flight

ന്യൂഡൽഹി: രണ്ടുമാസത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിച്ച ആദ്യ ദിവസം തന്നെ ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 82 സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

ഡൽഹിയിൽ ടി 3 ടെർമിനിൽ നിന്നാണ് എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത്. ഇന്നലെ പുലർച്ചെ നാലരയ്ക്ക് പൂനെയിലേക്കുള്ള സർവീസ് ആയിരുന്നു ആദ്യം. യാത്രക്കാർ രാത്രി തന്നെ വിമാനത്താവളത്തിൽ എത്തി ക്യൂവിൽ ഇടം പിടിച്ചു. എന്നാൽ ഷെഡ്യൂൾ ചെയ്‌ത 380 സർവീസുകളിൽ മുന്നറിയിപ്പില്ലാതെ 80ഒാളം എയർ ഇന്ത്യാ വിമാനങ്ങൾ റദ്ദാക്കിയത് തിരിച്ചടിയായി. വെബ്‌ചെക്കിൻ ചെയ്‌ത് ബോർഡിംഗ് പാസുമായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നത്. മറ്റേതെങ്കിലും വിമാനത്തിൽ കയറ്റണമെന്ന് യാത്രക്കാർ അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മുംബയ്, ബാംഗ്ളൂർ വിമാനത്താവളങ്ങളിലും സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പശ്ചിമ ബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റ് മൂലം വിമാന സർവീസ് തുടങ്ങാത്തതും തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങൾ സാവകാശം ചോദിച്ചതുമാണ് സർവീസുകൾ റദ്ദാക്കാനുള്ള കാരണം. മഹാരാഷ്‌ട്ര സർക്കാർ ഞായറാഴ്‌ച രാത്രി വൈകിയാണ് മറ്റിടങ്ങളിൽ നിന്നുള്ള 25 സർവീസുകൾ അനുവദിച്ചത്. 25 സർവീസുകൾ മുംബയിൽ നിന്ന് പുറപ്പെട്ടു. 500ഒാളം പ്രതിദിന സർവീസുകൾക്ക് പകരം ചെന്നൈ വിമാനത്താവളത്തിൽ ഇന്നലെ ഓപ്പറേറ്റ് ചെയ്‌തത് വെറും 35 വിമാനങ്ങൾ മാത്രം. ഒരു ദിവസം 25 വിമാനങ്ങൾക്ക് മാത്രമേ ലാൻഡ് ചെയ്യാൻ അനുവാദമുള്ളൂ. ആന്ധ്രാ പ്രദേശിലെ വിമാനത്താവളങ്ങൾ ഇന്ന് തുറക്കും. മേയ് 28ന് സർവീസ് തുടങ്ങാമെന്ന് പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. മാർച്ചിൽ നടന്ന പാർലമെന്റ് സമ്മേളനത്തിനായി ഭുവനേശ്വറിൽ നിന്ന് വന്ന് ഡൽഹിയിൽ കുടുങ്ങിയ ബി.ജെ.ഡി എം.പി അനുഭവ് മൊഹന്തി, ബാംഗ്ളൂരിലെ വീട്ടിലേക്ക് പോകാനെത്തിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ബംഗളൂരുവിലുള്ള അമ്മയെ കാണാൻ പ്രത്യേക പരിഗണനയിൽ ടിക്കറ്റ് ലഭിച്ച അഞ്ചു വയസുകാരൻ വിഹാൻ ശർമ്മ തുടങ്ങിയവരും ആദ്യദിനത്തെ യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

 ഡൽഹിയിൽ നിന്ന് ഇന്നലെ പുറപ്പെട്ടത് 125വിമാനങ്ങൾ  എത്തിയത് 118എണ്ണം കൗതുകക്കാഴ്ചകൾ

ബോർഡിംഗ് പാസുകൾ ഗേറ്റിൽ സ്‌കാൻ ചെയ്‌ത ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിൽ കയറ്റിയത്. മാസ്‌കിനും കൈയുറയ്‌ക്കും സാനിറ്റൈസറിനും പുറമെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന ഹസ്‌മത് സ്യൂട്ടുകളും പലരും ധരിച്ചിരുന്നു. യാത്രയ്ക്ക് രണ്ടുമണിക്കൂർ മുമ്പേ എത്തണമെന്നായിരുന്നു നിർദ്ദേശം. ചിലരാകട്ടെ ഏഴു മണിക്കൂർ മുമ്പേ എത്തി. ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്.

 വിമാന ടിക്കറ്റിന് 4000, ടാക്സിക്ക് 5000!

അസമയത്ത് യാത്ര പുറപ്പെട്ട പലരെയും ടാക്സിക്കാർ പിഴിഞ്ഞു. ഉത്തർപ്രദേശ് സ്വദേശിക്ക് വിമാന ടിക്കറ്റിന് ചെലവായത് 4000ൽ താഴെയാണെങ്കിൽ ഡൽഹി അതിർത്തിയായ ഗ്രേറ്റർ നോയിഡയിൽ നിന്ന് പുലർച്ചെ വിമാനത്താവളത്തിലെത്താൻ 5000 രൂപ ടാക്‌സിക്കൂലി നൽകേണ്ടി വന്നു.