തിരുവനന്തപുരം:സംസ്ഥാന അഗ്രികൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ( സമേതി ) ഡയറക്ടർ ജി. എസ്. ഉണ്ണിക്കൃഷ്ണൻ നായർ ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കുന്നു. കാർഷിക പത്രപ്രവർത്തനം, ശാസ്‌ത്ര രചന, ബാലസാഹിത്യം, ഡോക്യുമെന്ററി നിർമ്മാണം തുടങ്ങി വിജ്ഞാന വ്യാപന രംഗത്ത് പത്ത് ദേശീയ അവാർഡുകളും പതിനൊന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ ദേശീയ ശാസ്‌ത്ര പ്രചാരക പുരസ്‌കാരം രണ്ട് തവണ നേടിയ ഏക സർക്കാർ ഉദ്യോഗസ്ഥനാണ്. സംസ്ഥാന കാർഷിക പത്രപ്രവർത്തക അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ മാദ്ധ്യമ പുരസ്‌കാരം, ഭീമ ബാലസാഹിത്യ അവാർഡ്, ബ്രോൺസ് ബീവർ അവാർഡ് തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു.നിരവധി ലേഖനങ്ങളും അൻപതിലേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്‌ത ഡോക്യുമെന്ററികൾ ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പിൽ ഇൻഫർമേഷൻ ഓഫീസർ, കേരളകർഷകൻ മാസികയുടെ എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ചെട്ടികുളങ്ങര സ്വദേശിയാണ്.