gdp-fall

കൊച്ചി: മാന്ദ്യഭൂതവും കൊറോണ വൈറസും തരിപ്പണമാക്കിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാക്കണക്ക് നാഷണൽ സ്‌റ്രാറ്റിസ്‌റ്റിക്‌സ് ഓഫീസ് (എൻ.എസ്.ഒ) ഈമാസം 29ന് പുറത്തുവിട്ടേക്കും. ആഗോള-ആഭ്യന്തരതലത്തിൽ ആഞ്ഞുവീശിയ മാന്ദ്യക്കാറ്റിനെ തുടർന്ന് കൊവിഡ് വ്യാപനത്തിന് മുമ്പേ തന്നെ തളർച്ചയുടെ ട്രാക്കിലായിരുന്നു ഇന്ത്യയുടെ ജി.ഡി.പി. മാർച്ച് 31ന് സമാപിച്ച 2019-20 സമ്പദ്‌വർഷത്തെയും ജനുവരി-മാർച്ച് പാദത്തിലെയും വളർച്ചാനിരക്കാണ് വെള്ളിയാഴ്‌ച പുറത്തുവരുന്നത്.

പോസിറ്റീവ് 4.5 ശതമാനത്തിനും നെഗറ്റീവ് 1.5 ശതമാനത്തിലും ഇടയിലായിരിക്കും കഴിഞ്ഞപാദത്തിലെ (ജനുവരി-മാർച്ച്) വളർച്ച എന്നാണ് ഭൂരിഭാഗം സാമ്പത്തിക നിരീക്ഷകരും പ്രവചിക്കുന്നത്. കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും മോശം വളർച്ചയായിരിക്കും അത്. ജനുവരിയും ഫെബ്രുവരിയിലും ജി.ഡി.പിയുടെ നില അല്‌പം മെച്ചപ്പെട്ടെങ്കിലും മാർച്ചിൽ ശക്തമായ കൊവിഡ് ഭീതിയും തുടർന്നുവന്ന ലോക്ക്ഡൗണും മൂലം സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.

തളർച്ചയുടെ പാതകൾ

(ജി.ഡി.പി വളർച്ച മുൻ വർഷങ്ങളിൽ)

2013-14: 6.4%

2014-15 : 7.4%

2015-16 : 8%

2016-17 : 8.3%

2017-18 : 7%

2018-19 : 6.1% (കഴിഞ്ഞ 5 വർഷത്തെ ഏറ്റവും മോശം വളർച്ച)

<5%

2019-20ൽ ഇന്ത്യ പ്രതീക്ഷിക്കുന്ന ജി.ഡി.പി വളർച്ച അഞ്ചു ശതമാനത്തിന് താഴെ. ദശാബ്ദത്തിലെ ഏറ്റവും മോശം വളർച്ചയായിരിക്കും ഇത്.

-1.5%

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ വിലയിരുത്തുന്ന വളർച്ച നെഗറ്റീവ് 1.5 ശതമാനം മുതൽ പോസീറ്റീവ് 4.5 ശതമാനം വരെ. കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും മോശം വളർച്ച.

മുൻ പാദങ്ങളിലെ വളർച്ചാനിരക്ക്:

2018-19

ഏപ്രിൽ - ജൂൺ : 8%

ജൂലായ് - സെപ്‌തം : 7%

ഒക്‌ടോ - ഡിസം : 6.6%

ജനുവരി-മാർച്ച് : 5.8%

2019-20

ഏപ്രിൽ-ജൂൺ : 5.6%

ജൂലായ് - സെപ്‌തം : 5.1%

ഒക്‌ടോ - ഡിസം. : 4.7%

-6.2%

നടപ്പുവർഷം ഇന്ത്യയ്ക്ക് എസ്.ബി.ഐ വിലയിരുത്തുന്ന വളർച്ച നെഗറ്റീവ് 6.2%. കഴിഞ്ഞ ജനുവരി-മാർച്ചുപാദ വളർച്ചാ വിലയിരുത്തൽ 4.2%

''കൊവിഡ്, ലോക്ക്ഡൗൺ, ആഗോള സമ്പദ്‌മാന്ദ്യം എന്നിവ സൃഷ്‌ടിച്ച ആഘാതം രൂക്ഷമായതിനാൽ നടപ്പുവർഷം (2020-21) ജി.ഡി.പി വളർച്ച നെഗറ്രീവ് തലത്തിൽ ആയിരിക്കും. കൊവിഡ് ഭീതി ഒഴിയുന്നതിനെ ആശ്രയിച്ച്, നടപ്പുവർഷം രണ്ടാംപകുതിയോടെ വളർച്ച മെച്ചപ്പെട്ടേക്കാം"",

ശക്തികാന്ത ദാസ്,

ഗവർണർ, റിസർവ് ബാങ്ക്

(കഴിഞ്ഞവാരം ധനനയ പ്രഖ്യാപനത്തിനിടെ പറഞ്ഞത്)