കറുകച്ചാൽ: കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി പിടിയിലായി. പാത്താമുട്ടം കാരിക്കുളത്തിൽ ചൂട്ടുവേലിൽ അനിത എൻ. തോമസിനെ (54)യാണ് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കറുകച്ചാൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരനോട് 30,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ 9000 രൂപ ആദ്യം നൽകിയിരുന്നു. എന്നാൽ, ബാക്കി എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് ഇവർ നിരന്തരം ശല്യം ചെയ്തുപോന്നു. തുടർന്നാണ് വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് നിർദ്ദേശിച്ചതനുസരിച്ച് ബാക്കി പണം നൽകാമെന്ന് അനിതയോട് കരാറുകാരൻ സമ്മതിച്ചു. ഇതിനായി തിങ്കളാഴ്ച വൈകുന്നേരം പാത്താമുട്ടം കവലയിൽ എത്തി. വിജിലൻസ് ഫിനോഫ്തലിൻ പൗഡർ ഇട്ട് നൽകിയ പണം കരാറുകാരൻ കാറിലിരുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ സമയം സമീപത്തുണ്ടായിരുന്ന വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.
ഡിവൈ.എസ്.പി അലക്‌സ് ബേബി, ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, അജീബ്, എസ്.ഐമാരായ വിൻസെന്റ് കെ, സന്തോഷ്, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും.