covid


കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധ മൂലമുള്ള മരണം. കണ്ണൂർ ധർമ്മടം സ്വദേശിനി ആസിയ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർക്ക് 61 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം ആറായി. ആസിയ ഏതാനും ദിവസങ്ങളായി കൊവിഡ് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവർക്ക് ഇന്ന് വൈകിട്ട് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അവസാന നിമിഷം വരെയും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ഡോക്ടർമാർ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇവർക്ക് എവിടെ നിന്നുമാണ് കൊവിഡ് രോഗബാധ ഉണ്ടായതെന്ന് ഇനിയും തിരിച്ചറിയാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

വർഷങ്ങൾക്കുമുൻപ് ആസിയയ്ക്ക് പക്ഷാഘാതം വന്നിരുന്നു. തുടർന്ന് നാഡീസംബന്ധമായ പ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആസിയയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഈ മാസം 17നാണ് ആസിയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നുമാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.