cinema

കൊച്ചി: ടൊവീനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' യുടെ ചിത്രീകരണത്തിനായി നിർമ്മിച്ച പള്ളിയുടെ സെറ്റ് അടിച്ചുതകർത്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. രാഷ്ട്രീയ ബജ്‌രംഗ് ദൾ എറണാകുളം ജില്ലാ പ്രസിഡന്റ് രതീഷ് കാലടിയാണ് (കാരി രതീഷ്) പൊലീസിന്റെ പിടിയിലായത്. കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. വർഗീയവിദ്വേഷം ഉയർത്തി സെറ്റ് പൊളിച്ചുമാറ്റിയതിൽ സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പ്രതിഷേധിച്ചു. സോഷ്യൽമീഡിയയിലും പ്രതിഷേധം കനക്കുകയാണ്.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാൻ കഴിഞ്ഞ മാർച്ചിൽ കാലടി മണപ്പുറത്ത് നിർമ്മിച്ച പള്ളിയുടെ മാതൃകയാണ് അടിച്ചുതകർത്തത്. ലോക്ക് ഡൗൺ കാരണം ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രീകരണം ആരംഭിക്കാനിരിക്കെ ഞായറാഴ്ച വൈകിട്ടാണ് സെറ്റ് അടിച്ചുതകർത്തത്. തകർക്കുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും അക്രമികൾ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

പ്രത്യേകസംഘം

അന്വേഷിക്കും

ശിവരാത്രി ആഘോഷസമിതിയുടെ അധീനതയിലാണ് മണപ്പുറം. സമിതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് മണപ്പുറത്ത് കൂറ്റൻ സെറ്റ് നിർമ്മിച്ചത്.

നിർമ്മാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ റൂറൽ എസ്.പി കെ. കാർത്തിക്കിന് പരാതി നൽകിയിരുന്നു. സംഭവം നടന്നത് കാലടിയിലാണെങ്കിലും പ്രദേശം പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. റൂറൽ അഡീഷണൽ എസ്.പി എം.ജെ. സോജനും പെരുമ്പാവൂർ ഡിവൈ.എസ്.പി കെ. ബിജുമോനും നേതൃത്വം നൽകുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാലടി ശിവരാത്രി ആഘോഷസമിതിയും എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘത്തെ നിയമിച്ചത്.