ഒരു മഹാവ്യാധി പുണർന്നു മാനുഷർ
മരിച്ചു വീഴുന്നു മഹീതലങ്ങളിൽ!
എരിഞ്ഞടങ്ങുന്നു വിറകുകൊള്ളിപോൽ
അമർന്നു താഴുന്നവനീതലങ്ങളിൽ!
മനുഷ്യസംസ്കാര ശിലാഗൃഹങ്ങളോ
നുറുങ്ങി വീഴുന്നു കണംകണങ്ങളായ്!
അവിടമേരിയ്ക്ക ശയിച്ചുറങ്ങുന്ന
വിശുദ്ധ വിറ്റ്മാന്റെ ഗൃഹാങ്കണങ്ങളിൽ
ശവങ്ങൾ കാണുന്നു 'കൊറോണ' വീഴ്ത്തിയ
മനുഷ്യരൂപങ്ങൾ നരകചിത്രങ്ങൾ!
'കൊറോണ' കേവലം അണുക്കൾ! അങ്ങതു
അദൃശ്യജീവിയായ് കടന്നിരിയ്ക്കുന്നു
പരസ്പരം സ്നേഹം പകരും മാനവ
വിശുദ്ധബന്ധത്തെ തകർത്തെറിയുന്നു.
അവിടെ വോൾഗതൻ ഇരുകരകളിൽ
മിനുസമാർന്നൊരാരജപഥങ്ങളിൽ
അതുല്യ ടോൾസ്റ്റോയി നടന്നുനീങ്ങിയ
വഴികളാകവേ 'കൊറോണ' തിങ്ങുന്നു!
മൃതശരീരങ്ങൾ കരണ്ടുതിന്നുന്നു!
മനുഷ്യൻ ഭൂമിവിട്ടുയരത്തിൽ ശൂന്യ-
സ്ഥലികളിൽ പോയി സസ്സുഖം വാഴുന്ന
വിശിഷ്ട വൈഭവം ലഭിച്ചു എങ്കിലും
''അനന്തമാജ്ഞാത മവർണ്ണനീയമാം''
സമസ്ത വിശ്വത്തിൽ വിളയും നാശത്തിൻ
അണുക്കളെ കാണാനിനിയും കാലങ്ങൾ
കടന്നു പോകണം.
അറിവിൻ ലോകത്തിൽ ഇനിയും കാർമേഘം
പറന്നുപോകണം സുവ്യക്തമാകണം.
കടന്നുവന്നൊരാവഴികൾ മാനവർ
തിരിഞ്ഞുനിന്നൊന്നു തിരഞ്ഞുനോക്കണം
അതിനുള്ളൂർജങ്ങൾ മഹാചരിത്രത്തിൽ
മയങ്ങി വാഴുന്നു തെളിച്ചെടുക്കണം!
മറന്നുവോ നിങ്ങൾ ഉപനിഷത്തിനെ
മഹർഷിമാർ ചൊന്ന മഹിതസൂത്രത്തെ!
(തിരുത്തിച്ചൊല്ലിച്ച സവർണ്ണമേധാവി
കുപിതനായ് ചൊന്നതുപനിഷത്തല്ലാ!)
വടക്കുദിക്കിലെ ''മഹാധിരാജ''ന്റെ
വിശുദ്ധ താഴ്വര അശുദ്ധമാകുന്നു
'കൊറോണ' ബാധയിൽ! മരിച്ചു വീഴുന്നു
ശതം ശതങ്ങളായ് നവീന ഭാരതം!
എവിടെ ദർശനം? വിശുദ്ധവാക്കുകൾ
അരുളിച്ചെയ്തവർ 'കബിർ' 'തുളസി'യും
പ്രിയയാം 'മീര'യും തമിഴകത്തിലെ
'തിരുക്കുറൽപ്പാട്ടും' ചിലപ്പതികാര'-
മഹാകാവ്യങ്ങളും അകക്കണ്ണിൽ ജ്ഞാനം
വിരിച്ച 'പൂന്താന' മഹാബ്രാഹ്മണ്യങ്ങൾ
ജനിച്ച ഭൂവിതിൽ 'എഴുത്തച്ഛൻ' ചെറു-
കിളിയെ കൊഞ്ചിച്ചു പ്രപഞ്ചശീലുകൾ
വിരിച്ച ഭൂമിയിൽ മഹർഷി 'വ്യാസനും'
കവിയാം 'ദാസനും' ജനിച്ചൊരീ മണ്ണിൽ
'കോറോണ' വാഴുമോ?
ഇവിടയൽപ്പക്ക ചുവന്ന ചീനയിൽ
ഒരുശതം പൂക്കൾ വിരിഞ്ഞ ചീനയിൽ
ചെയർമാൻ മാവോവിൻ ചരിത്ര ഭൂവതിൽ
പറന്നു വീണത്രേ കറുത്ത വേഷങ്ങൾ
മരണ ദൂതുമായ് ഒരർദ്ധ രാത്രിയിൽ!
പ്രപഞ്ചനാടകം കളിച്ച ഷേക്സ്പിയർ
ഭവാന്റെ നാടക നടനവേദിയിൽ
തെയ്യിംസ് നദിയുടെ മഹത്തം വാഴ്ത്തുന്ന
മഹാനഗരത്തിൻ കവാടവീഥികൾ
നിറഞ്ഞു തിങ്ങുന്നു മനുഷ്യജീവികൾ
പുഴുക്കൾ ചത്തപോൽ നിരന്നു വീഴുന്നു!
