piyush-goyal

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ നിന്നുമുള്ള ട്രെയിൻ തടഞ്ഞെന്നാരോപിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സ്വന്തം നാട്ടുകാരെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി ചോദിച്ചിരിക്കുന്നത്. ഒരു ദേശീയ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ മുഖ്യമന്ത്രിയെ ഇങ്ങനെ വിമർശിച്ചത്.

താനെയില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിയിനിന്‌ സംസ്ഥാനം അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് പിയൂഷ് ഗോയലിന്റെ ഈ പരാമർശം. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് താനെയില്‍ നിന്ന് എറണാകുളത്തേയ്ക്കുള്ള ശ്രമിക്ക് ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത് ഗര്‍ഭിണികളും രോഗികളും വിദ്യാര്‍ത്ഥികളുമടക്കമുള്ള 1603 പേരാണ് ഈ ട്രെയിൻ വഴി സംസ്ഥാനത്തേക്ക് എത്താനിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ട്രെയിന്‍ റദ്ദാക്കിയതായി അധികൃതർ അറിയിച്ചത്. റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ട്രെയിനുകള്‍ക്ക് അവ എത്തിച്ചേരേണ്ട സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിച്ചാണ് ട്രെയിന്‍ റദ്ദാക്കുന്നതെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ അറിയിച്ചിരുന്നു.