
1. കേരളത്തില്‍ രോഗ നിരക്കിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നു. 15 ദിവസം കൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം അമ്പതായി. രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ ദിനവും കുതിച്ച് ഉയരുമ്പോഴും നമ്മുടെ ഏറ്റവും വലിയ ആശ്വാസം അവരില്‍ ഭൂരിപക്ഷവും പ്രവാസികളോ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരോ ആണെന്നതാണ്. ഇവരെല്ലാം മുന്‍കൂട്ടി തന്നെ നിരീക്ഷണത്തില്‍ ആയിരുന്നതിനാല്‍ വ്യാപന സാധ്യത തടയാന്‍ ആകുന്നും ഉണ്ട്. എന്നാല്‍ ഈ ആശ്വാസത്തിനെ മറികടക്കുന്ന ആശങ്കയാണ് സമ്പര്‍ക്കത്തിലൂടെ ഉള്ള രോഗബാധ. പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയ ശേഷം മാത്രം 50 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 9 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നതില്‍ വ്യക്തതയില്ല. കേരളത്തിലെ ആദ്യഘട്ട രോഗവ്യാപനം നിയന്ത്രണ വിധേയം ആക്കിയെന്ന വിലയിരുത്തലിന് ശേഷവും ഉറവിടമില്ലാത്ത രോഗബാധ ഉണ്ടാകുന്നത് ആശങ്കയുടെ ആക്കം കൂട്ടുന്നതാണ്.
2. സമ്പര്‍ക്ക രോഗബാധിതരില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നും ഉണ്ട്. അതിനപ്പുറം കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതും തുടരുകയാണ്. ഇന്നലെ തമിഴ്നാട്ടില്‍ രണ്ട് പേര്‍ക്കാണ് ഇങ്ങിനെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും കര്‍ണാടകയിലും ആയി ഇതിനകം കേരളത്തില്‍ നിന്ന് പോയ എട്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഏതാണ് എന്നതും കേരളത്തിന്റെ ആശങ്കയായി തുടരുകയാണ്. സമൂഹ വ്യാപനമെന്ന പ്രതിസന്ധി തടയാന്‍ കര്‍ശന ജാഗ്രത തുടരണം എന്നതിന്റെ മുന്നറിയിപ്പുകളും ആണ് ഈ ഓരോ കണക്കുകളും.
3. ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗിനായി ആലുവ ക്ഷേത്രത്തിന്റെ സ്ഥലത്ത് പണിത്ത സിനിമാ സെറ്റ് തകര്‍ത്ത കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. സംഭവത്തില്‍ പ്രതികളായ മറ്റു ചിലരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക, പകല്‍ സമയത്ത് മോഷണം നടത്തുക, വീട്ടില്‍ കയറി മോഷണം നടത്തുക, എന്നീ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ കൂടാതെ അനധികൃതമായി സംഘം ചേരുക, മാരകാ ആയുധങ്ങളുമായി സംഘം ചേരുക, തടവുശിക്ഷ കിട്ടാവുന്ന രീതിയില്‍ അതിക്രമിച്ചു കയറുക, സ്വത്ത് വകകള്‍ക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകള്‍ ചേര്‍ത്തും പ്രതികള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
4. സിനിമയുടെ സെറ്റ് തകര്‍ത്ത കേസിലെ രണ്ടു പ്രതികളെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മലയാറ്റൂര്‍ സ്വദേശി രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ പത്ത് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരില്‍ ചിലരെ കൂടി കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. വിവിധ സിനിമാ സംഘടനകളുടെയും മണപ്പുറത്ത് ഷൂട്ടിംഗിന് അനുമതി നല്‍കിയ മഹാശിവരാത്രി ആഘോഷ സമിതിയും നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം ഉള്‍പ്പെടെ 29 കേസുകളിലെ പ്രതിയായ രതീഷ് എന്നയാളുടെ നേതൃത്വത്തില്‍ ആണ് സെറ്റ് തകര്‍ത്തത് എന്ന് പൊലീസ് പറഞ്ഞു. അഖില ഹിന്ദു പരിഷത്തിന്റെയും അവരുടെ യുവജന സംഘടനയായ ബംജ്രംഗദളിന്റെയും പ്രവര്‍ത്തകരും എത്തിയാണ് സെറ്റ് തകര്‍ത്തത്.
5. പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ എത്തിച്ചു. ഉത്രയുടെ കുടുംബം കുഞ്ഞിനെ സ്വീകരിക്കുക സ്റ്റേഷനില്‍ വച്ച്. അടൂരില്‍ എത്തി ഏറ്റുവാങ്ങില്ല എന്ന് ഉത്രയുടെ മാതാപിതാക്കള്‍ അറിയിച്ചു. അഞ്ചല്‍ പൊലീസ് സൂരജിന്റെ വീട്ടില്‍ എത്തി. കുട്ടിയെ രാവിലെ തിരിച്ചെത്തിക്കണം എന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇന്നലെയാണ് സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ കാണാതായത്. സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയി എന്നാണ് കുടുംബാംഗങ്ങള്‍ ഇന്നലെ പറഞ്ഞിരുന്നത്. അതിനിടെ, ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്ത് എടുത്തു. അല്പ സമയത്തിനകം പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വെറ്റിനറി ഡോക്ടര്‍മാരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
6. മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയത് എന്ന പ്രതിസൂരജിന്റെ മൊഴി വാസ്തവമാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പാക്കുക ആണ് പോസ്റ്റു മോര്‍ട്ടത്തിന്റെ ലക്ഷ്യം. പോസ്റ്റുമോര്‍ട്ടം നടത്തുന്ന വെറ്റിനറി സര്‍ജനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കേസിലെ സാക്ഷികളാകും. പാമ്പിന്റെ ഇനം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരയെ കടിച്ച് കൊലപ്പെടുത്തിയ പാമ്പിന്റെ പ്രായം, പല്ലിന്റെ നീളം, വിഷത്തിന്റെ കാഠിന്യം എന്നിവ അറിയാന്‍ ഫോറന്‍സിക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി ആണ് കൊലപാതകം നടത്തിയത് എന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പമ്പാട്ടിക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ഇന്ന് സൂരജിന്റെ വീട്ടില്‍ എത്തിച്ച് തെളിവ് എടുപ്പ് നടത്തും.
7. മദ്യ വിതരണത്തിന് ഉള്ള ബവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം. ആപ്പിന്റെ ബീറ്റ വേര്‍ഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. ട്രയലുകള്‍ക്കു ശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പില്‍ ആണ് അധികൃതര്‍. ഇന്ന് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകള്‍ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആയി മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈല്‍ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളില്‍ നിന്ന് എസ്.എം.എസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം.
8. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്‍കിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കാന്‍ ആകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. അവിടെ ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താല്‍ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റര്‍ മദ്യം വാങ്ങാം. 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കി ഇരിക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബിവറേജസ് ഷോപ്പുകളില്‍ എത്തുന്നത്. ഇത്രയും ദിവസം മദ്യശാലകള്‍ അടഞ്ഞു കിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ് ഉപയോഗിക്കും എന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.