uthra

പത്തനംതിട്ട: ഉത്രയുടെ ഒരു വയസുള്ള മകനെയും സൂരജിന്റെ അമ്മയെയും കാണാതായതായി പൊലീസ്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി സൂരജിന്റെ അടൂരിലെ വീട്ടിൽ ഇന്നലെ രാത്രി എട്ടോടെ ഉത്രയുടെ അച്ഛനും ബന്ധുക്കളും പൊലീസ് സഹായത്തോടെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിഞ്ഞത്. സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. സൂരജിന്റെ ബന്ധുക്കൾ ഇരുവരെയും ഒളിപ്പിച്ചതാണെന്ന് ഉത്രയുടെ മാതാവ് മണിമേഖല ആരോപിച്ചു. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.