petrol

ന്യൂഡൽഹി: ലോക്ക്ഡൗണിൽ ഇന്ധന ഉപഭോഗം കുറഞ്ഞതോടെ, കഴിഞ്ഞമാസം രാജ്യത്തെ എണ്ണക്കമ്പനികളുടെ ക്രൂഡോയിൽ സംസ്‌കരണം 2003ന് ശേഷമുള്ള ഏറ്രവും താഴ്ന്ന നിരക്കിലെത്തി. 14.75 മില്യൺ ടൺ അഥവാ പ്രതിദിനം 3.60 മില്യൺ ബാരൽ ആയിരുന്നു ഏപ്രിലിലെ സംസ്കരണം. കഴിഞ്ഞമാസം മൊത്തം ഇന്ധന ഉപഭോഗം 45.8 ശതമാനം ഇടിഞ്ഞിരുന്നു.

കൊവിഡിനെ പ്രതിരോധിക്കാൻ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ നിരത്തൊഴിഞ്ഞതും വ്യവസായശാലകൾ അടച്ചതുമാണ് കാരണം. ഉപഭോഗം കുറഞ്ഞെങ്കിലും, രാജ്യാന്തര വിലക്കുറവിന്റെ പശ്‌ചാത്തലത്തിൽ ഇറക്കുമതി കുറഞ്ഞിരുന്നില്ല. ഫലത്തിൽ, ക്രൂഡോയിൽ സംഭരിക്കാൻ സ്‌റ്രോറേജ് തികയാത്തതിനാൽ അധിക ഇന്ധനം എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിന്റെ കരുതൽ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.

കഴിഞ്ഞമാസം മൊത്തം സംഭരണശേഷിയുടെ 72 ശതമാനമാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ ഉപയോഗിച്ചത്. പ്രതിദിനം 50 ലക്ഷം ബാരലിന് സമമാണിത്. മൊത്തം സംഭരണശേഷിയുടെ 53 ശതമാനമാണ് ഏറ്റവും വലിയ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കഴിഞ്ഞമാസം ഉപയോഗിച്ചത്. ഉപസ്ഥാപനമായ ചെന്നൈ പെട്രോളിയം ഉപയോഗിച്ചത് 33 ശതമാനം. റിലയൻസ് ഇൻഡസ്‌ട്രീസ് ഉപയോഗിച്ചത് ജാം നഗർ റിഫൈനറിയുടെ 87 ശതമാനം (പ്രതിദിനം 7 ലക്ഷം ബാരൽ).

റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്രിന് കീഴിലുള്ള നയാര എനർ‌ജി ഉപയോഗിച്ചത് 85 ശതമാനം (പ്രതിദിനം നാലുലക്ഷം ബാരൽ). ഉപഭോഗത്തിന്റെ 80 ശതമാനം ക്രൂഡോയിലിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, കഴിഞ്ഞമാസം 2019 ഏപ്രിലിനെ അപേക്ഷിച്ച് 6.4 ശതമാനം കുറവ് ഉത്‌പാദനമാണ് നടത്തിയത്. 2.55 മില്യൺ ടണ്ണായിരുന്നു (പ്രതിദിനം 6.20 ലക്ഷം ബാരൽ) കഴിഞ്ഞമാസത്തെ ഉത്‌പാദനം.

എണ്ണക്കമ്പനികൾക്ക്

നികുതി ഇളവ് ?

ആഗോള എണ്ണ വിലച്ചത്തകർച്ച മൂലം വരുമാനനഷ്‌ടം നേരിടുന്ന എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. കൊവിഡ് ഭീതിക്ക് മുമ്പേ തന്നെ, ഏറ്റവും വലിയ എണ്ണ ഉത്‌പാദക രാജ്യങ്ങളായ സൗദി അറേബ്യ, റഷ്യ, അമേരിക്ക എന്നിവ തമ്മിൽ വിപണിവിഹിത തർക്കം മൂലം വില താഴേക്ക് നീങ്ങിയിരുന്നു.

 ഒ.എൻ.ജി.സി ഓരോ ബാരലിനും 10 ഡോളർവീതം നഷ്‌ടം ഇപ്പോൾ നേരിടുന്നു.

 നികുതി ഇളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

വില നിശ്‌ചലം

ആഗോളതലത്തിൽ ക്രൂഡോയിൽ വില ആടിയുലഞ്ഞെങ്കിലും ലോക്ക്ഡൗണിൽ ഉപഭോഗം കുത്തനെ കുറഞ്ഞെങ്കിലും ഇന്ത്യയിൽ ഇന്ധനവില കഴിഞ്ഞ മാ‌ർച്ച് 15 മുതൽ മാറിയിട്ടില്ല. ലോക്ക്ഡൗണിന് ശേഷമേ വില പരിഷ്‌കരിക്കാൻ സാദ്ധ്യതയുള്ളൂ.

വില ഇങ്ങനെ:

 പെട്രോൾ : ₹72.99

 ഡീസൽ : ₹67.19