bjp

ബംഗളുരു: ആത്മഹത്യ ചെയ്യാനായി പുഴയിൽ ചാടിയ ആളെ രക്ഷിക്കാൻ ശ്രമിച്ച മുസ്ലിം സമുദായത്തിൽ പെട്ട യുവാക്കൾ വർഗീയവാദികളെന്ന ആരോപണവുമായി ബി.ജെ.പി. കർണാടകയിലെ ദക്ഷിണ കർണാടക ജില്ലയിലാണ് സംഭവം നടന്നത്.ഞായറാഴ്ച, ഇവിടെയുള്ള പാനേമംഗളുരു പാലത്തിൽ നിന്നും താഴേക്ക് ചാടിയ നിഷാന്ത് എന്ന 28കാരനെ രക്ഷിക്കാൻ ശ്രമിച്ച നാല് പേർക്കെതിരെയാണ് ബി.ജെ.പി എം.പിയായ ശോഭ കരന്ത്ലജെ ഇങ്ങനെയൊരു ആരോപണവുമായി രംഗത്തെത്തിയത്.

മുഹമ്മദ്, ആരിഫ്, ഷമീർ, തൗസീഫ്, സഹീദ്, മുഖ്താർ എന്നീ യുവാക്കളാണ് പുഴയിൽ ചാടിയയാളെ രക്ഷിക്കാൻ ശ്രമം നടത്തിയത്. ഇയാളെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുളിൽ തന്നെ യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചവർക്കെതിരെ ശോഭ കരന്ത്ലജെ വിദ്വേഷകരമായി ട്വീറ്റ് ചെയ്യുകയായിരുന്നു.

'ഹിന്ദു സംഘടനയിൽപ്പെട്ട' യുവാവിനെ 'ജിഹാദി'കൾ കൊലപ്പെടുത്താൻ ശ്രമിച്ചതായി വിവരം ലഭിച്ചുവെന്നും ഇക്കാര്യത്തിൽ ഇടപെടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഇവരുടെ വർഗീയ ചുവയുള്ള ട്വീറ്റ്. ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ താൻ ഇങ്ങനെയൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രചരിക്കുന്ന ട്വീറ്റ് എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും പറഞ്ഞുകൊണ്ട് കരന്ത്ലജെ രംഗത്ത് വന്നിട്ടുണ്ട്.