കാബൂൾ: രണ്ടായിരം താലിബാൻ തടവുകാരെ വിട്ടയ്ക്കാൻ അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഘാനി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാർ വക്താവ് സാദിഖ് സിദ്ദിഖിയാണ് വിവരം അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ അറിയിച്ചത്. സമാധാന പ്രകിയയുടെ വിജയം ഉറപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്ന് സാദിഖ് പറഞ്ഞു. ഈദുൾ ഫിത്തർ കണക്കിലെടുത്ത് മൂന്നു ദിവസമായി താലിബാൻ അഫ്ഗാൻ സൈനികർക്കെതിരെ നടത്തിവന്ന വെടിവയ്പ്പ് നിറുത്തിവച്ചിരുന്നു. ഇതിനെ ഘാനി പ്രശംസിച്ചിരുന്നു. തുടർന്നാണ് തടവുകാരെ മോചിപ്പിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് അഭ്യൂഹം. നിലവിൽ 1000 താലിബാൻ തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. പകരം 300 സുരക്ഷാ സേനാംഗങ്ങളെ താലിബാനും മോചിപ്പിച്ചിരുന്നു.