തിരുവനന്തപുരം: കൊവിഡിന്റെ കാര്യത്തിൽ സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനം എവിടെയെത്തി നിൽക്കുമെന്ന് പറയാനാവില്ല. ഈ ഘട്ടത്തിൽ രോഗവ്യാപനം തടയാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലോക്ക് ഡൗൺ അനന്തമായി തുടരാനാവില്ല. വാഹനഗതാഗതം സജീവമായതോടെ, രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 23ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് 4638 പേരും വിദേശത്ത് നിന്ന് 1035 പേരുമെത്തി. അന്ന് രോഗം സ്ഥിരീകരിച്ചത് 62 പേർക്കാണ്. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായി 50ൽ കൂടുതലാണ് രോഗികളുടെ എണ്ണം. നാല് ദിവസത്തെ കണക്കനുസരിച്ച് 181 പുതിയ രോഗികളുണ്ട്. കൂടുതൽ യാത്രാമാർഗം തുറക്കുമ്പോൾ ഇനിയും കൂടിയേക്കാം. നാടിന്റെ ഭാഗമായിട്ടുള്ളവർ വരുന്നതിനെതിരെ ആരും വാതിൽ കൊട്ടിയടക്കില്ല. പലരും വരേണ്ടത് കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നായതിനാൽ ആവശ്യമായ മുൻകരുതലുകളെടുക്കും. വരുന്ന ഓരോരുത്തർക്കും ചികിത്സ ലഭ്യമാക്കും. വൈറസ്ബാധ പടരാതിരിക്കാൻ ജാഗ്രതയും ശക്തമാക്കും. സംസ്ഥാനത്ത് ശരാശരി 39 പേർ ദിവസവും കൊവിഡ് ബാധിച്ച് ആശുപത്രിയിലാക്കപ്പെടുന്നു. ജൂണിൽ മഴക്കാലരോഗങ്ങൾ നേരിടാൻആവശ്യമായ സൗകര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. .
സംസ്ഥാനങ്ങളെ
സംതൃപ്തരാക്കുന്നില്ല
കേന്ദ്രസർക്കാരിൽ നിന്ന് ഫലപ്രദമായ സഹായം ലഭിക്കുകയെന്ന സംസ്ഥാനത്തിന്റെ അവകാശം നിർഭാഗ്യവശാൽ അംഗീകരിക്കപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംതൃപ്തമായ സംസ്ഥാനങ്ങളെ സൃഷ്ടിക്കാനുള്ള ഇടപെടലിന് മുൻകൈയെടുക്കേണ്ടത് കേന്ദ്രമാണ്. എന്നാൽ അത്തരത്തിലല്ല ഇന്നുണ്ടാവുന്നത്.ഇത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റത്തിന് വഴിവച്ചിട്ടുണ്ട്. ചിലതെല്ലാം തുറന്നും, പ്രക്ഷോഭം നടത്തി പറയേണ്ടത് അങ്ങനെയും സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
ദുരന്ത ഘട്ടത്തിലും പ്രതിപക്ഷത്തിന്
നിസഹകരണ
മനോഭാവം
നാടിന്റെ പൊതുവായ പ്രശ്നങ്ങളിൽ എല്ലാവരുമായും സഹകരിച്ച് പോകാനാണ് സർക്കാർ ആഗ്രഹിച്ചതെങ്കിലും, ദുരന്തത്തിന്റെ ഘട്ടത്തിൽപ്പോലും പ്രതിപക്ഷത്തിന്റെ സമീപനം അതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളമാകെ കണ്ടുകൊണ്ടിരിക്കുകയല്ലേ. എന്താണ് കഴിഞ്ഞ നാല് വർഷവുമുണ്ടായത്? എല്ലാറ്റിനെയും തകിടം മറിക്കുന്ന നിലയല്ലേ ദുരന്തസമയത്ത് പോലുമുണ്ടായിട്ടുള്ളത്. അതാണോ ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത്? പ്രതിപക്ഷത്ത് നിന്ന് ചിലരെല്ലാം വന്ന് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പിന്തുണയുണ്ടെന്നറിയിച്ചിട്ടുണ്ട്. ഇതല്ലല്ലോ പ്രതിപക്ഷ നേതൃത്വത്തിലെ മറ്റ് ചിലരുടെ സമീപനമെന്ന് അവരോട് പറഞ്ഞിട്ടുമുണ്ട്. കോൺഗ്രസ് നേതാക്കളാണോ അത് പറഞ്ഞതെന്ന് വാർത്താലേഖകർ ചോദിച്ചപ്പോൾ, കോൺഗ്രസ് നേതാക്കളല്ല, അവർക്കിടയിൽ ഇനിയത് പറഞ്ഞ് പ്രശ്നമുണ്ടാക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പി.ജെ. ജോസഫ് മുഖ്യമന്ത്രിയെക്കണ്ട് പിന്തുണയറിയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹം ഇത് നേരത്തേയും പറഞ്ഞിട്ടുള്ളതാണെന്നായിരുന്നു മറുപടി. അതിനദ്ദേഹം ഇങ്ങോട്ടേക്ക് വരുന്നുവെന്ന് വ്യാഖ്യാനിക്കേണ്ട. അവിടെ നിന്ന് ആരെങ്കിലും വരുമോയെന്ന് നോക്കിനിൽക്കുന്നതല്ല ഇടതുമുന്നണിയുടെ രീതി. ആരെയെങ്കിലും പ്രീണിപ്പിക്കാനോ, ഇങ്ങോട്ടേക്ക് ആളെക്കൂട്ടാനോ ശ്രമിക്കേണ്ട ആവശ്യമില്ല.
തദ്ദേശ
തിരഞ്ഞെടുപ്പ്
സമയത്ത് നടക്കും
തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിനിയും കുറച്ച് മാസങ്ങളുണ്ട്. അപ്പോഴേക്കും കൊവിഡിന്റെ വ്യാപനസാദ്ധ്യത എവിടെയെങ്കിലുമൊരു നിലയിലെത്തും. ജനങ്ങൾ നല്ല നിലയിൽ സർക്കാർ നടപടികളെ സ്വീകരിച്ചിട്ടുണ്ട്. മൊത്തത്തിലെടുത്താൽ നല്ല രീതിയിലാണ് സർക്കാരിന്റെ പ്രവർത്തനം.
ശബരിമല വിഷയത്തിൽ നിങ്ങളെപ്പോലുള്ളവർ (മാദ്ധ്യമപ്രവർത്തകർ) ഒരു കാര്യവും മനസിലാക്കുന്നില്ല. അത് ചിലർ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു. അത് ശരിയല്ലെന്ന് അവർക്ക് തന്നെ ബോദ്ധ്യമായിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.