dd

ബംഗളൂരു: ഹോട്ട് സ്പോട്ടായ ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വിമാനത്തിൽ എത്തിയിട്ടും നിരീക്ഷണത്തിൽ പോകാത്ത കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ന്യായീകരിച്ച് കർണാടക സർക്കാരും. മന്ത്രിക്ക് നിരീക്ഷണത്തിൽ പോകുന്നതിന് ഇളവുണ്ടെന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം. ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തുവിടുമെന്നും സർക്കാർ അറിയിച്ചു.

‌ഡൽഹിയുൾപ്പെടെ ആറ് തീവ്കബാധിത സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിലോ റോഡ്, റെയിൽ മാർഗമോ എത്തുന്നവർക്ക് കർണാടകത്തിൽ കർശന നിരീക്ഷണമാണുള്ളത്. ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിലും തുടർന്ന് ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തിലും കഴിയണം. എന്നാൽ ബെംഗളൂരുവിൽ വിമാനമിറങ്ങിയ മന്ത്രി നിരീക്ഷണകേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്കാണ് പോയത്. കൂടാതെ പിന്നീട് ഓഫീസിൽ സജീവമാകുകയും ചെയ്തു.

കേന്ദ്രമന്ത്രിയായത് കൊണ്ട് ഇളവുണ്ടെന്നായിരുന്നു ഇതിന് നൽകിയ വിശദീകരണം. മരുന്ന് നിർമാണ വകുപ്പിൻറെ ചുമതലയുളളതിനാൽ മാറിനിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് വന്നതെന്നും ആരോഗ്യസേതു ആപ്പ് ഉണ്ടായിരുന്നതിനാൽ നിരീക്ഷണം ആവശ്യമില്ലെന്നുമുള്ള നിലപാടിലാണ് മന്ത്രി.