കൊല്ലം: ഉത്ര കൊലക്കേസിൽ മകൻ സൂരജിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് മാതാവ് രേണുക. ലക്ഷങ്ങൾ മുടക്കി മകനെ കള്ളക്കേസിൽ കുടുക്കുമെന്ന് സഞ്ചയനത്തിന്റെ അന്ന് ഉത്രയുടെ പിതാവ് പറഞ്ഞതായി രേണുക ആരോപിക്കുന്നു. കാറുൾപ്പെടെ രേണുകയുടെ കുടുംബത്തിന് തിരിച്ച് നൽകിയെന്ന് രേണുക മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അവൻ എങ്ങനെയുള്ളയാളാണെന്ന് നാട്ടുകാരോട് ചോദിച്ചാൽ അറിയാം. അവനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എനിക്കിനി അവനെ വേണ്ട ആരാന്നുവച്ചാൽ കൊന്നു തിന്നട്ടെ. അവനേയും അവന്റെ കുഞ്ഞിനെയും വേണ്ട.ഇത്രയും നാൾ കുഞ്ഞിനെ എന്റെ കൂടെക്കിടത്തി ഉറക്കി. എനിക്ക് ഇനി അതിനെയും വേണ്ട.'- രേണുക പറഞ്ഞു.
ഈ സമയം അടുത്ത മുറിയിൽ നിന്ന് കരഞ്ഞ കുഞ്ഞിനെ എടുക്കാൻ പോലും അവർ കൂട്ടാക്കിയില്ല. സൂരജിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് ഉൾപ്പെടെ തങ്ങളാണ് വഹിക്കുന്നതെന്ന് ഉത്രയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല സൂരജ് ഇടയ്ക്കിടെ പണം കൈപ്പറ്റിയിരുന്ന കാര്യവും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.