uthra

കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഒരു വയസുള്ള കുഞ്ഞിനെ കണ്ടെത്തി. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അടൂരിലെ വീട്ടിലെത്തിച്ചു. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് കൈമാറും. അച്ഛനും അമ്മയും പൊലീസുമായെത്തി കുട്ടിയെ ഏറ്റുവാങ്ങും.

ഇന്നലെയാണ് സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ കാണാതായത്. കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായി സൂരജിന്റെ അടൂരിലെ വീട്ടിൽ ഇന്നലെ രാത്രി എട്ടോടെ ഉത്രയുടെ അച്ഛനും ബന്ധുക്കളും പൊലീസ് സഹായത്തോടെ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നറിഞ്ഞത്.

സൂരജിന്റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചില്ലായിരുന്നു. അതേസമയം, ഉത്രയുടെ കൊലപാതകത്തിൽ സൂരജിന്റെ വീട്ടുകാർ‌ക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. സൂരജിന്റെ സഹോദരിയെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഇന്ന് ഇയാളുടെ വീട്ടിൽ തെളിവെടുപ്പ് നടത്തും.