ഫലിച്ചുവോ അറം ചതിച്ചുവോ കാലം
''തരിശുഭൂമി''യോ 'ഇലിയട്ടി'ൻ രാജ്യം!
എവിടെ വൈദ്യത്തിൻ മറുകരകണ്ട
വിശുദ്ധ ''ക്യൂറി''മാർ 'എലിസബത്തരേ!
പറയൂ 'വിക്ടറേ'! പറയൂ 'ഹ്യൂഗോയേ'
എവിടെ ഫ്രാൻസിന്റെ മഹാപ്രതിഭകൾ!
എവിടെ മാർക്സിന്റെ എവിടെ ഗയ്ഥേ തൻ
തിളങ്ങും നാട്ടിലെ ഗവേഷക ഫലം!
എവിടെ സ്പാനീഷിൻ മഹാകവി സെർവാ-
ന്റെസെഴുതും വാക്കിന്റെ വില? മരണത്തെ-
തടയാൻ സ്പാനീഷേ! തിരയൂ കാവ്യത്തിൻ
വരികൾ ! വായിയ്ക്ക ഒരായിരംവട്ടം
മഹാവചനങ്ങൾ! അണുബോംബും ടാങ്കും
മിസൈലും തോക്കുമായ് മനുഷ്യരാശിയെ
ഹനിയ്ക്കും യാങ്കികൾ സ്വദേശി പൗരന്മാർ
മരിച്ചു വീഴുമ്പോൾ ക്ഷമചോദിയ്ക്കുവാൻ
മറന്നു നിൽക്കുന്നു!
അളന്നു തള്ളുക നശിച്ച ബോംബുകൾ
'കൊറോണ' പോലെ നാം വെറുക്കും ബോംബുകൾ!
പകരം വയ്ക്കുക മരുന്നുകൾ നമ്മേ
വിമുക്തമാക്കുന്ന മഹാമരുന്നുകൾ!
തിരിയൂ ലോകമേ! മിഴികൾ ഭാരത-
ചരിത്ര ഭൂമിയിൽ നടക്കും സംഗരം
'കൊറോണ' ഭൂതത്തെ തടുക്കും സംഗരം
കുളിർക്കെ കാണുക തിരിയ്ക്കൂ കണ്ണുകൾ
ഹരിത കേരളം ഉയർത്തും കാഹളം
അണുവിനാശനം! 'കൊറോണ' മോചനം!!
പല പല തോൽവി സഹിച്ചു കേരളം
പെരുംവിജയങ്ങൾ പിടിച്ചെടുക്കുന്നു
'വിജയൻ' നമ്മളെ നയിയ്ക്കുമ്പോൾ വേറി-
ട്ടൊരു വിഷാദവും നമുക്കു വേണ്ടല്ലോ!
കൃഷിയാണായുധം ചികിത്സായുധം
പണികൾ നിർമ്മാണ കലയാണായുധം
പണിയെടുക്കുക നിരന്നു നിന്നങ്ങു
പണിയെടുക്കുക പരസ്പരസ്പർശം
അവധി വാങ്ങുക! പെരുത്ത ജാഗ്രത;
കടുത്ത വിശ്വാസം; പ്രപഞ്ചബോധവും
അടക്കവും; മനസ്സതിൻ സ്ഥൈര്യം! ജയം
അതിൽ കുറഞ്ഞത് നമുക്കു വേണ്ടല്ലോ.
മഹാപിശാചിനെ നിരാകരിയ്ക്കുവാൻ
നരകരൂപിയെ തുടച്ചുനീക്കുവാൻ!
മലപറിച്ചന്നു ബലവാൻ 'മാരുതി'
മരുന്നുമായ് വേഗം പറന്നുവന്നപോൽ
പറന്നിറങ്ങുവാൻ ചികിൽസാശാസ്ത്രമേ!
അയയ്ക്കൂ നൂതന ഹനുമാൻ വൃന്ദത്തെ
ഭിഷഗ്വരന്മാരാം ഹനുമാൻ വൃന്ദത്തെ!
പുതിയകാലത്തെ പുതിയ മൃത്യുവേ
തടുക്കാൻ നിശ്ശേഷം തുടച്ചുനീക്കുവാൻ
കുഴിച്ചുമൂടുക മരണബോംബുകൾ
പരക്കെ നൽകുക അമരം ഔഷധം
നശീകരണത്തിൻ കരുത്തുകാട്ടുന്ന
കടുത്ത ശത്രുത വിതച്ചുകൊയ്യുന്ന
വെറുക്കും യുദ്ധത്തിൻ പ്രഭുക്കൾ വിൽക്കുന്ന
മരണം നൽകാതെ മനുഷ്യജീവിതം
തിരികെ നൽകുമോ?
ഇവിടുയരുന്ന മഹാസമരത്തിൽ
തരംഗമാകുവാൻ കരം ഉയർത്തുക
വിറകൊണ്ടീടല്ലേ കരം; കരൾ; ചിന്ത;
സുദൃഢമാക്കുക പ്രതീക്ഷ; തോൽക്കില്ല-
ന്നുറപ്പു നൽകുക ഭവാൻ ഭവാനായി
ഭവതീ താങ്കളും
. . . . . .