hongkong

ബീജിംഗ്: ഒരിടവേളയ്ക്കുശേഷം ഹോങ്കോംഗിൽ ജനാധിപത്യപ്രക്ഷോഭം ശക്തമാകുന്നു. ഹോങ്കോംഗിന് മേൽ ദേശീയ സുരക്ഷാനിയമം കൊണ്ടുവരാൻ ചൈന ശ്രമിച്ചതോടെയാണ് ആയിരക്കണക്കിന് ജനാധിപത്യ പ്രക്ഷോഭകർ ഞായറാഴ്ച കൊവിഡ് ഭീഷണി വകവയ്ക്കാതെ തെരുവിലിറങ്ങിയത്. കണ്ണീർവാതകവും കുരുമുളക് സ്‌പ്രേയുമായി പൊലീസ് പ്രക്ഷോഭകാരികളെ നേരിട്ടു.

അട്ടിമറി, വിഘടനവാദം, 'വിദേശ ഇടപെടൽ', ഭീകരവാദം തുടങ്ങി എല്ലാ രാജ്യവിരുദ്ധ ഇടപാടുകളും തടയുന്ന ദേശീയ സുരക്ഷാ നിയമമാണ് മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് ചൈന പറയുന്നത്. എന്നാൽ രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാൻ ചൈനയിൽ ഉപയോഗിക്കുന്ന നിയമമാണ് അതെന്നാണ്‌ പ്രധാന ആക്ഷേപം. കരട് നിയമം ചൈനീസ് പാർലമെന്റ് എതിർപ്പില്ലാതെ പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമമനുസരിച്ച്,​ സ്വന്തം പൊലീസ് സേനയുള്ള ഹോങ്കോംഗിൽ ചൈനയ്ക്ക് നേരിട്ട് ഔട്ട്‌ പോസ്റ്റുകൾ സ്ഥാപിക്കാം. നിയമവിരുദ്ധമായി സംഘം ചേർന്നുവെന്ന് ആരോപിച്ച് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട 15 ജനാധിപത്യ അനുകൂല നേതാക്കളെ കഴിഞ്ഞ മാസം ഹോങ്കോംഗ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതിയ നിയമനിർമ്മാണം അത്തരം പ്രവർത്തകരെയും പ്രചാരകരെയും കൂടുതൽ ദുർബലരാക്കും എന്നാണ് കരുതുന്നത്.

ഭീഷണിയുമായി അമേരിക്ക

ഹോങ്കോംഗിനെതിരെ കൊണ്ടുവരുന്ന പുതിയ സുരക്ഷാ നിയമത്തിന്റെ പേരിൽ ചൈനയുമായുള്ള ബന്ധം വഷളാവുമെന്ന് സൂചിപ്പിച്ച് അമേരിക്ക. ഇത്തരമൊരു നീക്കം നടന്നാൽ യു.എസ് ഉപരോധം കൊണ്ടുവരുമെന്നും ഫിനാൻഷ്യൽ ഹബ്ബായ ഹോങ്കോംഗിനെ ഇത് ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.