ശ്രീനഗർ: ഇന്ത്യയിലേക്ക് പറന്നുവന്ന പാകിസ്ഥാൻ പരിശീലിപ്പിച്ച 'ചാരൻ' പ്രാവിനെ പിടികൂടി നാട്ടുകാർ. ജമ്മു കാശ്മീരിൽ കത്വ ജില്ലയിലെ ഹിരാനഗർ പ്രവിശ്യയിലുള്ള മന്യാരി ജില്ലയിലെ രാജ്യാന്തര അതിർത്തിക്കടുത്താണ് സംഭവം നടന്നത്. പ്രാവ് പാകിസ്ഥാനിൽ നിന്നുമാണ് ഇങ്ങോട്ടേക്ക് പറന്നുവന്നതെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
അധികം താമസിയാതെ തന്നെ ഇവർ പ്രാവിനെഅടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പ്രാവിനെ പരിശോധിച്ചപ്പോൾ കോഡ് ഭാഷയിലുള്ള സന്ദേശം ലഭിച്ചുവെന്ന് ജമ്മു കാശ്മീരിലെ സുരക്ഷാ അധികൃതർ വ്യക്തമാക്കി. ഈ സന്ദേശത്തിൽ എന്താണുള്ളതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ.
പ്രാവിന്റെ കാലുകളിലൊന്നിൽ ചില നമ്പറുകൾ രേഖപ്പെടുത്തിയ ഒരു വളയം കാണപ്പെട്ടുവെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കത്വ എസ്.പി ശൈലേന്ദ്ര മിശ്ര അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചാരപ്രവർത്തികൾക്കായി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുമ്പോഴാണ് പാകിസ്ഥാൻ ഇപ്പോഴും പരമ്പരാഗത രീതികൾ പിന്തുടരുന്നത്.