അനാഥാലയത്തിൽ കുടുംബത്തിനൊപ്പം എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച സംവിധായകൻ കെ.ജി.ജോർജ് ആരും നോക്കാനില്ലാതെ മറവിരോഗം ബാധിച്ച് കഴിയുന്നുവെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലൂടെ മുമ്പ്പ്രചരിച്ചിരുന്നത്.
എന്താണ് ഇതിലെ സത്യാവസ്ഥ? മലയാള സിനിമാ ചരിത്രത്തിലെ മികച്ച സംവിധായകരിലൊരാളായ കെ.ജി. ജോർജ് യഥാർത്ഥ വസ്തുത വെളിപ്പെടുത്തുന്നു......
ഈ കുഞ്ഞൻ മുറിയിൽ എല്ലാ ദിവസവും സിനിമ ഒാടുന്നുണ്ട്. സിനിമ കറുപ്പിലും വെളുപ്പിലും ഒാടിയ കാലത്ത് തന്റെ കന്നി ചിത്രം മലയാളത്തിന് സമ്മാനിച്ച സംവിധായകൻ ഇവിടെ പ്രേക്ഷകനായി ഇരിക്കുന്നു.ദിനചര്യയായ സിനിമ കാണലിന് മാത്രം ഇതേവരെ മുടക്കമില്ല. ഉച്ചയ്ക്ക് ഒന്നിന് പ്രദർശനം ആരംഭിക്കും. ഒരു പ്രത്യേകതകൂടിയുണ്ട്. മലയാള സിനിമയ്ക്ക് മാത്രമാണ് പ്രവേശം. മറ്റൊരു ഭാഷയിൽ തന്റെ സിനിമയെ സംസാരിപ്പിക്കാതെ സ്വപ്നാടനത്തിൽ നിന്നാരംഭിച്ച ചലച്ചിത്ര മേള ഇലവങ്കോടുദേശത്ത് നിൽക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്. നീണ്ട കാല മൗനത്തെയും കുപ്രചാരണങ്ങളെയും ഭേദിച്ച് നട്ടുച്ച നേരത്ത് കെ. ജി. ജോർജ് എന്ന മലയാളത്തിന്റെ പ്രതിഭാധനനായ സംവിധായകൻ തന്റെ സിനിമാമുറിയിലിരുന്ന് വെളുത്ത ഫ്രഞ്ച് താടി തടവി മിണ്ടിത്തുടങ്ങി.
ജീവിതമൊരു സ്വപ്നാടനം
'' ജീവിതം ഒരു സ്വപ്നാടനം തന്നെയാണ്. എല്ലാവരും അവരവരുടെ ജീവിതത്തിൽ ആടിത്തീർക്കുന്നു. സ്വപ്നാടനത്തിൽ നിന്നു ആരംഭിച്ചതാണ് സിനിമാ ജീവിതം. സിനിമയെക്കുറിച്ചു മാത്രമാണ് ഇപ്പോഴും ചിന്ത. അതു മാത്രമാണ് മനസ് നിറയെ. ആഗ്രഹിച്ച സിനിമകളാണ് സംവിധാനം ചെയ്തത്. എന്റെ എളിയ സംഭാവന സിനിമയ്ക്ക് നൽകാൻ കഴിഞ്ഞുവെന്ന് ബോദ്ധ്യമുണ്ട്. 'ഇലവങ്കോട് ദേശം"ഉദ്ദേശിച്ചതുപോലെ വന്നില്ല .അപ്പോൾ മടുപ്പ് തോന്നി. വെറുതേ സിനിമ ചെയ്തിട്ട് കാര്യമില്ല. സിനിമ ചെയ്യാനുള്ള ആഗ്രഹം ഉള്ളിൽനിന്നു പോയി. അതോടെ നിറുത്തി. മനസ് നിറയെ സിനിമയുണ്ടെങ്കിലും ഇനി ഒരിക്കലും ചെയ്യാൻ കഴിയില്ലെന്ന് അറിയാം.'' ജീവിതത്തിന്റെ അവസ്ഥകളിലും വാർദ്ധക്യത്തിൽപ്പെട്ടവർക്ക് കരുതലിന്റെ തണലൊരുക്കുന്ന കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ രണ്ടാം നിലയിലെ 201 -ാം മുറിയിൽ എപ്പോഴും അലയടിക്കുന്ന സിനിമാ വിശേഷം കേൾക്കാൻ അപ്പോൾ കാറ്റ് അനുവാദം ചോദിക്കാതെ ഒാടിക്കയറി. ഫിസിയോ തെറാപ്പിയുടെ ഭാഗമായി ഒരു വർഷമായി കെ. ജി. ജോർജ് ഇവിടെയാണ് താമസം. ഇടയ്ക്ക് വീട്ടിൽ പോവും. ദിവസവും തെറാപ്പി ചികിത്സയുണ്ട്.'' എനിക്ക് മറവിരോഗം ബാധിച്ചെന്ന് പ്രചാരണമുണ്ടായി.വലതുകാലിന് പക്ഷാഘാതം പിടിപെട്ടിരുന്നു. അതിനാൽ സംസാരിക്കുമ്പോൾ ചില വാക്കുകൾ നാവിൽ വരില്ല.സംസാരിക്കാൻ അപ്പോൾ തടസം നേരിടും. പക്ഷാഘാതം പിടിപെട്ടശേഷം വാക്കറിന്റെ സഹായത്തോടെയാണ് നടത്തം. വയസ് എഴുപത്തിയഞ്ചായി. ഇപ്പോൾ പുതിയൊരു വിളിപ്പേരും കിട്ടി: ജോർജപ്പൻ.
