വേമ്പനാട് കായൽ, പമ്പാനദി എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന പച്ച പ്പട്ടണിഞ്ഞ മനോഹര ഗ്രാമമാണ് കാവാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലാണ് കാവാലം ഗ്രാമം സ്ഥിതി ചെയ്യുന്നതെങ്കിലും കോട്ടയം ജില്ലയോട് ചേർന്ന് കിടക്കുന്ന സ്ഥലവുമാണ്.
നോക്കെത്താദൂരത്ത് പരന്ന് കിടക്കുന്ന വയലുകളും തെങ്ങിൻ തോപ്പുകളും ചെറിയ തുരുത്തുകളും അവയിലൂടെ ഒഴുകി വരുന്ന ചെറിയ തോടുകളുമെല്ലാം ചേർന്ന് കുട്ടനാടൻ കാഴ്ചയുടെ നേർചിത്രം കാണാൻ പറ്റും. വിശാലമായ നെൽവയലുകളുടെ നടുവിലൂടെ നിവർന്ന് കിടക്കുന്ന റോഡും മനോഹരമായ കാഴ്ചയാണ്. കാവാലം പഞ്ചായത്ത് ജംഗ്ഷന് സമീപമുള്ള മൂലേശേരി സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. റോഡുകൾ സജീവമാകുന്നതിന് മുൻപ് കുട്ടനാട്ടിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു കാവാലം മൂലേശേരി. പമ്പാ നദിയിലേക്ക് ഒഴുകിയെത്തുന്ന പുത്തൻ തോടിന്റെ ഇരുകരകളിലുമുള്ള വ്യാപാര സ്ഥാപനങ്ങൾ സജീവമായിരുന്ന കാലമുണ്ടായിരുന്നു. കോട്ടയം,ചങ്ങനാശേരി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ കാവാലം ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവീസുകൾ മാത്രമായിരുന്നു പണ്ട് ജനങ്ങൾക്ക് ആശ്രയം.ഇപ്പോൾ ചങ്ങനാശേരിയിൽ നിന്ന് തുരുത്തി വഴി റോഡ് മാർഗം കാവാലത്തെത്താൻ 13 കീലോമീറ്ററെയുള്ളു.