who
WHO

ന്യൂയോർക്ക്​: കൊവിഡ്​-19നെ പ്രതിരോധിക്കാൻ മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്​സി ക്ലോറോക്വിൻ ഉപയോഗിക്കുന്നതിന്​ ലോ​കാരോഗ്യസംഘടന

താത്ക്കാലികമായി വിലക്ക് ഏർപ്പെടുത്തി. വിവിധ രാജ്യങ്ങൾ ഫലപ്രദമല്ലെന്ന് ഉറപ്പില്ലാതിരുന്നിട്ടും വ്യാപകമായി ഈ മരുന്നുപയോഗിക്കുന്നതിനെത്തുടർന്നാണ്

തീരുമാനമെന്ന് ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ്​ അദാനോം ഗെബ്രിയേസുസ്​ പറഞ്ഞു.

കൊവിഡ്​ പ്രതിരോധ മരുന്നായി ദിവസേന ഹൈഡ്രോക്​സിക്ലോറോക്വിൻ ഉപയോഗിക്കുന്നുണ്ടെന്ന യു.എസ്​ പ്രസിഡന്റ്​ ഡോണാൾഡ്​ ട്രംപി​​ന്റെ വെളിപ്പെടുത്തലിനു പിന്നാലെ, കൊവിഡ്​ രോഗികളിൽ ഈ മരുന്നുപയോഗം മരണസാദ്ധ്യത കൂട്ടുമെന്ന്​ ലാൻസറ്റ്​ ജേണലിന്റെ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു. സുരക്ഷിതമല്ലെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പു പോലും അവഗണിച്ചായിരുന്നു ട്രംപി​ന്റെ മരുന്നുപയോഗം.

നേരത്തേയും പരീക്ഷണങ്ങൾക്കല്ലാതെ കൊവിഡ്​ രോഗികളിൽ ഈ മരുന്ന്​ ഉപയോഗിക്കുന്നതിൽ ലോകാരോഗ്യസംഘടന എതിർപ്പു പ്രകടിപ്പിച്ചിരുന്നു . അതിനിടെ, രോഗവ്യാപനത്തി​​ന്റെ നിർണായക ഘട്ടത്തിലാണ്​ ലോകമെന്നും ഉടൻ തന്നെ കൊവിഡി​​ന്റെ രണ്ടാംഘട്ടവ്യാപനവും ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം മേധാവി മൈക്​ റയാൻ മുന്നറിയിപ്പു നൽകി. കൊവിഡ്​-19​​ന്റെ ഉറവിടത്തെ കുറിച്ച്​ ചൈനീസ്​ അധികൃതരുമായി ചർച്ച നടത്തിയതായും എന്നാൽ ശാസ്​​ത്രീയ അന്വേഷണം നടത്തുന്നത്​ എപ്പോഴാണെന്ന്​ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് രോഗികൾ 56 ലക്ഷം കടന്നു

വാഷിംഗ്ടൺ: ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു.മൂന്നര ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 23 ലക്ഷം പേ‌ർ രോഗവിമുക്തരായി. അമേരിക്കയും ബ്രസീലും റഷ്യയുമാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ.അമേരിക്കയിൽ മരണം ഒരു ലക്ഷമാകാറായി. അതേസമയം രാജ്യത്തിന്റെ നിലനിൽപ്പ് അപകടത്തിലായിട്ടും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രാധാന്യം നൽകുന്നത് നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനാണെന്ന് ആരോപണമുണ്ട്. ട്രംപിന്റെ നടപടികൾക്കെതിരെ കർശന വിമർശനമാണ് ഉയരുന്നത്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീൽ പ്രതിദിന മരണസംഖ്യയിൽ അമേരിക്കയേക്കാൾ മുന്നിലെത്തിയതായി റിപ്പോർട്ട്. അമേരിക്കയിൽ 500ന് മുകളിലും ബ്രസീലിൽ 800ന് മുകളിലുമാണ് പ്രതിദിന മരണം .റഷ്യയിൽ ഇന്നലെയും 8000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന മരണം 174 ആയി. ആകെ മരണം - 3,807. രോഗികൾ - 3,62,342.  രാജ്യങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തുടങ്ങിയതോടെ രണ്ടാംഘട്ട വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.  സ്പെയിനിലെ ആകെ കൊവിഡ് മരണത്തിൽ, ചിലത് രണ്ട് തവണ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചില മരണങ്ങൾ കൊവിഡ് മൂലം സംഭവിച്ചതല്ലെന്നും റിപ്പോർട്ട്.  ഹോങ്കോംഗിൽ കരോക്കേ പാർലറുകൾ, നൈറ്റ് ക്ലബ്ബുകൾ, ബാത്ത് ഹൗസുകൾ എന്നിവ ഉടൻ തുറക്കും.  ജർമ്മനിയിൽ സാമൂഹിക അകല നിയമങ്ങൾ ജൂൺ 29 വരെ നീട്ടി.  യു.എസ് ബയോടെക് കമ്പനി നോവവാക്സ് ആദ്യഘട്ട കൊവിഡ് വാക്സിൻ പരീക്ഷണം ആസ്ട്രേലിയയിൽ ആരംഭിച്ചു.