മുംബയ്: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ 'ഫ്രഷ്" (FRSH) എന്ന പേരിൽ പേഴ്‌സണൽ കെയർ ആൻഡ് ഗ്രൂമിംഗ് ഉത്‌പന്ന ബ്രാൻഡിന് തുടക്കമിട്ടു. മുൻ ടെന്നിസ് താരം മഹേഷ് ഭൂപതി സഹസ്ഥാപകനായ സെൻഷ്യൽസ് ബ്യൂട്ടി കെയർ ആൻഡ് വെൽനെസ് പ്രൈവറ്ര് ലിമിറ്റഡുമായി ചേർന്നാണ് ഈ സൗന്ദര്യവർദ്ധക ഉത്‌പന്ന ബ്രാൻഡ് സൽമാൻ ആരംഭിച്ചത്.
തുടക്കത്തിൽ സാനിട്ടൈസറുകളാണ് കമ്പനി പുറത്തിറക്കുകയെന്ന് സൽമാൻ ഖാൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഏറെ ആവശ്യം സാന്നിട്ടൈസറുകളാണ്. മികച്ച നിലവാരവും ആകർഷക വിലയും ഉറപ്പാക്കിയാണ് ഉത്‌പന്നങ്ങൾ അവതരിപ്പിക്കുന്നത്. ഡിയോഡറന്റ്, ബോഡി വൈപ്പ്സ്, പെർഫ്യൂമുകൾ എന്നിവ വൈകാതെ പുറത്തിറക്കും. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിട്ടൈസർ നിലവിൽ ബ്രാൻഡിന്റെ വെബ്സൈറ്രിലാണ് ലഭിക്കുക. വൈകാതെ, റീട്ടെയിൽ സ്‌റ്റോറുകളിലും ലഭ്യമാകുമെന്ന് സൽമാൻ പറഞ്ഞു.
100 എം.എൽ സാനിട്ടൈസർ ബോട്ടിലിന് 50 രൂപയും 500 എം.എൽ ബോട്ടിലിന് വില 250 രൂപയുമാണ് വില. 10 മുതൽ 20 ശതമാനം വരെ ഡിസ്‌കൗണ്ടോടെ കോംബോ സെറ്രും ലഭ്യമാണ്. ബോളിവുഡ് നടിയായ ലാറ ദത്ത നേരത്തേ, 'ഏരിയാസ്" എന്ന പേരിൽ സ്‌കിൻകെയർ ബ്രാൻഡിന് തുടക്കമിട്ടിരുന്നു. ഇന്ത്യൻ ക്രിക്കറ്ര് ടീം ക്യാപ്‌ടൻ വിരാട് കോലി ആരംഭിച്ച ഡിയോഡറന്റ് ബ്രാൻഡാണ് 'വൺ8". ഇവ രണ്ടും സെൻഷ്യൽസ് ബ്യൂട്ടി കെയർ ആൻഡ് വെൽനെസ് പ്രൈവറ്ര് ലിമിറ്റഡാണ് മാർക്കറ്ര് ചെയ്യുന്നത്.
റീട്ടെയിൽ വിപണിയിൽ സൽമാൻ ഖാന്റെ ആദ്യ ചുവടുവയ്പല്ല 'ഫ്രഷ്". വസ്‌ത്രം, ഫിറ്റ്‌നസ് എക്യുപ്‌മെന്റ്, ഇ-സൈക്കിൾ, ജുവലറി വിഭാഗങ്ങളിൽ അദ്ദേഹം 'ബീയിംഗ് ഹ്യൂുമൻ" എന്ന പേരിൽ ഉത്‌പന്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.