japan

ടോക്യോ: അമേരിക്കയും റഷ്യയും ബ്രസീലും ഇന്ത്യയുമെല്ലാം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്ന് പ്രതിസന്ധിയിൽ മുറുകുമ്പോൾ ജപ്പാൻ അതിൽ നിന്ന് വ്യത്യസ്തമാകുകയാണ്. കൊറോണ അടിയന്തരാവസ്ഥ ജപ്പാൻ പിൻവലിക്കുകയാണ്. പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം വളരെ കുറവായതിനാൽ മറ്റ് രാജ്യങ്ങളിലെ പോലെ നിരന്തരം ടെസ്റ്രും ലോക്ഡൗൺ നീട്ടിയും കഷ്ടപ്പെടേണ്ട അവസ്ഥയല്ല നിലവിൽ രാജ്യത്ത്. റെസ്റ്രോറന്റുകൾ, ബ്യൂട്ടി പാർലറുകൾ ഒക്കെ തുറക്കാം. പൊതുജനങ്ങൾക്കും വളരെ സ്വാതന്ത്ര്യമാണിവിടെ. ജപ്പാന്റെ രോഗബാധാ കർവ് നിരപ്പായിട്ടുണ്ട് ഇപ്പോൾ. 1000ൽ താഴെ ജനങ്ങളേ രാജ്യത്ത് മരിച്ചിട്ടുള്ളൂ. മറ്റ് രാജ്യങ്ങളെ പോലെ എന്തെങ്കിലും ഒരു കാര്യം കൊണ്ടല്ല ജപ്പാൻ മികവ് പുലർത്തുന്നത്.

മാസ്ക് ധരിക്കുന്ന സംസ്കാരം വച്ചു പുലർത്തുന്നതിനാലും പൊണ്ണത്തടിയന്മാർ കുറവായതിനാലും മുതൽ സ്കൂളുകൾ നേരത്തെ തന്നെ അടക്കുവാനുള്ള തീരുമാനം വരെ രാജ്യത്തിന് ഗുണം ചെയ്തു എന്നാണ് കണക്കാക്കുന്നത്.ഒരു കാരണമല്ല ഒരുകൂട്ടം കാരണങ്ങൾ തന്നെയാണ് ജപ്പാന്റെ മുന്നേറ്റത്തിന് കാരണം. രോഗ ബാധ സംശയിച്ച ആദ്യഘട്ടം മുതൽ തന്നെ ശക്തമായ നടപടി കൈക്കൊണ്ടതായി കാണാം. ജപ്പാൻ ഭരണകൂടത്തെ പലരും കുറ്റപ്പെടുത്തുമെങ്കിലും സമ്പർക്ക പട്ടിക തയ്യാറാക്കിയവർ വഹിച്ച പങ്ക് രോഗ നിയന്ത്രണത്തിൽ പ്രധാനമാണ്. കൃത്യമായ ഇവരുടെ ഇടപെടലിലാണ് കാര്യങ്ങൾ നിയന്ത്രണത്തിലായതും ജപ്പാന്റെ വിപണി വൈകാതെ സജീവമാകാൻ കാരണമായതും.

ജപ്പാന്റെ മഹാരോഗത്തോടുള്ള ആദ്യ പ്രതികരണം പുറത്തുവന്നത് 'ഡയമണ്ട് പ്രിൻസസ്' എന്ന ജപ്പാൻ തീരത്തണഞ്ഞ കപ്പലിലെ വ്യാപക കൊവിഡ് ബാധയെ തുടർന്നായിരുന്നു. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കൃത്യമായി ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

എന്നാൽ ജപ്പാനിൽ പ്രചരിക്കുന്ന കൊവിഡ് വൈറസ് വ്യത്യസ്തമായതാകുമെന്നാണ് വിദഗ്ധാഭിപ്രായം. അധികം ആപത്കരമാകില്ല അത്. അമേരിക്കയിലെ ലോസ് അലാമോസ് ദേശിയ ലബോറട്ടറിയിൽ നടത്തിയ പഠനത്തിൽ കൊറോണ രോഹാണുവിന് ഏഷ്യയിൽ നിരവധി ഭേദങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ജപ്പാന്റെ ആരോഗ്യ സംരക്ഷണ ശീലം തന്നെയാണ് രോഗം പ്രതിരോധിക്കാൻ കാരണമായി സൂചിപ്പിക്കുന്നത്.

ഏപ്രിലിൽ രാജ്യത്ത് രോഗ ലക്ഷണമില്ലാത്തവരിൽ നടത്തിയ പരിശോധനയിൽ 7% പേരിൽ കൊറോണ വൈറസുണ്ടായിരുന്നു. എന്നാൽ അവരിൽ രോഗബാധ തീവ്രമല്ല. രോഗ വാഹകർ മാത്രമാകാം അവർ‌. ജപ്പാന്റെ അയൽരാജ്യങ്ങളായ തായ് വാനും വിയറ്റ്നാമും ഇതുപോലെ തന്നെയാണ്. തായ് വാനിൽ 7 പേർ മരിച്ചപ്പോൾ വിയറ്റ്നാമിൽ ആരും മരിച്ചിട്ടില്ല. രാജ്യത്ത് അടിയന്തിരാവസ്ഥ പിൻവലിച്ചാലും പഴയതുപോലെ ജീവിതം സാധ്യമല്ല. രണ്ടാമതൊരു വരവ് കൂടെ കൊവിഡ് വരാം എന്നുള്ള അറിയിപ്പുള്ളതിനാൽ ജാഗരൂകരാണ് ഭരണകർത്താക്കൾ. വൈറസിനൊപ്പം ജീവിക്കുക എന്നത് മാത്രമാകാം അപ്പോൾ ഏക പോംവഴി എന്ന് കരുതുകയാണ് രാജ്യത്തെ വിദഗ്ധർ.