airtel

ന്യൂഡൽഹി: ഭാരതി എയർടെല്ലിന്റെ പ്രമോട്ടർമാരായ ഭാരതി ടെലികോം, മൊബൈൽഫോൺ ഓപ്പറേറ്റർ ബിസിനസിലെ 2.75 ശതമാനം ഓഹരികൾ വിറ്റഴിച്ച് 100 കോടി ഡോളർ (ഏകദേശം 7,500 കോടി രൂപ) സമാഹരിക്കും. യോഗ്യരായ നിക്ഷേപകസ്ഥാപനങ്ങൾക്ക് ഓഹരി വിറ്റഴിച്ചാണ് (ബ്ളോക്ക് ഡീൽ) തുക നേടുക.

593.20 രൂപയിലാണ് കഴിഞ്ഞ വെള്ളിയാഴ്‌ച ഭാരതി എയർടെൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ആറു ശതമാനം ഡിസ്ഡൗണ്ടോടെ, 558 രൂപയ്ക്കായിരിക്കും ബ്ളോക്ക് ഡീൽ ഇടപാട്. ഇതിന്റെ നടപടികൾ ഇന്ന് ഓഹരി വിപണിയിൽ എയർടെൽ ആരംഭിക്കുമെന്നാണ് സൂചന. ഇക്കാര്യം എയർടെൽ സ്ഥിരീകരിച്ചിട്ടില്ല. ഇടപാട് വിജയിച്ചാൽ, പ്രമോട്ടർതല കടബാദ്ധ്യത പൂർണമായും ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഭാരതി എയർടെൽ പ്രമോട്ടർമാരുടെ കൈവശമുള്ള മൊത്തം ഓഹരികൾ 58.98 ശതമാനമാണ്. ഇടപാടിന് ശേഷം ഇത് 56.23 ശതമാനമാകും. ഭാരതി ടെലികോമിന് പുറമേ ഇന്ത്യൻ കോണ്ടിനന്റ് ഇൻവെസ്‌റ്ര്‌മെന്റ് ലിമിറ്റഡ്, വിറിഡിയൻ ലിമിറ്റഡ്, പാസ്‌റ്റൽ ലിമിറ്റഡ് എന്നിവരാണ് പ്രമോട്ടർമാർ. കടബാദ്ധ്യത കുറയ്ക്കാനും വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുമായി ഏതാനും വർഷങ്ങളായി വിവിധ മാർ‌ഗങ്ങളിലൂടെ പണം സമാഹരിക്കുന്നുണ്ട് എയർടെൽ.

കഴിഞ്ഞ മേയിൽ അവകാശ ഓഹരി വില്പനയിലൂടെ 25,000 കോടി രൂപയും വിദേശ കറൻസിയിലെ കടപ്പത്രങ്ങളിലൂടെ 7,000 കോടി രൂപയും സമാഹരിച്ചിരുന്നു. ജനുവരിയിൽ യോഗ്യരായ ഇൻസ്‌റ്റിറ്ര്യൂഷണൽ നിക്ഷേപകർക്ക് (ക്യൂ.ഐ.പി) കടപ്പത്രങ്ങൾ കൈമാറി 22,000 കോടി രൂപയും സമാഹരിച്ചു. അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനത്തിൽ കമ്പനി കേന്ദ്രസർക്കാരിന് നൽകാനുള്ള 35,586 കോടി രൂപയുടെ കുടിശിക ഉടൻ വീട്ടണമെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ സുപ്രീം കോടതി ഉത്തരവിട്ടതും തിരിച്ചടിയായിരുന്നു.