗത്തേക്ക് കടക്കുന്നത്. ഇതു വരെ 30 മരങ്ങളെ ചികിത്സിച്ചു. 29 എണ്ണവും രക്ഷപ്പെട്ടു. മനുഷ്യന്റെ അവയവങ്ങൾക്ക് ക്ഷതവും മറ്റും സംഭവിക്കുമ്പോൾ ആയുർവേദ ചികിത്സയിൽ മുറിവെണ്ണ തേച്ച് വച്ചു കെട്ടി ചികിത്സിച്ചു ഭേദമാക്കുന്ന അതേ രീതിയാണ് മരങ്ങളിലും നടത്തുന്നത്.
ജീവൻ നൽകിയ മരങ്ങൾ
പത്തു പുത്രൻമാർക്ക് തുല്യമാണ് ഒരു മരമെന്ന് പഴമക്കാർ പറയുന്നതിൽ തന്നെ മരത്തോടുള്ള ആദരവുണ്ട്. പക്ഷേ മനുഷ്യൻ അത് മറന്നു. ആദ്യം കോടാലി വയ്ക്കുന്നത് മരങ്ങൾക്ക് നേരേയാണെന്നത് ബിനുവിനെ ഏറെ വേദനിപ്പിക്കുന്നുണ്ട്. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ തല ഉയർത്തി നിൽക്കുന്ന പ്ലാവ് ബിനുവിന്റെ സ്നേഹവും കരുതലും പരിലാളനകളുമേറ്റാണ് ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്നത്. ഇടി മിന്നലേറ്റ ഈ പ്ലാവ് വെട്ടി മാറ്റാൻ ദേവസ്വം അധികൃതർ തീരുമാനിച്ചു. കേട്ടറിഞ്ഞെത്തിയ ബിനു പ്ലാവിന്റെ ചികിത്സ ഏറ്റെടുത്തു. തലക്ക് വട്ടെന്നു പറഞ്ഞു അന്ന് പലരും പരിഹസിച്ചു. പക്ഷേ അതൊന്നും ബിനുവിനെ തെല്ലും നിരാശപ്പെടുത്തിയില്ല. ആറുമാസം ചെറിയ കുഞ്ഞിനെ പരിലാളിക്കുന്നതുപോലെ മുഴുവൻ ശ്രദ്ധയും കൊടുത്തു സദാസമയവും നിരീക്ഷിച്ചു. ചികിത്സക്കൊടുവിൽ എല്ലാ അസ്വസ്ഥതകളും മാറ്റി ആരോഗ്യം തിരികെ പിടിക്കാൻ ആ പ്ലാവിന് സാധിച്ചു. മിന്നലേറ്റ ക്ഷീണം മാറി യൗവനം തിരിച്ചു കിട്ടിയ മരം ഇന്നും തലയുയർത്തി നിൽപ്പുണ്ടവിടെ.
വാഴൂർ എസ്.ആർ.വി കോളേജിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് വൃക്ഷങ്ങൾക്കും ആയുർവേദ ചികിത്സയിലൂടെ ബിനുവാണ് പുനർ ജന്മം നൽകിയത്. ചിറക്കടവ് ഗവ. എൽ.പി സ്കൂളിലെ ഇരുന്നൂറ് വർഷത്തോളം പഴക്കമുള്ള, ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് കരുതിയ ആഞ്ഞിലിമരത്തെയും രക്ഷപ്പെടുത്തി. തൊടുപുഴ ധന്വന്തരി വൈദ്യശാല കുടുംബ വീടിനു മുന്നിൽ നിന്നിരുന്ന 125 വർഷം പഴക്കമുള്ള നെല്ലിമരത്തിനും ആയുർവേദ ചികിത്സയിലൂടെ സുഖം നൽകി. കോട്ടക്കൽ ആര്യവൈദ്യ ശാല കുടുംബത്തിന്റെ വീട്ടു മുറ്റത്തെ വേപ്പിനും ബിനുവിന്റെ ചികിത്സ പുതുജീവനേകി.
പ്രാർത്ഥിച്ചും അന്നമൂട്ടിയും ചികിത്സ
ഔഷധക്കൂട്ടുകൾ വെള്ളം ചേർക്കാതെ കുഴച്ചെടുത്ത് മരത്തിന്റെ കേടു വന്ന ഭാഗത്ത് തേച്ചു പിടിപ്പിക്കുന്നതാണ് ബിനുവിന്റെ ചികിത്സാരീതി. ആ ഭാഗം പിന്നീട് തുണി കൊണ്ട് കെട്ടിവെക്കും. കെട്ടിവെച്ച ഭാഗം എന്നും നനക്കും. വൃക്ഷത്തിലെ ഉറുമ്പുകൾ ഉൾപ്പെടെയുള്ള ചെറു ജീവികൾക്ക് ആഹാരം നൽകിയ ശേഷമാണ് ചികിത്സ. എത്ര വലിയ പ്രശ്നമാണെങ്കിലും ആറുമാസം കൊണ്ട് വൃക്ഷങ്ങൾക്ക് ആരോഗ്യം തിരികെ ലഭിക്കുമെന്നാണ് ബിനു പറയുന്നത്.
ചെറുപ്പം മുതലേ പച്ചപ്പിനെ പ്രണയിക്കുന്ന ആളായിരുന്നു ബിനു. എന്നാൽ, കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ അവിചാരിതമായി എത്തിയതാണ് ബിനുവിനെ പരിസ്ഥിതി സംരക്ഷകനാക്കി മാറ്റുന്നത്. അവിടത്തെ കണ്ണു നനയിപ്പിക്കുന്ന കാഴ്ചകൾ ബിനുവിന്റെയും ഉള്ളുലച്ചു. അവിടന്നങ്ങോട്ട് പ്രകൃതിയാണ് എല്ലാമെന്ന് മനസിലുറപ്പിച്ച് ജീവിച്ചു. വരുതലമുറയോട് ബിനുവിന് പറയാനുള്ളതും അതാണ്. ആയുർവേദത്തോടും പരിസ്ഥിതിയോടുമുള്ള സ്നേഹമാണ് ബിനുവിനെ വൃക്ഷവൈദ്യൻ ആക്കിയത്. ഞാവൽ മരങ്ങളെ നിരനിരയായി നട്ട് വാഴൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ ഞാവൽവഴിയും ബിനുവിന്റെ നേട്ടങ്ങൾക്കൊപ്പം ചേർത്തു വയ്ക്കേണ്ടതാണ്. മരങ്ങളോട് കഥ പറഞ്ഞും പാട്ട് പാടിയും അവരെ ചികിത്സിച്ചും നടക്കുന്ന ബിനുവിന് പുതിയൊരു ആഗ്രഹം കൂടിയുണ്ട്, ഈ അനുഭവങ്ങളെല്ലാം ചേർത്ത് വച്ചൊരു പുസ്തകമെഴുതണം. അധികം വൈകാതെ അതും നടക്കുമെന്ന പ്രതീക്ഷ ബിനുവിനുണ്ട്.