പലതുള്ളി പെരുവെളളം എന്നതുപോലെയാണ് വാസ്തുഫലം. വീട്ടിനുള്ളിലും പുറത്തും പലവിധ കാര്യങ്ങൾ ഒന്നിച്ചു ചേരുമ്പോൾ മാത്രമേ അതിന്റെ സദ്ഫലം അനുഭവിക്കാൻ കഴിയൂ. പുതിയ വീടു വയ്ക്കുമ്പോഴും പഴയ വീടുകളിലും പൊതുവെ കണ്ടുവരുന്ന ഒരു ന്യൂനത വീടുകൾക്കുള്ളിലെ തറനിരപ്പ് പലതരത്തിൽ ചെയ്യുന്നതാണ്. പഴയ വീടുകളിൽ പുതിയ മുറി എടുക്കുമ്പോഴോ, പുതിയ എക്സ്റ്റൻഷൻ ജോലികൾ ചെയ്യുമ്പോഴോ ആണ് കൂടുതലും ഇങ്ങനെ സംഭവിക്കുക. പുതിയ വീടുകളിൽ കൊണ്ടുവരുന്ന ഫാഷൻ ജോലികളോ ആധുനിക മോഡൽ ജോലികളോ ഒക്കെയും ഇതിന് കാരണമാവാറുണ്ട്.
വീടിനുള്ളിൽ ഒരേ തറ നിരപ്പായിരിക്കണം. അത് എല്ലാ ഭാഗത്തും അങ്ങനെ തന്നെ വേണം. കുളിമുറികളിൽ വളരെ ചെറുതായി മാത്രമേ താഴ്ത്താനോ ഉയർത്താനോ പാടുള്ളൂ. ചെറിയ താഴ്ചയോ ഉയർച്ചയോ വാസ്തു ഊർജ ബഹിർഗമനത്തെ ബാധിക്കില്ല. ടൈലോ മാർബിളോ ഗ്രാനൈറ്റോ ഇടുമ്പോൾ ഇത് വീട്ടുകാർ തന്നെ ശ്രദ്ധിച്ച് ചെയ്യണം. വീടിനുള്ളിൽ ക്രമമായി ഒഴുകുന്ന ഊർജത്തെ തടസപ്പെടുത്തുമിത്. വീടിനുള്ളിലെ മാസ്റ്റർ ബെഡ് റൂമിന്റെ തെക്ക് പടിഞ്ഞാറെ ഭാഗത്തെ തറനിരപ്പ് അൽപ്പം ഉയരുന്നത് നല്ലതാണ്, താഴ്ന്നിരിക്കാൻ പാടില്ല.
ബാത്ത് റൂമുകളിൽ ചെറിയ താഴ്ചയും ബാക്കിയെല്ലായിടത്തും ഒരേ താഴ്ചയും സജ്ജമാക്കണം. അങ്ങനെ ചെയ്താൽ വീടിനെ കൃത്യമായി ഡി.എൻ .എ രൂപം പോലെ പിരിയൻ സങ്കൽപ്പത്തിലേയ്ക്ക് മാറ്റാം. ഇത് ഏറ്റവും ഗുണകരമാണ്. വീടിന്റെ ഭിത്തിയുടെ പൊക്കവും ഇങ്ങനെ തന്നെ വേണം. അതായത് ഒരേ നിരപ്പ്. ഒരേ നിരപ്പെങ്കിലും കൂരകളാവാം. അത് ഉത്തമം കിഴക്കും വടക്കുമാണ്. മറ്റു സ്ഥലങ്ങളിൽ സമചതുരം തന്നെ നിഷ്ക്കർഷിക്കപ്പെടുന്നു. ഭിത്തിയിലും തെക്കുപടിഞ്ഞാറെ മൂലയിൽ ഒന്നോ രണ്ടോ ഇഞ്ച് പൊക്കമാവാം. ഈ പൊക്കം കൂടി ആയാൽ വീടൊന്നാകെ പിരിയൻ രൂപ ക്രമത്തിലേയ്ക്ക് മാറും. അതായത് ശരിയായ ഊർജപ്രസരണം വീട്ടിലാകെ പടരുകയും അത് വീട്ടിലെ അന്തേവാസികൾക്ക് സദ്ഫലങ്ങളുണ്ടാക്കുകയും ചെയ്യും. തറയ്ക്കും ഭിത്തിയ്ക്കും പല തരത്തിൽ പൊക്കമുള്ള വീടുകളിൽ അന്തേവാസികൾ തമ്മിൽ അഭിപ്രായ ഐക്യം കുറവായിരിക്കുന്നതായും കാണാറുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ ഉന്നതിയ്ക്കും തറയുടെയും ഭിത്തിയുടെയും ശരിയായ പൊക്കം നിർദേശിക്കാറുണ്ട്. വ്യാപാരം ജനത്തെ ആശ്രയിച്ചായതിനാൽ ജനത്തിന്റെ വരവും പോക്കും വ്യാപാരത്തെ ഇല്ലാതാക്കുകയോ നഷ്ടമാക്കുകയോ ചെയ്യാം. ശരിയായ കെട്ടിടനിർമ്മാണം ഒട്ടേറെ പുതിയ സംരംഭങ്ങളെപ്പോലും ഏറെ ലാഭകരമാക്കിയിട്ടുണ്ട്. വെറുമൊരു തകിടിൽ മന്ത്രം ജപിച്ച് കെട്ടിയാൽ വാസ്തുദോഷം മാറില്ല. അടിസ്ഥാന ഊർജപ്രമാണങ്ങൾ മനസിലാക്കണം. ചില കടകളിൽ ഏത് ബിസിനസ് ചെയ്തിട്ടും വിജയിക്കുന്നില്ല എന്ന് പറയാറില്ലേ. അത് ആരുടെയും കുഴപ്പമല്ല, നിർമ്മാണത്തിലെ പോരായ്മയാണെന്ന് തിരിച്ചറിയണം. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ ഇതെല്ലാം നേരെയാക്കാം.