തിരുവനന്തപുരം : കൊവിഡ് മൂലം ജീവിതവും വരുമാനവും നഷ്ടപ്പെട്ട് കഴിയുന്ന നിരവധി ആളുകളുണ്ട്. ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും എന്ന് ഓർത്ത് പകച്ചു നിൽക്കുന്ന സാധാരണക്കാർ, അത്തരക്കാർക്ക് മുന്നിൽ മാത‌ൃകയും പ്രചോദനവും ആകുകയാണ് നെടുമങ്ങാട് സ്വദേശിയായ ശ്രീധരൻ.

ആര്യനാട് കോട്ടൂരിലെ ശ്രീധരൻ എന്ന 39കാരന് ഇരുകൈപ്പത്തികളുമില്ല. എങ്കിലും ശാരീരിക വൈകല്യങ്ങളെല്ലാം മറന്ന് ശ്രീധരൻ രാവിലെ തൂമ്പയും മറ്റ് ആയുധങ്ങളുമെടുത്ത് തന്റെ കൃഷിസ്ഥലത്തേക്ക് ഇറങ്ങും. പിന്നെ അന്തിവരെ പണിയെടുക്കും. പയർ,​ വെറ്റില തുടങ്ങീ നിരവധി കാർഷിക വിഭവങ്ങളാണ് ശ്രീധരൻ തന്റെ കൃഷിയിടത്തിൽ വിളയിക്കുന്നത്. ഇങ്ങനെ പണി ചെയ്ത് വിളയിക്കുന്ന കാർഷികോൽപന്നങ്ങൾ സ്വന്തം വീട്ടിലേക്ക് മാത്രമല്ല ചന്തയിലും സഹകരണ സംഘങ്ങളിലും വിൽക്കുന്നുണ്ട്. ലോക്ക് ഡ‌ൗൺ കാലത്തും ശ്രീധരൻ വെറുതെ ഇരുന്നില്ല. പകലന്തിയോളം കൃഷിസ്ഥലത്ത് നടീലും നനയ്ക്കലുമായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ് ശ്രീധരൻ. ഒരുപാട് പേർക്ക് മാതൃകയും പ്രചോദനവുമാണ് ശ്രീധരന്റെ ഈ ജീവിതം.

പൂർണ ആരോഗ്യമുളളപ്പോഴും മടി പിടിച്ചിരിക്കുന്ന സ്വഭാവമാണ് മലയാളിയുടേത്. ഇതിനാലാണ് കേരളത്തിന് പല കാര്യങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വന്നത്. ഈ കൊവിഡ് കാലത്തെങ്കിലും മലയാളിക്ക് ശ്രീധരനെ കണ്ട് പഠിക്കാം.

pic