ഹൈദരാബാദ്: വിശാഖപട്ടണത്ത് വാതക ചോർച്ചയ്ക്കിടയാക്കിയ എൽ.ജി പോളിമേഴ്‌സ് കമ്പനിയുടെ വസ്തുവകകൾ പിടിച്ചെടുക്കാൻ ആന്ധ്രാപ്രദേശ് സർക്കാരിനോട് ഹൈക്കോടതി. കോടതിയുടെ ഉത്തരവില്ലാതെ കമ്പനി ഡയറക്ടർമാരെ രാജ്യം വിടാൻ അനുവദിക്കരുത്. വാതക ചോർച്ച സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് നിയോഗിച്ച സമിതി അംഗങ്ങളല്ലാതെ മറ്റാരും കമ്പനിയുടെ ചുറ്റുവട്ടത്ത് പ്രവേശിക്കരുതെന്നും കോടതിയുടെ രണ്ടംഗ ബെഞ്ച് നിർദേശിച്ചു. എൽജി പോളിമേഴ്‌സിന് പ്രവർത്തിക്കുന്നതിന് പാരിസ്ഥിതിക അനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊതുതാത്പര്യ ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിലും വിശദീകരണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വാതക ചോർച്ചയെ തുടർന്ന് 12 പേരാണ് മരിച്ചത്.