ദൃശ്യവത്ക്കരണത്തിന്റെ സാദ്ധ്യതകൾ അനന്തമാണ്. ഒരു വിഷയത്തെ നമ്മൾ സമീപിക്കുന്ന അല്ലെങ്കിൽ നോക്കിക്കാണുന്ന രീതിക്കനുസരിച്ചാണ് പ്രത്യേകത തോന്നുന്നത്. വെറുതെ ഒരു ഫോട്ടോ എടുക്കുന്നതിനുപകരം അല്പം കലാപരമായ ഒരു നിരീക്ഷണത്തോടെ, ഭാവനയുടെ പിൻബലത്തോടെ ഒരു ദൃശ്യം പകർത്തിയാൽ അത് കൂടുതൽ ആകർഷകമാകും. അത്തരം ചിത്രങ്ങൾ പ്രേക്ഷക മനസിൽ ഇടംപിടിക്കും, അവ എന്നെന്നും നിലനിൽക്കും.
ഇന്നത്തെ തിരക്കുപിടിച്ച സാഹചര്യത്തിൽ ഓരോ ചിത്രങ്ങൾക്ക് മുന്നിലും ആസ്വാദകരെ പിടിച്ചു നിർത്താൻ കഴിയുന്നതാണ് പ്രധാനം. പാട്ടും നൃത്തവും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. കേരളത്തിന്റെ തനതുകലാരൂപങ്ങളുടെ ആത്മാവാണ് ആംഗ്യങ്ങളും മുദ്രകളും. വസ്ത്രാലങ്കാരവും ഇവയിൽ മുദ്രകളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. നൃത്തത്തിനൊരുങ്ങുന്ന കലാകാരൻമാരുടെ വിരലിന്റെ അഗ്രത്ത് നിറപ്പകിട്ടേറെയുണ്ടാകും. പ്രത്യകിച്ചും നർത്തകികളുടെ നീണ്ട വിരലുകൾ അതിമനോഹരമായിരിക്കും. ഇവ ഒറ്റയ്ക്കും ചേർത്തുപിടിച്ചുമാണ് അവർ മുദ്രകൾ കാണിക്കുന്നത്.
ഒരു കൂട്ടം നർത്തകികളുടെ വിരലുകളുടെ അഗ്രഭാഗം ചേർത്തു പിടിച്ചു എടുത്ത ഒരു ക്ളോസപ്പ് ഫോട്ടോയ് ക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് ചോദിച്ചേക്കാം! എന്നാൽ കഥ അങ്ങനെയല്ല. മുദ്രകൾ ചെയ്യാൻ തയ്യാറായ വിരലുകളാണെന്ന് തോന്നിക്കുന്നെങ്കിലും യഥാർത്ഥത്തിൽ നർത്തകരുടെ വിരലുകളല്ല ഇത്. സാധാരണ നമ്മുടെ നാട്ടിൽ കുളങ്ങളിലും വയലേലകളിലെ വെള്ളകെട്ടുകളിലും കാണുന്ന ആമ്പൽ പൂവിന്റെ ഉൾഭാഗമാണ്. വളരെ അടുത്ത് ചെന്നുനോക്കിയാൽ ഇത് വ്യക്തമായി കാണാം. കൃത്യമായി പറഞ്ഞാൽ വിടർന്നു നിൽക്കുന്ന പൂവിന്റെ ഉള്ളിൽ നാരുപോലെ കാണുന്ന സ്റ്റേമന്റെ മാക്രോ ഷോട്ടാണിത്.