സംതൃപ്തൻ
ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്. എന്നും സുഖകരമാണ് ജീവിതം.''ഒരു വലിയ ചിരിയിൽ കെ.ജി. ജോർജ് പറഞ്ഞപ്പോൾ ഒാർമ്മകൾ തിരുവല്ലയ്ക്ക് വണ്ടികയറി. അടുത്ത നിമിഷം കുളക്കാട്ടിൽ ഗീവർഗീസ് ജോർജായി. എസ്. സി.എസ് സ്കൂളിൽ പഠിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളുടെ ബാനറും ബോർഡും എഴുതിയും ലോറിയിൽ ചിത്രം വരച്ചും പണം കണ്ടെത്തിയ വിദ്യാർത്ഥിയുടെ മനസുമായി അപ്പോൾ നിന്നു . '' തിരുവല്ല സി.വി. എം തിയേറ്ററിലും ദീപ തിയേറ്ററിലും വന്ന സിനിമകളാണ് ചലച്ചിത്രകാരനാവാൻ വിത്തുപാകിയത്. അങ്ങനെ സിനിമയോട് അഭിനിവേശം തുടങ്ങി. ചങ്ങനാശേരി എൻ .എസ്. എസ് കോളേജിലായിരുന്നു ഡിഗ്രി പഠനം.തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സിനിമ സംവിധായകനാവുക എന്ന ആഗ്രഹം എപ്പോഴാണ് മനസിൽ കയറിക്കൂടിയതെന്ന് അറിയില്ല.
പൂനെയിലെ പഠനം
പൂനെയിൽ പഠിക്കാൻ പോവുന്നതിനോട് വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു. ചെറുപ്പത്തിൽത്തന്നെ സ്വന്തമായി വരുമാനം കണ്ടെത്താൻ തുടങ്ങിയത് അപ്പനെയും അമ്മയെയും സന്തോഷിപ്പിച്ചു. എവിടെ പോയാലും ഞാൻ ജീവിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. എനിക്ക് മുൻപേ ജോൺശങ്കരമംഗലവും അടൂർ ഗോപാലകൃഷ്ണനും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സന്തതികളാണ്. രണ്ടു പേരും എനിക്ക് പ്രചോദനം പകർന്നു.
കാര്യാട്ടിനൊപ്പം
പഠനം കഴിഞ്ഞു രാമു കാര്യാട്ടിന്റെ ശിഷ്യനായി. നെല്ല് സിനിമയുടെ ഭാഗമായി. അധികം വൈകാതെ സ്വപ്നാടനം. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 24 വയസാണ്. ഒന്നര ലക്ഷം രൂപയായിരുന്നു ബഡ് ജറ്റ്. എനിക്ക് കിട്ടിയ ചെറിയ പ്രതിഫലത്തിൽ തൃപ്തനായിരുന്നു. സ്വപ്നാടനം ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമയാണ്. അന്തരിച്ച നടി റാണിചന്ദ്രയായിരുന്നു നായിക. റാണിചന്ദ്രയുടെ ആദ്യ സിനിമയിലൊന്നാണ് സ്വപ്നാടനം. രാമചന്ദ്രബാബുവാണ് കാമറ. ഞാൻ ഒടുവിൽ സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ കാമറയും രാമചന്ദ്രബാബുവായിരുന്നു. സ്വപ്നാടനത്തിൽ ശ്രദ്ധേയമായ വേഷത്തിൽ മല്ലിക സുകുമാരൻ അഭിനയിച്ചിരുന്നു. കിടപ്പുരോഗികൾ ഉൾപ്പെടെ ഇവിടെ ഇരുപത്തിയഞ്ചു പേരുണ്ട്. ഞാൻ ഇപ്പോൾ വേറൊരു ലോകത്താണെന്ന തോന്നൽ അനുഭവപ്പെടുന്നില്ല.ഒാരോ നിമിഷവും സന്തോഷം പകരുന്നു.
യവനിക
മലയാളത്തിലെ ആദ്യ ന്യൂ ജനറേഷൻ സിനിമയാണ് യവനികയെന്ന് വിശേഷിപ്പിക്കുന്നുവരുണ്ട്. ന്യൂ ജനറേഷൻ സിനിമയെക്കുറിച്ചാണ് ഇപ്പോൾ കേൾക്കുന്നത് മുഴുവൻ. എന്നാൽ ഇതിൽ ഏതാണ് ന്യൂജനറേഷൻ സിനിമയെന്ന് വിലയിരുത്താൻ കഴിയുന്നില്ല. എന്നാൽ യവനിക ഇപ്പോഴും സംസാരിക്കുന്നു. മമ്മൂട്ടിയുടെ ഈരാളി എന്ന പൊലീസ് വേഷം ഇടയ്ക്ക് വന്നു ഒാർമ്മപ്പെടുത്തുന്നു. കണ്ട് അടുത്ത ദിവസം മറന്നുപോവുന്നതാണ് ഇപ്പോഴത്തെ ന്യൂജനറേഷൻ സിനിമ. അപ്പോൾ ഫിസിയോ തെറാപ്പി ചെയ്യാൻ തെറാപ്പിസ്റ്റ് ഹരിയും സഹായത്തിന് ജൂബി നഴ്സും എത്തി. സിനിമയിൽ മുഴുകി ഇരിപ്പാണ് ജോർജപ്പൻ.
'' ജോർജപ്പൻ ഇതിന് മുൻപ് കണ്ട സിനിമ ഏതാണ് ?"" ജൂബി നഴ്സിന്റെ ചോദ്യം.
'' ഹോളിവുഡ് സിനിമ ജോക്കർ.ചെന്നൈയിലെ തിയേറ്ററിൽ മകൾ താരയോടൊപ്പമാണ് കണ്ടത്. "" ജോർജപ്പൻ ആവേശത്തിലായി.
'' അപ്പോൾ ആദ്യം കണ്ടതോ?"" വീണ്ടും ജൂബി നഴ്സിന്റെ ചോദ്യം.
''തമിഴ് സിനിമ ചന്ദ്രലേഖ "". ഉത്തരം ഉടൻ വന്നു. ''ആ സിനിമയിലെ സീനുകൾ പോലും ഒാർക്കുന്നുണ്ട്. നാലു പതിറ്റാണ്ട് സിനിമാക്കാരനായി ജീവിക്കാൻ കഴിയുന്നതു തന്നെ മഹാഭാഗ്യമായി കരുതുന്നു. അന്യഭാഷയിൽ സിനിമ ചെയ്യാൻ ആഗ്രഹിച്ചില്ല. അവസരം വന്നതുമില്ല. ഇവിടെ സിനിമ ചെയ്യുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റെങ്ങും കിട്ടില്ല. ഇരകളിലൂടെ ഗണേഷ് കുമാറിനെ സിനിമയിലേക്ക് കൊണ്ടുവന്നു. ആ കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ പുതിയ ഒരു മുഖം വേണമെന്ന് തോന്നി. ഗണേഷ് കുമാർ നല്ല നടനാണ്. അയാളെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.സിനിമയാണ് എല്ലാം തന്നത്. പ്രശസ്തിയും പ്രേക്ഷകരുടെ അംഗീകാരവും എല്ലാം. ആ വാങ്ങൽ തുടരുക തന്നെ ചെയ്യും. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലോ മറ്റെവിടെങ്കിലോ പഠിച്ചവരും പഠിക്കുന്നവരും ഇപ്പോഴും എന്നെക്കുറിച്ച് സംസാരിക്കുന്നു. അത് എനിക്ക് കിട്ടുന്ന അംഗീകാരമാണ്.അധികം ആർക്കും ലഭിക്കാത്ത അപൂർവത. സിനിമ പണം സമ്പാദിക്കാൻ വേണ്ടി മാത്രമുള്ള ഉപാധിയല്ല. ഒരു മോഹൻലാൽ സിനിമ മാത്രം നടക്കാതെ പോയി.
മോഹൻലാലിനെവച്ച് 'കാമമോഹിതം"ആലോചിച്ചെങ്കിലും നടന്നില്ല. അത് എന്റെ സ്വപ്ന പ്രോജക്ടായിരുന്നു.സ്വപ്നം നടക്കാതെ പോയതിനു പിന്നിൽ എന്റെ കഴിവുകേടായിരിക്കും.നിർമ്മാതാവിനെ സംരക്ഷിച്ചു കൊണ്ടാണ് സിനിമയെ സമീപിച്ചത്.അത്തരമൊരു ചിന്താധാര നിലനിറുത്താൻ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ഒട്ടുമിക്ക സിനിമയും നിർമ്മാതാവിന് ലാഭം നൽകി. മഹാനഗരം എന്ന സിനിമയുടെ നിർമ്മാതാവുമായി.നായകനായി അഭിനയിച്ചത് മമ്മൂട്ടി. ടി. കെ.രാജീവ് കുമാറായിരുന്നു സംവിധായകൻ. ഞാൻ സംവിധാനം ചെയ്ത ഇരകൾ നിർമ്മിച്ചത് നടൻ സുകുമാരനായിരുന്നു. അതൊരു കാലമായിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാവിന് വിലയില്ല. സിനിമയുടെ നിലവാരം താണു. സാഹിത്യ സൃഷ്ടികൾ സിനിമയാവുന്നില്ല. മലയാളത്തിലെ പ്രതിഭാധനരായ സാഹിത്യകാരന്മാരുടെ രചനയിലാണ് ഞാൻ സിനിമകൾ ചെയ്തത്.എന്റെ രീതിയിൽ അത് മാറ്റി എഴുതും.അത് എന്റെ സ്വഭാവമായിരുന്നു. ഇനി അല്പം നടക്കാം."" താടി ചെറുതനേ തടവി കെ. ജി. ജോർജ് എഴുന്നേറ്റു. വാക്കറിന്റെ സഹായത്തോടെ മുറി വിട്ടു പുറത്തേക്ക്. സമീപ മുറിയിലെ സ്നേഹ മുഖങ്ങളെല്ലാം ഉറക്കത്തിൽ.പിന്നെ രണ്ടാം നിലയിൽ നിന്ന് കാഴ്ചകൾ കണ്ടു .നല്ല ഒരു ഫ്രെയിം കണ്ട പോലെ മുഖം തെളിഞ്ഞു.
വിഷാദവും വിരഹവും നിറഞ്ഞ 'ഉൾക്കടലി"ലെ രാഹുലൻ മലയാളത്തിലെ കാമുക സങ്കല്പത്തിന്റെ പരിച്ഛേദമായിരുന്നു. ഒരു കുള്ളനെ നായകനാക്കി 'മേള". പകരം വയ്ക്കാനില്ലാത്ത 'യവനിക". സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ 'ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്". മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായ 'ആദാമിന്റെ വാരിയെല്ല്". അത് കെ.ജി ജോർജ് സിനിമയുടെ തോരോട്ട കാലമായിരുന്നു. ചിന്തയിൽ നിന്ന് ഉണർന്നു കെ.ജി. ജോർജ് മടങ്ങി വന്നു. '' തിരുത്തിയ തിരക്കഥയിലെ എന്റെ സിനിമകളാണ് പ്രേക്ഷകർ കണ്ടത്.തിരക്കഥ തിരുത്തുന്നത് സന്തോഷം പകരുന്ന കാര്യമാണ് . ഒരു കഥ കിട്ടിയാൽ ,അത് തിരക്കഥയായി മാറ്റുക കഴിവാണ്. അപ്പോൾ നല്ല തിരക്കഥ ഒരുക്കുക കഴിവു തന്നെയാണ്.എന്നാൽ സിനിമയുടെ വിജയത്തിന് രസക്കൂട്ട് ചേർത്തില്ല.
'' ഇവിടെ എല്ലാത്തിനും സമയമുണ്ട്. രാവിലെ ആറിന് ബെഡ് കോഫി. 8.30ന് പ്രഭാത ഭക്ഷണം .12 മുതൽ ഉച്ചയൂണ്. രാത്രി ഭക്ഷണം എട്ടിന്. എല്ലാ ദിവസവും നോൺ വെജ്. ആഴ്ചയിലൊരു ദിവസം ബിരിയാണി. ഞങ്ങൾ ഇരുപത്തിയഞ്ചുപേരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എനിക്കു ഇത് വീടു തന്നെയാണ്.ചെറുപ്പം മുതൽ വീട്ടിൽ നിന്ന് മാറി താമസിച്ചു. അതിനാൽ മാറിനിൽക്കുന്നെന്ന തോന്നൽ അനുഭവപ്പെടുന്നില്ല. സങ്കടവുമില്ല."" അപ്പോൾ ജോർജപ്പാ എന്ന നീട്ടി വിളി വീണു. വിളിച്ചത് മേനോൻ അപ്പനും സൂസന്നാമ്മയും.അഞ്ചു മണിക്ക് സ്നേഹ ഭവനത്തിന് മുന്നിലെ പുൽത്തകിടിയിൽ ഒത്തുചേരലുണ്ട്. ജോർജപ്പനും മേനോനപ്പനും സൂസന്നാമ്മയും വരുമ്പോൾ പുൽത്തകിടിയിലെ കസേരയിൽ ബാലനപ്പനും സീതമ്മയും കുമാരി അമ്മയും തങ്കമ്മച്ചിയും ലാസറപ്പനും നീലും കാത്തിരിപ്പുണ്ട്. കൂട്ടത്തിൽ പ്രായക്കുറവുകാരനാണ് നീൽ. അകക്കണ്ണിന്റെ വെളിച്ചത്തിൽ നീൽ എല്ലാം കാണുന്നുണ്ട്.''ജോർജപ്പനെ കണ്ടാൽ മനഃശാസ്ത്രജ്ഞനെ പോലെയുണ്ട്?" സൂസന്നാമ്മ പറഞ്ഞു.
അപ്പോൾ ജോർജപ്പൻ നിറഞ്ഞു ചിരിച്ചു. '' സ്വപ്നാടനം മുതൽ എന്റെ ഒട്ടുമിക്ക സിനിമയിലും ഉള്ള ഘടകമാണ് മനഃശാസ്ത്രം. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ മനഃശാസ്ത്രത്തിന്റെ അംശം ഉള്ളിൽ പ്രവേശിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏതു കാര്യത്തെയും ഒരു മനഃശാസ്ത്രജ്ഞനെ പോലെ സമീപിക്കുന്നതാണ് എന്റെ രീതി. അതു സിനിമയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്റെ എല്ലാ സിനിമയും സൈക്കോളജിക്കലാണ്. എന്നാൽ ബോധപൂർവം അതിന് ശ്രമം നടത്തിയില്ല. സൈക്കോ ഡ്രാമയായിരുന്നു സ്വപ്നാടനം. ഈ കണ്ണി കൂടി എന്ന സിനിമയിൽ മനഃശാസ്ത്രത്തിന്റെ തലം അല്പം ഉയർന്ന തോതിലുണ്ട്.മനുഷ്യ മനസിനെ പഠനവിധേയമാക്കാൻ സിനിമയിലൂടെ കഴിഞ്ഞെന്നാണ് കരുതുന്നത്. മനഃശാസ്ത്രജ്ഞന്റെ താടി എന്റെയും മാസ്റ്റർപീസായി വന്നു ചേർന്നു.അതു ഉപേക്ഷിക്കാൻ മനസ് വരുന്നില്ല. ""
സ്വപ്നാടനത്തിലെ ഗോപിയും ഇരകളിലെ ബേബിയും ആദാമിന്റെ വാരിയെല്ലിലെ ആലീസും വാസന്തിയും പഞ്ചവടിപ്പാലത്തിലെ ദുശാസനക്കുറുപ്പും മണ്ഡോധരിയുമെല്ലാം ഇപ്പോഴും നമ്മുക്ക് മുന്നിൽ ജീവിച്ചിരിപ്പുണ്ട്.