കൊല്ലം: ഉത്ര കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മേയ് എട്ടിന് ഉത്രയ്ക്ക് മുറിവ് ഡ്രസ് ചെയ്യാൻ ആശുപത്രിയിൽ പോകേണ്ട ദിനമായിരുന്നു. സാധാരണയായി ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിന്റെ തലേദിവസമാണ് സൂരജ് എത്താറുള്ളത്. എന്നാൽ ഇത്തവണ ഒരു ദിവസം മുൻപേ എത്തി.
കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി സൂരജ് ജ്യൂസ് ഉണ്ടാക്കി എല്ലാവർക്കും നൽകി. എല്ലാവരുടെയും മുൻപിൽ സ്‌നേഹ സമ്പന്നനായ ഭർത്താവായി അഭിനയിച്ച്, സൂരജ് തന്റെ പങ്കുകൂടി ഉത്രയ്ക്ക് നൽകി. ശേഷം തലവേദനിക്കുന്നെന്ന് പറഞ്ഞ ഉത്രയ്ക്ക് മരുന്ന് നൽകിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
രാത്രി ഒരുമണിയോടെയാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം മയക്കത്തിലായിരുന്ന ഉത്രയുടെ ഇടതുകൈത്തണ്ടയിൽ പാമ്പിനെക്കൊണ്ട് കടിച്ചിച്ചത്. ശേഷം മരണം ഉറപ്പിച്ച് അതേമുറിയിൽ കഴിഞ്ഞു. രാവിലെ ആറുമണിയോടെ ഉത്രയുടെ അമ്മവന്നപ്പോൾ കാണുന്നത് അനക്കമില്ലാതെ കിടക്കുന്ന മകളെയാണ്.
കൊലപാതകത്തിൽ കൂടുതലാളുകൾക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. സ്വർണവും പണവും നൽകിയതുകൂടാതെ സൂരജിന്റെ സഹോദരിയുടെ പഠനചിലവുകൂടി ഉത്രയുടെ വീട്ടുകാരാണ് വഹിക്കുന്നത്. എന്നിട്ടും എങ്ങനെ തോന്നി ഇങ്ങനൊരു കൊലപാതകത്തിനെന്നാണ് ഉത്രയുടെ ബന്ധുക്കൾ ചോദിക്കുന്നത്.